ദുബായ്

തുഷാർ – നാസിൽ സംഭവത്തിൽ കൃത്യവിവരങ്ങൾ അറിയാൻ ഒരു പഠനം….

എന്താണ് യഥാർത്ഥത്തിൽ തുഷാർ വെള്ളാപ്പള്ളി – നാസിൽ അബ്ദുള്ള സംഭവത്തിൽ നടന്നത്? 

തുഷാർ തന്റെ സബ് കോൺട്രാക്ടർ ആയിരുന്ന നാസിൽ അബ്ദുള്ളയ്‌ക്ക് പഴയ ഇടപാടിന്റെ പേരിൽ കാശ് കൊടുക്കാനുണ്ട്. പല രീതിയിൽ ആവശ്യപ്പെട്ടിട്ടും നൽകിയില്ല . കിട്ടും കിട്ടും എന്ന് കരുതി കാത്തിരുന്ന നാസിൽ മറ്റ് കടക്കാരുടെ ബുദ്ധിമുട്ടിനെ തുടർന്ന് പല ഘട്ടങ്ങളിലായി യുഎ ഇ യിൽ ജയിലിലായി. കരാർ അനുസരിച്ചുള്ള വിശ്വാസം നാസിലിന് നഷ്ടമായി . തുഷാറിനെതിരെ നടപടിയെടുക്കാൻ നാസിൽ അവസരം കാത്തിരുന്നു. അത് കിട്ടി . കാവ്യനീതി നടപ്പിലാക്കാൻ ഓഗസ്റ്റ് മാസം വേദിയായി. തുഷാറിനെ ഒരു റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ പേരിൽ ദുബായിലേക്ക് വിളിച്ചു കൊണ്ടുവന്നശേഷം പെട്ടെന്ന് ചെക്ക് മടങ്ങിയതിന്റെ ക്രിമിനൽ കേസ് ഫയൽ ചെയ്‌ത്‌ CID മാരെ കൊണ്ട് പിടിപ്പിച്ച് ദുബായിൽ നിന്ന് കേസ് കൈകാര്യം ചെയ്യുന്ന അജ്മാനിൽ കൊണ്ടുവന്നു. തുഷാർ ഇരുട്ടിൽ. 9 മില്യൺ ദിർഹത്തിന്റെ ചെക്ക് ആണ് മടങ്ങിയതും കേസ് ആയതും. പോലീസ് സ്റ്റേഷനിൽ നിന്ന് പെട്ടെന്ന് ഊരിപ്പോകാൻ കഴിയില്ല. നാസിലിനെ സ്വാഭാവികമായും തുഷാറിന്റെ ആളുകൾ വിളിക്കും , അപേക്ഷിക്കും , കരയും. അത് ഇവിടെ നിത്യം നടക്കുന്ന രീതികൾ.

ഈ വ്യക്തിപരമായ സംഭാഷണങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഫലം കണ്ടില്ലെങ്കിൽ വേറെയും വഴികളുണ്ട് .കേസ് കോടതിയ്‌ക്ക് പുറത്തുവെച്ച് ഒത്തുതീർപ്പാക്കാൻ ആരോപണ വിധേയന് താല്പര്യം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാൽ രാജ്യം വിട്ടുള്ള യാത്രാസ്വാതന്ത്ര്യം വിലക്കിക്കൊണ്ട് , കോടതി പറയുന്ന തുക കെട്ടിവച്ചുകൊണ്ട് , പാസ്സ്പോർട് പിടിച്ചുവച്ചുകൊണ്ട് , ജാമ്യം നൽകുന്ന രീതി പല ഇസ്ലാമിക രാജ്യങ്ങളിലും നിലവിലുണ്ട് . നീതി നിർവഹണത്തിന് സ്വമേധയാ അവസരം നൽകുന്ന കീഴ്‌വഴക്കമാണിത്‌. ഒരു പരിധി വരെയുള്ള തുകയാണ് കേസിന് ആസ്പദമായതെങ്കിൽ ഇതൊക്കെ എളുപ്പത്തിൽ നടക്കും. ചെറിയ തുകയാണെങ്കിൽ വളരെ പെട്ടെന്ന് ജാമ്യം കിട്ടും . അതാത് ദിവസം തന്നെ ജാമ്യം കിട്ടുന്ന രീതികൾ പ്രാബല്യത്തിലുണ്ട് . പക്ഷെ ഇതിനുവേണ്ട പേപ്പർ വർക്കുകൾ തുടങ്ങുന്നത് വെളുപ്പാൻകാലത്തല്ലെങ്കിൽ ഭരണപരമായ കാലതാമസം കൊണ്ട് പിറ്റേന്ന് മാത്രമേ ജാമ്യം കിട്ടാൻ സാധ്യതയുള്ളൂ. ഇതൊന്നും പുതുമയല്ല . നിശ്ചിത കാലത്തേക്കാണ് ഈ ജാമ്യം . കേസ് ഒത്തുതീർപ്പായില്ലെങ്കിൽ ജാമ്യം പുതുക്കാനും വ്യവസ്ഥയുണ്ട്. ഒരു പരിധി കഴിഞ്ഞ തുകയാണെങ്കിൽ ജഡ്ജിയുടെ വിവേചനാധികാരം ഉപയോഗിച്ച് ജാമ്യം പുതുക്കാനോ നിരാകരിക്കാനോ വിചാരണയിലേക്ക് നീണ്ടു ശിക്ഷാവിധികളിലേക്ക് പോകുകയോ ചെയ്യും.

