കേരളം ചുറ്റുവട്ടം ഷാർജ

പാലയിൽ യു.ഡി.എഫിന്റെ വൻ ഭൂരിപക്ഷം ഉറപ്പു വരുത്തുക; ബെന്നി ബഹാൻ

ഷാർജ: ആസന്നമായ പാല ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ പ്രവാസി മലയാളികളുടെ സർവ്വ വിധ പിന്തുണയും വേണമെന്നു യു.ഡി.എഫ് കൺവീനർ ബെന്നി ബഹാൻ അഭ്യർത്ഥിച്ചു. കെ.എം മാണിയുടെ സ്മരണകൾക്കു ആദരമർപ്പിക്കുന്ന കർത്തവ്യമായാണു പാലായിലെ തെരഞ്ഞെടുപ്പു വിജയത്തെ ഐക്യജനാധിപത്യ മുന്നണി നോക്കിക്കാണുന്നത്. അതിനുള്ള പ്രവർത്തനങ്ങൾക്കു പ്രവാസികളും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷാർജയിൽ നടന്ന യു.ഡി.എഫ് ഭാരവാഹികളുടെ മുഖാമുഖം പരിപാടിയിൽ പ്രവർത്തകരോട് സംവദിക്കുകയായിരുന്നു എം.പി കൂടിയായ ബെന്നി ബെഹനാൻ.

പ്രവാസികളുടെ മനസ്സ് തൊട്ടറിഞ്ഞ മാണി സാറിനെ നന്നായി അറിയുന്ന പ്രവാസി മലയാളികൾ ഈ തെരഞ്ഞെടുപ്പിനെ ഗൗരവമായി കാണണം. ഭിന്നിപ്പിച്ചു മുതലെടുക്കാനുള്ള ഇടതു പക്ഷത്തിന്റെ ശ്രമങ്ങൾ തിരിച്ചറിയണം. ഒപ്പം ജനാധിപത്യ ധ്വംസനം ഇന്ത്യയിലെങ്ങും നടപ്പാക്കുന്ന കേന്ദ്രത്തിലെ ഭരണകക്ഷിക്കും ശക്തമായ മുന്നറിയിപ്പായി പാലായിലെ ജനവിധി മാറണം. അതിനുള്ള പ്രവർത്തനങ്ങൾക്കു കൂടെ നിന്നും ദൂരെ നിന്നും പ്രവാസി സഹോദരങ്ങൾ പ്രവർത്തിക്കണമെന്നും ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു.

ഇന്ത്യൻ ജനാതിപത്യം ഫാഷിസ്റ്റു ശക്തികളുടെ നീരാളിപ്പിടുത്തത്തിൽ അമരുമ്പോൾ ജനാധിപത്യത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടിയുള്ള രാജ്യവ്യാപകമായ ശാക്തീകരണ ശ്രമങ്ങൾ അനിവാര്യമാണെന്നും കോൺഗ്രസ്സ് നേതൃത്വം അതിനുള്ള ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഒരുക്കമാണെന്നും രാജ്യം ഇപ്പോൾ അകപ്പെട്ട ദുരവസ്ഥകളിൽ നിന്നും ജനാധിപത്യ മാർഗ്ഗങ്ങളിലൂടെ മോചനം നേടുമെന്നും മുഖാമുഖം പരിപാടിക്കിടെ ബെന്നി ബഹാൻ പറഞ്ഞു.

യു.ഡി.എഫിന്റെ യു.എ.ഇ ചെയർമാൻ പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞു. എളേറ്റിൽ ഇബ്രാഹിം, അഡ്വ. വൈ.എ റഹീം പ്രസംഗിച്ചു. ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട് നന്ദി പറഞ്ഞു.

error: Content is protected !!