അബൂദാബി ദുബായ്

മാർപ്പാപ്പയിൽ നിന്ന് പിറന്നാൾ സമ്മാനം: ഫാ. മൈക്കിൾ കാർഡോസിന് ഇത് പുണ്യവർഷം

ദുബായ് സെൻറ് മേരീസ് ചർച്ചിലെ ഉപവികാരി ഫാ.മൈക്കിൾ കാർഡോസിനാണ് തന്റെ ജന്മദിനത്തിൽ, ഫ്രാൻസിസ് മാർപ്പാപ്പയുടെ കൈയിൽ നിന്ന് അപ്രതീക്ഷിതമായി പിറന്നാൾ സമ്മാനം ലഭിച്ചത്.

ഫെബ്രുവരി അഞ്ചിന് അബുദാബി സായിദ് സ്പോർട്സ് സിറ്റിയിൽ നടന്ന കുര്ബാനയ്ക്കിടയിൽ നടന്ന കൂടിക്കാഴ്ചയിൽ വച്ചാണ് ഫാ.മൈക്കിൾ കാർഡോസിന് മാർപ്പാപ്പ പിറന്നാൾ സമ്മാനമായി മെഡൽ സമ്മാനിച്ചത്.

മാർപ്പാപ്പ മുഖ്യകാർമ്മികത്വം വഹിച്ച കുർബ്ബാനയ്ക്കിടയിൽ, ഫാ.മൈക്കിൾ കാർഡോസടക്കം തെരഞ്ഞെടുക്കപ്പെട്ട പതിനാല് പുരോഹിതർക്ക് ഫ്രാൻസിസ് മാർപ്പാപ്പ ജപമാലകൾ സമ്മാനിച്ചിരുന്നു. മാർപ്പാപ്പയെ നേരിട്ടുകാണാനും ജപമാല സ്വീകരിക്കാനും കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ നിന്ന് മുക്തനാകുന്നതിന് മുമ്പാണ് ഫാ.മൈക്കിൾ കാർഡോസിന് തന്റെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ജന്മദിനസമ്മാനം മാർപ്പാപ്പയിൽ നിന്ന് ലഭിക്കുന്നത്.

ഒരാഴ്ച മുമ്പ് മാത്രമാണ് മാർപ്പാപ്പയുടെ യു.എ.ഇ.യിലെ പരിപാടികളുടെ ചുമതലക്കാരിലൊരാളായ ബിഷപ് പോൾ ഹിൻഡർ ഫാ.മൈക്കിൾ കാർഡോസിനെ സമീപിച്ച്, മാർപ്പാപ്പയെ നേരിട്ടുകാണുന്ന പുരോഹിതസംഘത്തിൽ അംഗമാക്കിയ വിവരം അറിയിച്ചത്. തന്റെ ലോകാരാധ്യനായ മഹാ ഇടയനെ നേരിട്ടുകാണാൻ കഴിയുന്നതിന്റെ സന്തോഷത്തിൽ മാർപ്പാപ്പയുടെ സവിധത്തിലെത്തിയ ഫാ.മൈക്കിൾ കാർഡോസിനെ കാത്തിരുന്നത് തന്റെ പ്രേഷിതജീവിതത്തിൽ ലഭിക്കാവുന്ന ഏറ്റവും ദിവ്യമായ സമ്മാനവും സമ്മാനദാതാവുമായിരുന്നു.

റിപ്പോർട്ട്‌ : പ്രശാന്ത് ബാലചന്ദ്രൻ