തുഷാർ ജയിലിൽ പോയതുകൊണ്ട് നാസിലിന്റെ പണം കിട്ടില്ല . ജയിലിൽ പോകാതെ പുറത്തുനിന്നാൽ നാസിലിനു കൊടുക്കാനുള്ള തുക എത്രയാണെന്ന് നോക്കി കൊടുക്കാൻ ശ്രമിക്കും എന്ന വാദം , രമ്യമായ പ്രശ്ന പരിഹാരം ആഗ്രഹിക്കുന്ന കോടതി ചെവിക്കൊള്ളും . തുഷാറിന് നന്നാകാൻ ഒരു നല്ല അവസരം എന്ന അർത്ഥത്തിൽ . തുഷാറിന് ഈ കേസിൽ അന്യായം തോന്നുന്ന പക്ഷം വാദങ്ങളും എതിർ വാദങ്ങളുമായി മുന്നോട്ടു പോകാം. തുഷാർ ഒന്നാമത്തെ വഴിയാണ് തെരഞ്ഞെടുത്തതെന്ന് മനസ്സിലാക്കണം നമ്മൾ. ഇത്തരം സന്ദർഭങ്ങളിൽ പെടുന്ന ആളുകൾ ജാതി , മതം , രാഷ്ട്രീയം , പ്രദേശം , വർഗം , വർണം , തണ്ടപ്പേർ , കുടുംബം , ഭൂഖണ്ഡം, ആൺ പെൺ വ്യത്യാസം തുടങ്ങിയതൊന്നും നോക്കാതെ ജാമ്യത്തുക സ്വരൂപിക്കാൻ കണ്ണിന്മുന്നിൽ വരുന്ന മുഴുവൻ പരിചയക്കാരെയും വിളിക്കും. തുഷാറിന്റെ ആളുകളും പിതാവ് വെള്ളാപ്പള്ളി നടേശൻ അടക്കമുള്ള സാമുദായിക നേതാക്കളും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഏർപ്പാടുകൾ പൂർത്തിയാക്കി ജാമ്യം ലഭിക്കാൻ ഏതാണ്ട് ഒരു ഡസനോളം ആളുകളെ വിളിക്കാൻ തുടങ്ങി. പലരും കെട്ടിവയ്‌ക്കാനുള്ള കാശുമായി രാജ്യത്തിൻറെ പല ദിക്കുകളിൽ നിന്ന് വരാനും തുടങ്ങി.

MA യൂസഫലിയുടെ പേര് ഈ സംഭവത്തിൽ എങ്ങനെ ?

