അന്തർദേശീയം ദുബായ്

യുഎഇ സ്വാത് ചലഞ്ച്: പോലീസ് സേനകളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള മത്സരം ദുബായിൽ

ദുബായ് അൽ റുവയ്യ ട്രെയിനിങ് സിറ്റിയിൽ ഈ മാസം 10 മുതൽ 14 വരെയാണ് യു.എ.ഇ സ്വാത് ചാലഞ്ച് എന്ന പേരിലുള്ള ഈ മത്സരം. 50 രാജ്യങ്ങളിൽ നിന്നുള്ള 60 ടീമുകളാണ് മത്സരത്തിനെത്തുന്നതെന്ന് ദുബായ് പോലീസിന്റെ കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ഖലീഫ അൽ മാരി പത്രസമ്മേളനത്തിൽ അറിയിച്ചു. നിത്യവും രാവിലെ എട്ടു മുതൽ വൈകീട്ട് നാലുവരെയാണ് മത്സരങ്ങൾ അരങ്ങേറുന്നത്.  ഇതുവരെ രാജ്യത്തെ പോലീസ് സേനകൾക്കു മാത്രമായി ഇത്തരം മത്സരം നടത്തിയിരുന്നുവെങ്കിൽ ഇനി മുതൽ എല്ലാ വർഷവും സ്വാത് ചാലഞ്ച് മത്സരം നടക്കുമെന്ന് മേളയുടെ ജനറൽ കോ-ഓർഡിനേറ്റർ കേണൽ ഒബൈദ് ബിൻ യറൗഫ് വിശദീകരിച്ചു.

സേനാംഗങ്ങളുടെ കഴിവുകൾ, ഉത്സാഹം, ആവേശം, സംഘശക്തി, വേഗം എന്നിങ്ങനെ വിവിധ മേഖലകളിലെ പരിശോധനകളാണ് നടക്കുക. മേളയിൽ പങ്കെടുക്കുന്നതിനായി വിദേശ ടീമുകൾ മിക്കതും എത്തി. അവർ ഇപ്പോൾ കർശനമായ പരിശീലനവും തുടങ്ങി. അക്രമികളിൽ നിന്ന് ബന്ദികളാക്കപ്പെട്ടവരെ രക്ഷിക്കൽ, പരിക്കേറ്റവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റൽ, ഉയർന്ന കെട്ടിടങ്ങളിലെ രക്ഷാപ്രവർത്തനം എന്നിങ്ങനെയുള്ള ഇനങ്ങൾ പ്രദർശിപ്പിക്കും. ഓരോ രാജ്യത്തെയും സേനാംഗങ്ങൾ ഇത്തരം ഘട്ടങ്ങളിൽ കാണിക്കുന്ന കാര്യക്ഷമത മറ്റു സേനകൾക്കു കൂടി പിന്തുടരാൻ അവസരം നൽകുന്നതാണ് സ്വാത് ചാലഞ്ചിന്റെ പ്രധാന പ്രയോജനമെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാനമായും അഞ്ചിനങ്ങളിലായാണ് മത്സരങ്ങൾ. 1.70 ലക്ഷം ഡോളറാണ് ചാമ്പ്യൻഷിപ്പിന്റെ മൊത്തം സമ്മാനത്തുക.

യു.എ.ഇ.യിൽനിന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ച് എട്ടു ടീമുകൾ പങ്കെടുക്കും. മത്സരം കാണാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. സന്ദർശകർക്കായും പ്രത്യേക മത്സരങ്ങളുണ്ടാവും. മത്സര വേദിക്കടുത്തായി സജ്ജീകരിച്ച പൈതൃകഗ്രാമത്തിൽ യു.എ.ഇ.യുടെ സാംസ്കാരിക പൈതൃകവും അനുഭവിക്കാൻ സന്ദർശകർക്ക് സൗകര്യമുണ്ട്.