fbpx
ദുബായ്

നൂറ് കോടി ഖൽബുകൾ കീഴടക്കാൻ ‘സമീർ’ വരുന്നു

ദുബായ്: ഗൾഫ് പ്രവാസത്തെ ആസ്പദമാക്കി ഇതുവരെ രൂപപ്പെട്ട സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ചലച്ചിത്രം ഡിസംബർ മാസം തിയേറ്ററുകളിലെത്തുന്നു. ‘നൂറ് കോടി ഖൽബുകളിലേക്ക്’ എന്ന കൗതുകകരമായ തലവാചകത്തോടെ പുറത്തുവരുന്ന ‘സമീറി’ൽ അൽ ഐനിലെ സ്വൈഹാനിൽ ഒരു തക്കാളിത്തോട്ടത്തിൽ വർഷങ്ങൾ അകപ്പെട്ടു പോയ  ഒരു ചെറുപ്പക്കാരന്റെ അതിവിചിത്രമായ അനുഭവങ്ങളുടെയും ഭ്രമാത്മക കല്പനകളുടെയും സങ്കീർണ്ണജീവിതം വരച്ചുകാട്ടുകയാണ് രചയിതാവും സംവിധായകനുമായ റഷീദ് പാറക്കൽ. റഷീദ് നേരിട്ട സ്വന്തം ജീവിതം കോറിയിട്ട ‘ഒരു തക്കാളിക്കൃഷിക്കാരന്റെ സ്വപ്‌നങ്ങൾ’ എന്ന നോവലിൽ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്. അന്നത്തെ അതേ തോട്ടത്തിലും പരിസരങ്ങളിലുമായി തന്റെ പ്രവാസകാലത്തെ അന്തരീക്ഷവും കഥാപാത്രങ്ങളുമൊക്കെ പുനഃസൃഷ്ടിച്ചൊരുക്കിയ ‘സമീർ’ പക്ഷേ യാഥാർഥ്യമോ അയാഥാർത്യമോ എന്ന് വേർതിരിച്ചറിയാനാവാത്ത വിധം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്നു. സമീറിന്റെ വേൾഡ് പ്രീമിയർ ഷാർജ ഓസ്കർ സിനിമയിൽ നടന്നു. പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക വ്യക്തിത്വവുമായ സക്കറിയ ആദ്യ പ്രദർശനം ഉദ്‌ഘാടനം ചെയ്തു.

സ്വൈഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലും ഏതാനും ആഴ്ചകൾ അഹോരാത്രം ശ്രമപ്പെട്ടാണ് റഷീദ് പാറക്കലും സംഘവും ഈ ചിത്രമൊരുക്കിയത്. നാട്ടിൽ ചില ഗ്രാമപ്രദേശങ്ങളിലാണ് ബാക്കിഭാഗം ചിത്രീകരിച്ചത്. പ്രവാസിയായ പ്രശസ്ത ഛായാഗ്രാഹകൻ രൂപേഷ് തിക്കോടി അതിമനോഹരമായി രംഗങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട്. താരതമ്യേന നവാഗതനായ ആനന്ദ് റോഷൻ ശാരീരികമായും മാനസികമായും നടത്തിയ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ സമീർ എന്ന കഥാപാത്രത്തെ ജീവസ്സുറ്റതാക്കിയിട്ടുണ്ട്. മാമുക്കോയ, ഇർഷാദ്, അനഘ സജീവ്, ഫിദാ തുടങ്ങിയവരും ഖൽബിൽ കൂടുവെക്കുന്ന കഥാപാത്രങ്ങളായി. പ്രവാസലോകത്തെ അഷ്‌റഫ് കിരാലൂർ, കെകെ മൊയ്തീൻ കോയ, ഗോപൻ മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ ഒറ്റത്തയ്യിൽ, ഷെയ്‌ഖ സലിൻ, അഷറഫ് പിലാക്കൽ, മെഹ്ബൂബ് വടക്കാഞ്ചേരി, രാജു തോമസ്, എ ആർ ഷാനവാസ്, ഡോ. ആരിഫ്, ഷാനു, പ്രജീപ് ചന്ദ്രൻ, ജിമ്മി തുടങ്ങിയ അഭിനേതാക്കളെ കഥാപാത്രങ്ങൾക്കനുസൃതമായി തിരഞ്ഞെടുക്കുന്നതിലും ഉജ്ജ്വലമായി ഉപയോഗപ്പെടുത്തുന്നതിലും സംവിധായകൻ വലിയ അളവിൽ വിജയിച്ചിരിക്കുന്നു. അപൂർവ്വസുന്ദരമായ അഞ്ചോളം ഗാനങ്ങൾ ‘സമീറി’ന്റെ മറ്റൊരു ആകർഷണമാണ്. പ്രചാരണഘട്ടത്തിൽ പുറത്തിറങ്ങിയ ‘ജീവന്റെ ജീവനായി..’, ‘മഴ ചാറും ഇടവഴിയിൽ…’ എന്നീ പാട്ടുകൾ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷോപലക്ഷങ്ങൾ ഈ പാട്ടുകൾ ആസ്വദിച്ചിരിക്കുന്നു. റഷീദ് പാറക്കൽ തന്നെ രചിച്ച ഗാനങ്ങൾ സുദീപ് പാലനാട്, ശിവറാം നാഗലശ്ശേരി എന്നിവരാണ് ചിട്ടപ്പെടുത്തിയത്. ‘മഴ ചാറും…’ പാടിയത് മലയാളത്തിന്റെ പ്രിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്ററാണ്. സുഡാനി ഫ്രം നൈജീരിയ, നിത്യ ഹരിതനായകൻ, ഉണ്ട, ഗ്രേറ്റ് ഫാദർ, അനുരാഗ കരിക്കിൻവെള്ളം തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റുകൾ എഡിറ്റ് ചെയ്ത നൗഫൽ അബ്ദുള്ളയാണ് ചിത്രം എഡിറ്റ് ചെയ്തത്.