തുഷാർ എന്നല്ല ഗൾഫിൽ ഏതൊരു മലയാളിക്കും ഒരു ആപത്തു വന്നാൽ ആദ്യം ഉള്ളിന്റെ ഉള്ളിൽ വരുന്ന ആശ്രയ നാമം യൂസുഫലി എന്നതാണല്ലോ. യൂസുഫലി രാജാക്കന്മാരുമായി നിൽക്കുന്ന ഫോട്ടോകണ്ടാൽ നമുക്ക് അങ്ങനെ തന്നെയാണ് തോന്നുക . പക്ഷെ ജഡ്ജിയുടെ മുന്നിൽ യൂസഫലിയും ഇല്ല , അംബാനിയുമില്ല , ബിൽ ഗേറ്റ്സ് ഉം ഇല്ല . നിയമത്തിന്റെ ഇഴകൾ മാത്രം. യുസുഫലിയ്‌ക്ക് പരിചയമുള്ളതും വളരെ അടുപ്പം സൂക്ഷിക്കുന്നതുമായ മുപ്പത്തി മുക്കോടി പ്രമുഖന്മാരിൽ ഒരാളാകും വെള്ളാപ്പള്ളി നടേശനെന്ന് നമ്മൾ സാധാരണക്കാർ തൽക്കാലം വിശ്വസിക്കൂ. കണിച്ചുകുളങ്ങരയിൽ നിന്ന് യൂസഫലിയുടെ സെക്രെട്ടറിമാരിൽ ഒരാൾക്ക് വിളി കിട്ടിയിട്ടുണ്ടാകും . നടേശന്റെ മകന് ഒരു കേസിൽ കോടതിയിൽ കെട്ടിവയ്ക്കാൻ പെട്ടെന്ന് കാശു കിട്ടാവുന്ന രീതിയിൽ കുറച്ചു സമയത്തേയ്‌ക് കടമായി ഒരു തുക വേണം എന്ന ആവശ്യം വന്നാൽ , സൗഹൃദം ആത്മാർത്ഥമാണെങ്കിൽ ആരും കൊടുക്കും. യൂസഫലി കൊടുത്തു. മറ്റ് പല ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയ പണത്തിന് മുന്നേ ആ കാശു കോടതിയുടെ ഖജനാവിൽ കെട്ടിവച്ചു ; നിമിഷ നേരത്തിൽ തുഷാർ ഉഷാറായി പുറത്തിറങ്ങി.

കഥാഗതി മാറുന്നത് എങ്ങനെ ?

