Uncategorized

ബുക്ക്‌ റിവ്യൂ :ചിരി പെറുക്കിയെടുക്കുന്ന ഒരാൾ..

-“പരിഹാസപ്പുതുപനിനീര്‍ച്ചെടിക്കെടോ

ചിരിയത്രേപുഷ്പം,ശകാരം മുള്ളുതാന്‍”-

മുള്ളുകള്‍ക്കിടയില്‍നിന്ന് ചിരി പ്രകാശിപ്പിക്കുന്നുവെന്നതാണ് ജീവിതത്തെ പ്രഫുല്ലമാക്കുന്നത്. അപൂര്‍വമായെങ്കിലും, ഈ വരദാനം വരായാലും അക്ഷരങ്ങളാ ലും പടർന്ന് നമ്മെ നോക്കി ചിരിക്കുന്നുണ്ട്; സംഘര്‍ഷഭരിതമായ മനസ്സിനുള്ള ജൈവ-ഔഷധമെന്നപോല്‍.

നര്‍മ്മബോധം നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പ്രധാനമാണ്. പ്രായം,അനുഭവങ്ങള്‍, ഭാഷ ഇവ ഒപ്പം പരിഗണിക്കുകയെന്നത് അത്ര എളുപ്പമല്ല.അതുകൊണ്ടുതന്നെ നര്‍മ്മരചന വെല്ലുവിളിയാകുന്നു.കുഞ്ചന്‍നമ്പ്യാരും സഞ്ജയനും വി കെ എന്നും ഒക്കെ നമ്മില്‍ രൂപപ്പെടുത്തിയ നര്‍മ്മബോധത്തിന്‍റെ തലം വിപുലപ്പെടുത്തിയത് നര്‍മ്മത്തിന്‍റെ മര്‍മ്മമറിഞ്ഞുള്ള അവരുടെ പ്രതിഭാ വീക്ഷണങ്ങള്‍ കൊണ്ടുകൂടിയാണ്, സന്ദര്‍ഭങ്ങളുടെയും (വാമൊഴി)ഭാഷയുടെയും സ്വാഭാവികതയാണ് നമ്പൂതിരിഫലിതങ്ങളുടെയും നസറുദ്ദീന്‍ ഹോജ കഥകളുടെയും സൗന്ദര്യം, ചിരിയലകള്‍ ചിന്തയിലേക്ക് നടത്തുന്ന കൂടുമാറ്റമാണ് അക്കഥകളുടെ ശക്തി.

കാസർഗോഡ്‌ ചെറുവത്തൂർ തുരുത്തി സ്വദേശിയും കഴിഞ്ഞ ഇരുപത്‌ വർഷത്തിലേറെയായി ദുബായിൽ പ്രവാസിയുമായ മോയിന്‍ എഴുതിയ -എന്‍റെ തോന്ന്യാക്ഷരങ്ങള്‍- വായിച്ചപ്പോള്‍ ഹാസ്യത്തിന്‍റെ പ്രസരിപ്പ് വീണ്ടും അനുഭവപ്പെട്ടതായി തോന്നി.

അനുഭങ്ങളുടെയും ഭാഷയുടെയും ലളിതവും സരസവുമായ അവതരണമാണ് മോയിന്‍റെ പുസ്തകത്തിന്‍റെ പ്രധാന മുദ്ര. നാട്ടുംപുറത്തെ നിഷ്കളങ്കതയ്ക്കിടയിലും പ്രവാസനാളുകളിലെ തൊഴില്‍പിരിമുറുക്കങ്ങള്‍ക്കിടയിലും വീണുകിട്ടിയ ചിരിമുത്തുകള്‍ പെറുക്കിക്കൂട്ടിവച്ചിരിക്കുകയാണ് എന്‍റെ തോന്ന്യാക്ഷരങ്ങളില്‍.
കഥാപാത്രങ്ങള്‍ കൂട്ടുകാരോ ബന്ധുക്കളോ അദ്ധ്യാപകരോ ആരുമാകാം. മോയിന്‍റെ കഥകളില്‍ ചിരിയുടെ പേരിട്ടുവിളിക്കാവുന്നവരാണിവര്‍. വായനക്കാരനെ തൊട്ടുതൊട്ടിരിക്കുന്നവര്‍.ചോദ്യങ്ങള്‍ അവസാനിപ്പിക്കാത്ത മജീച്ച നമുക്കിടയില്‍ എവിടേയും കാണാം.ടിക്കറ്റെടുക്കാതെ എത്ര പൂക്കോയമാരാണ് ഇപ്പഴും യാത്ര തുടരുന്നത്!ഏത് ദുര്‍ഘട സന്ദര്‍ഭത്തെയും അനായാസം കൈകാര്യം ചെയ്യുന്ന ഉഡായിപ്പ് കുട്ടീച്ച,കൊച്ചിന്‍ ഹനീഫ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഹസ്സന്‍,പെണ്ണുകാണാന്‍ പോയി പണ്ടാറമടങ്ങുന്ന ഗഫാര്‍… ചിരിപ്പിക്കുന്ന ഒരു നീണ്ട നിര തന്നെയുണ്ട് ഇതില്‍.

സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കുന്ന അവതരണമാണ് -ബനിയന്‍ ഹാപ്പിയാണ്- എന്ന കഥ.കുട്ടിക്കാലത്ത് കൊതിച്ചത് ലഭിക്കുന്നത് സ്വപ്നത്തിലാണ്. അതു ചെന്നുവീഴുന്നത് വലിയൊരു പുകിലിലുമായിരിക്കും. -പന്തയം- ആക്ഷേപഹാസ്യധ്വനിയുള്ളതാണ്. -ആനയെ വരയ്ക്കുന്ന അഹമ്മദ്ച്ച -വേറിട്ട വായന നല്കുന്നു.ചിരിക്കപ്പുറത്തേക്ക് ചലിക്കുന്നതാണിത്. കരിക്കട്ടകൊണ്ട് എവിടേയും ചിത്രം വരച്ചിടുന്ന അഹമ്മദ്ച്ചയെ ഏത് ഗ്രാമത്തിലും കണ്ടേക്കാം. പ്രാന്തന്‍…പ്രാന്തന്‍ എന്ന വിളിയാല്‍ മറ്റൊരരികിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നവര്‍.പക്ഷേ,നമ്മള്‍ ഇടയ്ക്കിടെ കാണിക്കുന്ന ഭ്രാന്തിനോളം വരില്ല അവരുടേത്.അവര്‍ വിളിച്ചു കൂവുന്ന സത്യത്തെ നാം കേള്‍ക്കുന്നേയില്ല. വിശപ്പിനുമുന്നില്‍ ഔചിത്യബോധവും നല്ലനടപ്പും ചുരുട്ടി വലിച്ചെറിയും.-വിശപ്പ് – വായിക്കുമ്പോള്‍ ചിരി മാത്രമല്ല ദഹിക്കുന്നത്.’ഒരു പ്രവാസിക്കൊലപാതകം’, ‘ഫ്രീ ഫ്രം മുഖാലിഫ തുടങ്ങി ഏറെ കഥകളും ശ്രദ്ധേയമാകുന്നത് ഉക്തി കൊണ്ടുള്ള ഹാസത്താലാണ്. ഇവിടെ കഥാകൃത്ത് ഹാസ്യത്തെ തേടിപ്പോവുകയല്ല;അതില്‍ തടഞ്ഞുകെട്ടി വീഴുകയാണ് ചെയ്യുന്നത്. രസത്തോടെ വായിക്കാവുന്നതാണ് ഓരോ കഥയും.

കഥാകൃത്ത് നേരിട്ടും കഥാപാത്രമായും അനുഭവങ്ങള്‍ പറയുന്ന രീതിയിലാണ് ഇക്കഥകളുടെ രൂപം.വലിച്ചു നീട്ടാതെ ചിരിയിലേക്കും കാര്യത്തിലേക്കും കടക്കുന്നു. അതുകൊണ്ടുതന്നെ കഥകളുടെ വാതിലുകളും ജനാലകളും എളുപ്പം തുറന്നിടാനാകുന്നു.

നാട്ടു പഴ(യ)മയും പുതുമയും ഇഴചേര്‍ന്നൊരുക്കുന്ന ഭാവം സവിശേഷപ്പെട്ടതാണ്. കഥകളില്‍ മുഴുനീളം കൊണ്ടുനടക്കുന്ന താളം ഒരു ഗ്രാമീണന്‍റേതാണ്.ഈ താളം കാണെകാണെ ശീലുകളിലും ചൊല്ലുകളിലും ലയിക്കുന്നു.’ചിട്ടി അടിച്ചു വന്നത് പട്ടി കടിച്ചുപോയി’ ,’ നിങ്ങളെ അടവ് കലക്കി.എന്‍റെ അടിവയറും കലങ്ങി’ എന്നിങ്ങനെ ഉദാഹരണങ്ങള്‍.

ചിരിയിലും ഒരു തലമുറയ്ക്ക് വല്ലാത്ത പൊഞ്ഞാറുണ്ടാക്കുന്നവയാണ് ഈ പുസ്തകം.പെട്രോമാക്സ്,ഓട്ടല്‍,മങ്ങലം,സാല്‍ന തുടങ്ങിയ പദങ്ങള്‍ വിസ്മൃതിയിലാകുമ്പോഴാണ് തുരുത്തി എന്ന ഗ്രാമത്തെയും പരിസരപ്രദേശത്തെയും ഈ പുസ്തകത്തിലൂടെ നാം വീണ്ടും വായിക്കുന്നത്.ഏതു നാട്ടുകാര്‍ക്കും ഈ പുസ്തകം ചിരിപ്പുസ്തകം തന്നെയായിരിക്കും.തിക്കിത്തിരക്കി പോകുന്ന ഇക്കാലത്ത് ചിരിയുടെ സാൽന മനസ്സിന് കുളിരും ഉണർവ്വുമേകും.

-സുരേന്ദ്രന്‍ കാടങ്കോട്

error: Content is protected !!