fbpx
ദുബായ്

ബാങ്ക് ലോൺ തിരിച്ചടച്ചിട്ടും കേസിലകപെട്ടു. അവസാനം മലയാളിക്ക് 1 ലക്ഷം ദിര്ഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി.

ചെക്കുകേസ് പിൻവലിക്കുന്നതിൽ ബാങ്കിനുണ്ടായ ശ്രദ്ധക്കുറവുകാരണം അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന് ഒരു ലക്ഷം ദിർഹം (19.27 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി വിധിച്ചു. കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് പറയത്തോട്ടത്തിലാണ് ബാങ്ക് ലോൺ തിരിച്ചടച്ചിട്ടും കേസിലകപ്പെട്ടത്.2008-ൽ ദുബായിലെ ഒരു ബാങ്കിൽ നിന്നും 83,000 ദിർഹം (ഏതാണ്ട് 16 ലക്ഷം രൂപ) വ്യക്തിഗത വായ്പയും 5000 ദിർഹത്തിന്റെ ക്രെഡിറ്റ് കാർഡും വിനോദ് എടുത്തിരുന്നു.ലോൺ തിരിച്ചടവ് കൃത്യമായി നടന്നുവരവേ 2011 -ൽ വിനോദിനെ ജോലി ചെയ്തിരുന്ന കമ്പനി ഒമാനിലുള്ള അവരുടെ സഹോദരസ്ഥാപനത്തിലേക്ക് സ്ഥലം മാറ്റി.തുടർന്ന് വായ്പ തിരിച്ചടവിൽ മുടക്കം വന്നു. ബാങ്കിൽ നിന്നും തുക അടയ്ക്കാനാവശ്യപ്പെട്ട് തുടർച്ചയായി ഫോൺകോളുകൾ ലഭിച്ചതോടെ മുഴുവൻ തുകയും അടച്ച് ലോണും ക്രെഡിറ്റ് കാർഡും ക്ലോസ് ചെയ്യാൻ വിനോദ് തയ്യാറായി. 27,000 ദിർഹം (5,20,000 രൂപ) അടച്ചാൽ രണ്ടു ഇടപാടുകളും തീർക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് അത്രയും അടച്ച് ബാങ്കിൽനിന്ന് വിനോദ് ക്ലിയറൻസ് ലെറ്ററും കൈപ്പറ്റി.ഇതിനിടയിൽ നായിഫ് പോലീസിലും മുറഖാബാദ് പോലീസ് സ്റ്റേഷനിലും ബാങ്ക് വിനോദിന്റെ പേരിൽ ചെക്ക് കേസുകൾ ഫയൽ ചെയ്തിരുന്നു. വായ്പത്തുക അടച്ചുതീർന്നതിനുശേഷം കേസുകൾ ബാങ്കുതന്നെ പിൻവലിച്ചുകൊള്ളാമെന്ന ഉറപ്പും നൽകി. ഒമാനിലായിരുന്ന വിനോദിന് 2016-ൽ വീണ്ടും ദുബായിലെ ഒരു സ്ഥാപനത്തിൽ ജോലി ശരിയായി. എന്നാൽ ഒമാനിൽ നിന്നും ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിനോദിനെ സി.ഐ.ഡിക്ക് കൈമാറി. അപ്പോഴാണ് തന്റെ പേരിൽ ബാങ്ക് കൊടുത്തിരുന്ന ചെക്ക് കേസുകൾ പിൻവലിച്ചിട്ടില്ല എന്ന വിവരം വിനോദ് അറിയുന്നത്. 3 ദിവസം പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടി വന്നു വിനോദിന്. അതിനുശേഷമാണ് ബാങ്ക് കേസ് പിൻവലിക്കാനുള്ള ഏർപ്പാടുകൾ ചെയ്തത്.ബാങ്കിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി വിനോദ് ദുബായ് കോടതിയിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ നടപടിയായത്. അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളിയാണ് വിനോദിനുവേണ്ട നിയമോപദേശം നൽകിയത്.

error: Content is protected !!