തുഷാർ ഇത്ര വേഗതയിൽ പുറത്തിറങ്ങുമെന്ന് രാജ്യത്തിന് പുറത്തുള്ള , ഇവിടുത്തെ നിയമങ്ങൾ അധികം അറിയാത്ത ആളുകൾ കരുതിയിട്ടുണ്ടാവില്ല. നിയമങ്ങളുടെ ആനുകൂല്യവും ഇസ്ലാമിക് കോടതികളുടെ പ്രശ്ന പരിഹാര സമീപനവും തുഷാറിന് ഉദാരമായി മാറിയത് പ്രതീക്ഷിക്കാത്ത സംഭവമാണ് . കേസിനു കാരണമായ 9 മില്യൺ എന്ന തുക ഒരു പക്ഷെ 25 മില്ലിയന് മുകളിൽ ആയിരുന്നെങ്കിൽ തുഷാർ ഇങ്ങനെ പുറത്തിറങ്ങുക ഒരു പക്ഷെ എളുപ്പമായിരുന്നില്ല . നാസിലിൻറെ സത്യസന്ധത ഇവിടെ നമ്മൾ മനസിലാക്കണം . ഒപ്പിട്ട ബ്ലാങ്ക് ചെക്ക് കൈവശം ഉണ്ടായിരുന്നിട്ടും നാസിൽ തത്വ ദീക്ഷയോടെയാണ് തുക എഴുതിയതെന്നുവേണം കരുതാൻ . കിട്ടാനുള്ളതും അതിനുവേണ്ടി സഹിച്ച കഷ്ട നഷ്ടങ്ങളും കരാറിൽ നേരത്തെ എഴുതിവച്ചതെന്നു പറയപ്പെടുന്ന നഷ്ടപരിഹാര വ്യവസ്ഥകളും ഒക്കെ തലനാരിഴ കീറി പരിശോധിച്ച് നാസിൽ തനിക്ക് അർഹതപ്പെട്ടതെന്ന് തോന്നിയ തുക മാത്രമേ ബ്ലാങ്ക് ചെക്കിൽ എഴുതിയിട്ടുള്ളൂ . മനസ്സാക്ഷിയുള്ള പരാതിക്കാരനാണ് നാസിൽ എന്ന് പ്രഥമ ദൃഷ്ട്യാ വിധിയെഴുതാം. ഒരുപക്ഷെ 10 മില്ലിയന് മുകളിൽ ആണ് ചെക്കിൽ ഫിൽ ചെയ്തിരുന്നതെങ്കിൽ പോലും തുഷാർ ഇത്ര വേഗതയിൽ ജാമ്യം നേടില്ലായിരുന്നു എന്ന് തോന്നുന്നു . ആ നീതിബോധം നാസിൽ എന്ന ചെറുപ്പക്കാരനെ നമ്മുടെ ഇഷ്ടക്കാരനാക്കാൻ കാരണമാക്കുന്നു. തുടർന്നും അദ്ദേഹം പറഞ്ഞത് താൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഒക്കെ മറക്കുന്നു , എന്തോ കിട്ടാനുണ്ടല്ലോ എന്ന് തുഷാറിനറിയാം അത് തുഷാർ പറയട്ടെ എന്ന് മാത്രമാണ് . നാസിലിന്റെ വിശദീകരണം മാധ്യമങ്ങളിലൂടെ പുറത്തു വരുമ്പോൾ അദ്ദേഹത്തോടുള്ള മതിപ്പ് എല്ലാവർക്കും കൂടുകയാണ് ചെയ്തത് . എല്ലാവരും ഒറ്റക്കെട്ടായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നു . അർഹതയുള്ളത് അദ്ദേഹത്തിന് കിട്ടുക തന്നെ വേണം. ഒരു പേരുകേട്ട രാഷ്ട്രീയ നേതാവാണ് ഇങ്ങനെ ഒരു സാധാരണക്കാരന് കാശു കൊടുക്കേണ്ടത് എന്നറിയുമ്പോൾ നമ്മൾ എല്ലാം സ്വാഭാവികമായും ഇരയുടെ ഒപ്പം കൂടുക തന്നെ ചെയ്യും.

നാസിൽ യൂസഫലിയെ നേരത്തെ സമീപിച്ചപ്പോൾ ?

ചെക്ക് കേസിനു മുൻപ് നാസിലും പിതാവും ( ഇപ്പോൾ രോഗശയ്യയിൽ ) യൂസഫലിയെ സമീപിച്ചപ്പോൾ ഇടപെടാൻ വിസമ്മതിച്ചുവെന്നാണ് അറിയുന്നത്. നാസിൽ തന്നെയാണ് ഇത് പറഞ്ഞതും . അന്വേഷിച്ചപ്പോൾ ഇതിലും സത്യം ഉണ്ട് . ദിവസം ഏതാണ്ട് ആയിരത്തോളം ഫോൺ സന്ദേശങ്ങൾ ചെക്ക് കേസ് അടക്കമുള്ള കാര്യങ്ങളിൽ മധ്യസ്ഥത വഹിക്കണമെന്ന് പറഞ്ഞു യൂസഫലിയുടെ ഓഫീസിലേക്കും സെക്രട്ടറിമാർക്കുമായി വരാറുണ്ട്. അതിൽ ഇടപെട്ട് മടുത്തിട്ട് അദ്ദേഹം സ്വയം ഒരു തീരുമാനം എടുത്തു എന്നാണ് അറിയാൻ കഴിഞ്ഞത്.യുഎ ഇ യിൽ കഴിഞ്ഞ 3 വർഷമായി ചെക്ക് കേസുകളുടെ എണ്ണം കാര്യമായി വർധിച്ചത് മാധ്യമങ്ങൾ പരിശോധിക്കുന്നവർക്ക് അറിയാം . അതിൽ മധ്യസ്ഥരാകാൻ തുടങ്ങിയാൽ യൂസഫലിയെ പോലെ ഒരാൾക്ക് വേറെ ഒന്നിനും സമയം കിട്ടില്ലെന്ന് നമ്മളും മനസ്സിലാക്കണം. അത്രയ്‌ക്ക് ചെക്ക് കേസുകൾ നിലവിൽ ഉണ്ട്. നാസിലിനെ നേരിട്ട് പരിചയം ഇല്ലാത്ത സ്ഥിതിക്ക് സ്വാഭാവികവും ഇടപെടില്ല എന്നല്ലേ മറുപടി പ്രതീക്ഷിക്കാവൂ. അടുത്ത സുഹൃത്തായ ഒരാൾ വിളിച്ചു പറയുമ്പോൾ ചെക്ക് കേസിൽ ജഡ്‌ജി ആകണമെന്നല്ല പറഞ്ഞിട്ടുണ്ടാകുക . കുറച്ചു കാശും ഒരു നല്ല വക്കീലിന്റെ കോൺടാക്ട് നമ്പറും തരണം എന്ന് ആവശ്യപ്പെടുന്നതും അടുത്ത പരിചയം വച്ച് അത് നൽകുന്നതും ഈ രാജ്യത്ത് കുറ്റകരമാണോ. നമ്മൾ സാധാരണക്കാർ നമ്മുടെ ഒരു അടുത്ത സുഹൃത്തിനോട് ഇങ്ങനെ ചെയ്യാതിരുന്നാൽ നമ്മുടെ മനസ്സാക്ഷി എത്ര വേദനിക്കും . പ്രത്യേകിച്ചും അത് ചെയ്തുകൊടുക്കാൻ പറ്റിയ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ . പക്ഷെ ആയിരക്കണക്കിന് വരുന്ന പ്രതിദിന ആവശ്യക്കാർ കേസിൽ ഇടപെട്ട് മധ്യസ്ഥ ചർച്ച നടത്തണം എന്നാവശ്യപ്പെട്ടാൽ അത് പ്രായോഗികവും ആകണമെന്നില്ലല്ലോ.

