അബൂദാബി

താരമായി പൊലീസ് ഉദ്യോഗസ്ഥൻ; തീപിടിച്ച വില്ലയിൽ സാഹസികമായി കയറി, രക്ഷിച്ചത് 3 ജീവൻ,

തീ പുകയിലേക്ക് ഓടിക്കയറി മൂന്നു ജീവനുകൾ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥൻ റാഷിദ് മുഹമ്മദ് അൽദഹൂരി താരമായി ധീരതയും ആത്മാർപ്പണവും കൈമുതലായുള്ള ഈ ഉദ്യോഗസ്ഥൻ ഒരു വില്ലയുടെ രണ്ടാം നിലയിൽ നിന്നാണ് അസാമാന്യ ധീരതയോടെ രക്ഷാപ്രവർത്തനം നടത്തിയത്.അബുദാബിയിലെ ബനീയാസിലുള്ള ഒരു വില്ലയിലാണ് അത്യാഹിതമുണ്ടായ ത്. തീ പിടിച്ച കെട്ടിടത്തിലെ മുകളിലെ മുറിയിൽ കുടുങ്ങിയത് ഒരു വയോധികയും പത്തും പതിനേഴും പ്രായമുള്ള പെൺകുട്ടികളുമാണ്. തീ അണയ്ക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന റാഷിദ് സഹായം അഭ്യർഥിച്ചുള്ള നിലവിളി കേട്ടു. താഴെ നിന്നും രണ്ടാം നിലയിലേക്ക് അഗ്നിശമന വിഭാഗത്തിന്റെ സഹായത്തോടെ കോണി വച്ച് റാഷിദ് അതിലൂടെ അവർ കുടുങ്ങിയ മുറിയുടെ ജനലിലെത്തി. അകത്ത് കടന്ന് ആദ്യം പെൺകുഞ്ഞിനെ തോളിൽ കിടത്തി ഏണി വഴി നിലത്തിറങ്ങി. ഉടനെ തിരിച്ചു കയറിയ റാഷിദ് നിമിഷങ്ങൾക്കകം മറ്റു രണ്ടുപേരേയും കെട്ടിടത്തിനകത്തെ ഗോവണിയിലൂടെ പുറത്തെത്തിക്കുകയായിരുന്നു. വില്ലയിലാകെ പടർന്ന കറുത്ത പുകയിൽ നിന്നും രക്ഷനേടാൻ ജനലുകളിലൂടെ തലയിട്ട് ശ്വസനം നടത്തുകയായിരുന്നവരെയാണ് മുപ്പത്തൊന്നുകാരനായ റാഷിദ് ജീവിതത്തിലേക്ക് പിടിച്ചിറക്കിയത്. സഹായത്തിനു സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ കൂടി ആയപ്പോൾ രക്ഷാ പ്രവർത്തനം വേഗത്തിലായെന്ന് റാഷിദ് പറഞ്ഞു. സ്വദേശി കുടുംബത്തിന്റെ രക്ഷകനായ ഈ യുവാവ് പുറത്ത് എത്തിയപ്പോഴേക്കും പുക ശ്വസിച്ച് തളർന്നിരുന്നു. ഒരാഴ്ച ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്.
മറ്റുള്ളവരെ സഹായിക്കാനുള്ള മാനസിക സന്നദ്ധത ഒരു മാനുഷിക സേവനമാണെന്ന് റാഷിദ് അൽദഹൂരി പറയുന്നു. ഇത്തരം പ്രവൃത്തികൾക്കാവശ്യമായ പരിശീലനം നൽകിയ തലസ്ഥാന പൊലീസിനോടുള്ള കടപ്പാട് റാഷിദ് പ്രകടിപ്പിച്ചു. ഏത് അടിയന്തര സാഹചര്യങ്ങളെയും അഭിമുഖീകരിക്കാൻ പ്രാപ്തമാക്കിയത് പൊലീസാണ്.പുക മൂടിയ രണ്ടാം നിലയിൽ നിന്നും പത്തു മിനിറ്റിനകം മൂന്നു ജീവൻ രക്ഷിച്ച സ്തുത്യർഹമായ സേവനത്തിന് പൊലീസ്മെഡൽ നൽകിയാണ് അദ്ദേഹത്തെ അബുദാബി പൊലീസ് ആദരിച്ചത്.

error: Content is protected !!