സ്വൈഹാനിലെ തോട്ടത്തിൽ താൻ ജോലി ചെയ്ത വർഷങ്ങളിൽ മലയാളം കേൾക്കാൻ കൊച്ചു റേഡിയോ കാതോടമർത്തി ചുറ്റിക്കെട്ടിയിരുന്ന അറബിത്തൂവാലയാണ് താൻ സംവിധായകത്തൊപ്പിക്കു പകരം അണിഞ്ഞിരുന്നതെന്നും അന്നൊക്കെ ജീവിതം തപിക്കുമ്പോൾ ഉള്ളിലമർത്തി വെച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ‘സമീർ’ എന്നും ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിർവഹിച്ച റഷീദ് പാറക്കൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. എന്നാൽ കേവലം അനുഭവവിസ്താരങ്ങളായി ചുരുങ്ങാതെ എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയായി ഇതിനെ രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അതിന് പരിപൂർണ്ണ പിന്തുണ നൽകിയെന്നും റഷീദ് പറഞ്ഞു. മറ്റൊരു സിനിമക്കും അവകാശപ്പെടാനാവാത്ത സംഘബലത്തിന്റെ ചിത്രമായി സമീർ പരിണമിച്ചത് നാട്ടിലെയും പ്രവാസലോകത്തെയും തന്റെ സിനിമാപ്രേമികളായ കുറെയധികം സുഹൃത്തുക്കളുടെ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമങ്ങൾ കൊണ്ടാണെന്നും അദ്ദേഹം സൂചിപ്പിച്ചു. താരസാന്നിധ്യങ്ങൾക്കപ്പുറം സിനിമയുടെ കഥയും കാമ്പും നോക്കി കൃത്യമായി വിലയിരുത്തി നല്ല ചിത്രങ്ങളെ നെഞ്ചേറ്റുന്ന മലയാളീ പ്രേക്ഷകർ ഈ ചിത്രത്തെ ഖൽബുകളിൽ സ്വീകരിക്കുമെന്ന് റഷീദ് പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീലാൽ പ്രകാശം നയിക്കുന്ന ഗുഡ് ഡേ മൂവീസും പ്രവാസി കൂട്ടായ്മയായ ദുബായ് മാസ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. തന്റെ സിനിമാ സൗഹൃദങ്ങളിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന റഷീദ് പാറക്കൽ ക്ഷണിച്ചു നൽകിയ സമീർ എന്ന കഥാപാത്രം ഒരു അഭിനേതാവെന്ന നിലയിൽ തന്റെ സൗഭാഗ്യമാണെന്നും അതിനു വേണ്ടി അനുഷ്ഠിച്ച സഹനങ്ങളും തയ്യാറെടുപ്പുകളും പിന്നീടുള്ള ചിത്രീകരണാനുഭവങ്ങളും തന്റെ ജീവിതവീക്ഷണത്തെ തന്നെ മാറ്റിമറിച്ചുവെന്നും നായകനായ ആനന്ദ് റോഷൻ പറഞ്ഞു. പ്രവാസികൾക്കിടയിൽ വെള്ളിവെളിച്ചതിന്റെ മറുപുറത്തെ കഷ്ടജീവിതങ്ങളിൽ മനുഷ്യത്വം എങ്ങിനെ ദേശ ഭാഷാ സംസ്കാര വിഭിന്നതകൾക്ക് അതീതമായി പ്രവർത്തിക്കുന്നുവെന്ന് ഈ സിനിമ കാട്ടിത്തന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതിക വിഭാഗത്തിൽ  ക്രീയേറ്റീവ് കൺസൾട്ടന്റ്: സനിൽ കുമാർ, അസോസിയേറ്റ് ഡയറക്ടർ: അമീർ പട്ടാമ്പി, സംവിധാന സഹായി: അൻസാരി കരൂപ്പടന്ന, ചമയം: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: ശിവൻ ഭക്തൻ, നിർമ്മാണ നിയന്ത്രണം: താഹിർ മട്ടാഞ്ചേരി, കലാ സംവിധാനം: നിസാർ ഇബ്രാഹിം, നിർമ്മാണ ഏകോപനം: മെഹ്ബൂബ് വടക്കാഞ്ചേരി

error: Content is protected !!