അറ്റ്‌ലസ് രാമചന്ദ്രൻ സാറിന്റെ വിഷയവുമായി ഇതിനുള്ള താരതമ്യം ?

സർവരാലും ആദരിക്കപ്പെടുന്ന അറ്റ്‌ലസ് രാമചന്ദ്രൻ സാറിന് ജീവിതത്തിൽ ഒരു ദുരിതഘട്ടം വന്നപ്പോൾ യുസുഫലിയെപ്പോലെ ആരും സഹായിക്കാൻ വന്നില്ലല്ലോ എന്നാണ് ഒരു ആരോപണം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. ഇങ്ങനെ ഒരു ആരോപണം അറ്റ്‌ലസ് രാമചന്ദ്രൻ സാർ ഒരിക്കലും പറയില്ല എന്ന് ഉറപ്പാണ്. ഒരാൾക്കും പെട്ടെന്ന് ഇടപടാൻ പറ്റിയ തരത്തിൽ ചെറുതായ ഒരു കുരുക്കായിരുന്നില്ല ബാങ്കുകൾ എല്ലാം ചേർന്ന് രാമചന്ദ്രൻ സാറിനുമേൽ മുറുക്കിയത്. വളരെ വലിയ തുകയുടെ വിഷയം. ബാങ്കുകൾ അല്പം സാവകാശവും മാന്യതും കാണിച്ചിരുന്നെങ്കിൽ മാത്രം അഴിഞ്ഞുവരുമായിരുന്ന ഒരു അപൂർവ സാഹചര്യം. ഭീരുക്കളെ പോലെ ഓടിയൊളിക്കാതെ രാമചന്ദ്രൻ സാർ തന്റെ മനസ്സിന്റെ നന്മ കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു നോക്കി , അത് ഫലവത്തായില്ല എന്ന് മാത്രം. ഈ അടുത്തും യൂസുഫലി രാമചന്ദ്രൻ സാറിന് കഴിയാവുന്ന സഹായങ്ങൾ നൽകാമെന്ന് പറഞ്ഞതായാണ് വിവരം. രാമചന്ദ്രൻ സാറും യുസുഫലിയെക്കുറിച്ച് നല്ലതുമാത്രമാണ് പറയുന്നത്.

ഇതിലെ സത്യം പിന്നെ ചുരുക്കം ?

മാസ്സ് എന്ന ജനം കൂട്ടമായി നിൽക്കുമ്പോൾ മുന്നിൽ വരുന്ന ഒറ്റയൊരാൾക്ക് നേർക്ക് കല്ലെറിയാൻ മിടുക്കാണ് . ഇത് നൂറ്റാണ്ടുകൾക്ക് മുൻപേ വിദഗ്ധന്മാർ പറഞ്ഞ കാര്യം . ഒറ്റപ്പെട്ട മനുഷ്യർ എല്ലാവരും നന്മയും സമാധാനവും കാത്തുസൂക്ഷിക്കുന്നവരും. ഈ വ്യത്യാസം ഇവിടെ പ്രധാനം ആകുകയാണ്. യുസഫലി സമൂഹത്തിനുവേണ്ടി ഇതുവരെ ചെയ്ത നന്മകൾ വിസ്മരിക്കാൻ നമുക്ക് ഒരു നിമിഷം മതി. കാര്യം എന്താണെന്ന് മനസ്സിലാക്കാനും പഠിക്കാനും തയ്യാറാകാതെ നമ്മൾ അമ്പുകൾ എയ്യുന്നു . നമുക്കെല്ലാവർക്കും ഇപ്പോൾ മീഡിയ ഉണ്ട് . വർത്തയറിയാനും അറിഞ്ഞ വാർത്ത പങ്കുവയ്ക്കാനും ഒരു ദൂരദർശനും ഏഷ്യാനെറ്റും മാത്രമല്ല ഇപ്പോൾ ഉള്ളത് , നമ്മൾ എല്ലാവരും വാർത്തകളാണ് , മാധ്യമങ്ങളാണ് , വൻ സംഭവങ്ങളാണ് . കല്ല് കയ്യിൽ കിട്ടിപ്പോയാൽ വാരി എറിയാൻ നമ്മൾ മിടുക്കരാണ്. നമ്മുടെ കാശു കൊടുത്തു ലുലുവിൽ നിന്ന് സാധനം വാങ്ങുമ്പോൾ അതിൽ നിന്ന് യൂസഫലി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു നല്ല വിഹിതം തന്റെ വിശ്വാസം അനുസരിച്ച് സമൂഹത്തിന്റെ പൊതു ആവശ്യത്തിനും ഒറ്റപ്പെട്ട ഇരകളുടെ സംരക്ഷണത്തിനും വേണ്ടി ചിലവാക്കുന്ന യുസഫലിയെക്കുറിച്ചു നന്മയുമായി ബന്ധപ്പെടുത്തുന്ന വാർത്തകൾ ഇല്ലാത്ത ഒരു ദിവസം കടന്നുപോകുന്നുണ്ടോ ? ഇതുപോലെ എത്രപേർ നമ്മുടെ കുടിലുകൾ ഓട് മേയാനും ആശുപത്രിയുടെ ബില്ലടക്കാനും കുട്ടികളുടെ ഫീസ് അടക്കാനും വഴിയില്ലാത്തവന് തൊഴിൽ കൊടുക്കാനും പ്രളയത്തിൽ ആശ്വാസമാകാനും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കർമ്മങ്ങളുമായി നമ്മുടെ മുന്നിലുണ്ടെന്ന് ഓർക്കണം.

വെള്ളപൂശൽ ?

യൂസഫലിയെ വെള്ളപൂശാൻ എന്ന മട്ടിൽ ചില സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ഇനിയും ഇതേക്കുറിച്ച് എഴുതിയേക്കാം . ഒരു രക്ഷയുമില്ല . തൽക്കാലം എഴുതി ആശ്വസിക്കാമെന്നേ ഉള്ളൂ. അനീതി ചെയ്തിട്ടില്ലെന്ന് ഒരാളെ കുറിച്ച് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അത് ഉച്ചത്തിൽ വിളിച്ചുപറയുന്നത് നീതിയാണ് . അത് പറഞ്ഞതുകൊണ്ട് ഈ ചെയ്യുന്നത് അനീതിയാണെന്ന് പറഞ്ഞാൽ ഒരിക്കലും നീതീകരിക്കപ്പെടുകയുമില്ല . പണം ഉണ്ടാക്കാനും അത് അർഹിക്കുന്നവർക്ക് വിതരണം ചെയ്യാനും കഴിവും മനസ്സും വേണം . കൂലിത്തൊഴിലാളിയും രാജാവും യൂസഫലിയെ ഓരോരോ കാര്യങ്ങൾക്ക് വിളിക്കുന്നെങ്കിൽ അതിൽ നമ്മൾ കൊച്ചുമനസ്സിന്റെ ഉടമകൾ അസൂയപ്പെട്ടിട്ടു കാര്യമില്ല . നരേന്ദ്ര മോഡി ഗുജറാത്തിലേക്ക് വരണമെന്ന് ആവശ്യപ്പെടുന്നതും രാഹുൽ ഗാന്ധി പ്രാതൽ കഴിക്കാൻ യുസുഫലിയുടെ വീട്ടിൽ പോകുന്നതും പിണറായി വിജയൻ കേരളത്തിന്റെ പുരോഗതിയ്‌ക്ക്‌ വിശ്വാസത്തോടെ ആശ്രയിക്കുന്നതും മരുഭൂമിയിൽ അകപ്പെട്ട ഒറ്റപ്പെട്ട പ്രവാസിയെ കയറ്റി അയക്കാൻ അംബാസ്സഡർ അഭ്യർത്ഥിക്കുന്നതും നമുക്കില്ലാത്ത എന്തോ ഒരു കാര്യം ഈ യുസുഫലിയ്‌ക്ക് ള്ളതുകൊണ്ടാകാം എന്നെങ്കിലും കരുതിയെ പറ്റൂ . അതിനു വെള്ള പൂശൽ എന്ന് വിളിച്ചാൽ ഇന്ന് രാത്രി ഉറക്കം കിട്ടുമെങ്കിൽ നല്ലകാര്യം. നാളെ ഇങ്ങനെയൊരു കാര്യത്തിന് നമ്മൾ സാമൂഹിക മാധ്യമ ജീവികൾ ഈ വ്യവസായിയെ വിളിക്കാൻ നമ്പർ തിരക്കി നടക്കാതിരിക്കട്ടെ. തൽക്കാലം നമ്മുടെ കുമ്മായം യൂസഫലിയെ വെള്ളപൂശാൻ ആവശ്യമില്ല. അത് വേണമെന്നുള്ളവർ ഒത്തിരി വേറെയുണ്ട്.

അവസാനം എന്താണ് ?

യുസുഫലിയല്ല ഇവിടുത്തെ വിഷയം . അദ്ദേഹം സൂപ്പർ മാർക്കറ്റ് നടത്തട്ടെ . നമ്മുടെ നിസാലിന് നീതി കിട്ടണം . കിട്ടാനുള്ള പണം കിട്ടണം . കൊടുക്കാൻ കഴിവുള്ള ആളാണ് തുഷാർ എന്നതുകൊണ്ട് തന്നെ എത്രയും വേഗം നീതി നടപ്പാക്കണം. യൂസുഫലി ഈ വിഷയത്തിൽ ഒന്ന് കടുപ്പിച്ച് തുഷാറിനോട് രണ്ട് ഉപദേശ വാക്കുകൾ നൽകിയാലും തരക്കേടില്ല . സുഹൃത്തിന്റെ മകനല്ലേ . ഇതിനകം അത് പറഞ്ഞിട്ടുണ്ടാകും . നമുക്ക് കാത്തിരുന്ന് കാണാം . നിസാലിന്റെ മാതാപിതാക്കൾ സമാധാനത്തോടെ ജീവിക്കണം. മിടുക്കനായ നിസാൽ പൊതു മുഖ്യധാരാ വ്യവസ്ഥയിലേക്ക് തിരിച്ചുവരണം. അനുഭവിച്ച ദുരിതങ്ങൾ പരീക്ഷണങ്ങൾ എന്ന് കരുതി ഒരു സ്ളേറ്റിൽ എഴുതിയതുപോലെ അഴിച്ചുകളയണം . ഒരു ദുസ്വപ്നം പോലെ മറക്കണം . അതിനു തക്ക വലിയ മനുഷ്യനായി നിസാൽ ചരിത്രത്തിൽ സ്ഥാനം പിടിക്കണം . ജനം ജയിക്കണം . ഇര നീതി നേടണം.

ഉപസംഹാരം :

ചെക്ക് മോഷണം പോയതാണെന്ന് തുഷാർ , എങ്കിൽ പരാതിപ്പെടാത്തതെന്തെന്ന് കോടതി ,
കേസിൽ ആരും ഇടപെട്ടില്ല – നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെയെന്ന് യൂസുഫലി

വിവാദമായ ചെക്ക് കേസിൽ തുഷാർ വെള്ളാപ്പളളി ഇന്ന് തെളിവെടുപ്പ് സമയത്ത് കോടതിയുടെ മുന്നിൽ തന്റെ പക്കൽ നിന്ന് മോഷണം പോയ ചെക്കായിരുന്നു എന്ന് വാദിച്ചു , എന്നാൽ ഇക്കാര്യം നേരത്തെ കോടതിയിൽ പരാതിപ്പെടാത്തത് എന്തുകൊണ്ടാണെന്ന് പ്രോസിക്യൂഷൻ ആരാഞ്ഞു. അതിനിടെ പരാതിക്കാരനായ നാസിൽ അബ്ദുള്ള , തന്നോട് തുഷാർ പറഞ്ഞിരിക്കുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് സൂചിപ്പിക്കുകയും മൊത്തം തുകയും വേണമെന്ന് വാദിക്കുകയും ചെയ്തു. വിചാരണ നീണ്ടു പോകും.
ഇപ്പോൾ വിദേശത്തുള്ള എം എ യൂസുഫലി , കോടതി വിഷയത്തിൽ അഭിപ്രായം പറയുന്നത് പോലും ശെരിയല്ലെന്ന് അടുപ്പമുള്ളവരോട് പറഞ്ഞു. കോടതിയുടെ മുന്നിൽ നിയമം മാത്രമാണ് നോക്കുന്നത് . ഒരാൾക്കും സ്വാധീനിക്കാൻ കഴിയാത്ത നിയമ സംവിധാനമാണ് യുഎഇ അനുവർത്തിക്കുന്നതെന്നും അതിനെ ബഹുമാനിക്കുന്നെന്നും യൂസുഫലി പ്രതികരിച്ചു.
കേസിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല . ഇടപെടുകയുമില്ല . നിയമ സംവിധാനത്തെക്കുറിച്ച് നന്നായി അറിയാം . നിയമ പരിരക്ഷയിലും ന്യായ വിധിയിലും വിശ്വാസമുണ്ട് . തുഷാറിന്റെ കേസിൽ താൻ യാതൊരു വിധത്തിലും ഒരു ഘട്ടത്തിലും ഇടപെടാൻ ശ്രമിക്കാത്തത് ഇവിടുത്തെ നിയമ സംവിധാനത്തിന്റെ സവിശേഷതയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും യൂസുഫലി പറഞ്ഞു.
ചിലർ സാമൂഹിക മാധ്യമങ്ങളിൽ ചില അധിക്ഷേപ പരാമർശങ്ങൾ നടത്തിയതായി അറിയാൻ കഴിഞ്ഞു . അതിനെതിരെ അതിന് അനുയോജ്യമായ വേദികളിൽ തനിക്ക് നീതി ലഭിക്കാൻ പ്രയത്നിക്കുമെന്നും അദ്ദേഹം അറിയിച്ചു.ജാമ്യം നേടിക്കൊടുക്കാനോ നിയമ വ്യവസ്ഥയെ മറികടക്കാനോ പക്ഷപാതപരമായി പെരുമാറാനോ താൻ ശ്രമിച്ചിട്ടില്ല. മറിച്ച് ആരെങ്കിലും കരുതുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമായിരിക്കുമെന്നും യൂസുഫലി തന്റെ തൊട്ടടുത്ത് വിഷയം ശ്രദ്ധയില്പെടുത്തിയവരോട് പറഞ്ഞതായി റിപോർട്ടുണ്ട്.

കർട്ടൻ :

കാര്യങ്ങളുടെ എല്ലാ വശങ്ങളും നമ്മൾ സാമൂഹിക മാധ്യമ സൗഹൃദ വൃത്തങ്ങൾ അറിഞ്ഞിരിക്കുന്നത് ഒരു കുറ്റമല്ല.

error: Content is protected !!