fbpx
അജ്‌മാൻ അന്തർദേശീയം അബൂദാബി അൽഐൻ ഉമ്മുൽ ഖുവൈൻ കേരളം ചുറ്റുവട്ടം തൊഴിലവസരങ്ങൾ ദുബായ് ഫുജൈറ ബിസിനസ്സ് യാത്ര ഷാർജ റാസൽഖൈമ

ഉപ്പുവെള്ളം കുഴച്ച് ചപ്പാത്തി ഉണ്ടാക്കി കഴിച്ച ലോഞ്ചിൽ വന്ന ഹുസൈൻ സാഹേബ് പറയുന്നതെന്തെന്നോ ?

1969 ൽ കണ്ണൂരിൽ നിന്ന് ബസ് കയറി കോഴിക്കോട്ട് വന്ന് രാത്രി അവിടെ തങ്ങി പിന്നെ പൊന്നാനിയിലെത്തി രാത്രി വൈകി ഏജന്റ് പറഞ്ഞ പ്രകാരം ലോഞ്ച് കിടക്കുന്ന കടപ്പുറമെത്തി 300 രൂപ യാത്രാപ്പടിയും കൊടുത്ത് ദുബായിലേക്കുള്ള പേടകത്തിൽ കയറിയതാണ് അറക്കകത്ത് ഹുസൈൻ എന്ന 18 കാരൻ. ലോഞ്ചിൽ കയറി തീരം വിട്ട് നടുക്കടലിലേക്ക് പ്രവേശിക്കുന്തോറും ഛർദി കലശലായി . ആ ചെറുപ്പക്കാരൻ 5 ദിവസം വരെ തലയനക്കാനാകാതെ അവശനായി കിടന്നു. എവിടെയാണ് ദുബായ് തീരം? . എവിടെ ഏജന്റ് പറഞ്ഞ സ്വപ്‌ന തീരം .? ഉൾക്കടലിൽ ലോഞ്ച് പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ സ്വസ്ഥം . കുളത്തിൽ സഞ്ചരിക്കുന്ന പോലെ ശാന്തം . തിരമാലകളുടെ തള്ളലില്ല . കാറ്റിന്റെ ഗർജനമില്ല. തീരം അണയാൻ കാത്തുകാത്തിരുന്ന സ്വപ്ന ജീവികളുടെ നെഞ്ചിടിപ്പിന്റെ സ്വരം മാത്രം. യാത്ര സഫലമാകുമോ ? അതോ തീരം കാണാതെ ഇതേ വെള്ളത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയപ്പെടുമോ ? ആശങ്കൾക്കും പട്ടിണിയുടെ പെടപെടപ്പിനും ഒടുവിൽ 15 ദിവസം പിന്നിട്ട് പതിനാറാം നാൾ ഹുസൈൻ തീരമണഞ്ഞു. ഖോർഫക്കാൻ കടൽ തീരത്ത് ലോഞ്ച് നിർത്തി . 60 ഭാഗ്യാന്വേഷികളും ചെറിയ വള്ളം പോലുള്ള പേടകത്തിൽ കയറി തീരത്ത് എത്തിച്ചേരണം . എത്തിച്ചേർന്നു . ആകെയുള്ളത് ഇട്ടിരിക്കുന്ന മുഷിഞ്ഞ തുണി മാത്രം. അനധികൃത കുടിയേറ്റക്കാരായി ഈ ട്രൂഷ്യൽ സ്റ്റേറ്റിൽ കടൽത്തീരത്തെ മണലിൽ കാലുകുത്തി അടുത്തുള്ള ചായക്കടയിൽ നിന്ന് സൗജന്യ ഭക്ഷണവും കഴിച്ചു ഹുസ്സൈൻ ദുബായ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
കഴിഞ്ഞ 16 ദിവസത്തെ കാര്യങ്ങൾ ഓർമകളുടെ അറയിൽ നിന്നുപോലും എടുത്തുകളയണം . രാവിലെ കടലിലെ ഉപ്പുവെള്ളം കുഴച്ചുണ്ടാക്കിയ ചപ്പാത്തി , അൽപം കട്ടൻ ചായ . പിന്നെ ഉച്ചയോടെ അൽപം കുടിവെള്ളം , ഒരു ഈത്തപ്പഴ ചൊള. വൈകുന്നേരവും  രാവിലത്തേതുപോലെ ഒരു ചപ്പാത്തിയും സുലൈമാനിയും. ഇതിനിടയിൽ നടുക്കടലിൽ ചൂണ്ടയിട്ട് കിട്ടുന്ന മീൻ പാതിവേവിച്ച് അതിൽ ഒരു കഷ്‌ണം കഴിക്കാൻ കിട്ടിയാലായി , കിട്ടിയില്ലെങ്കിലായി. ഭക്ഷണം ആർക്കും ഒരു ചിന്ത ആയിരുന്നില്ല. എന്നാൽ ഈ സഹനവും ത്യാഗവും എല്ലാം ഭക്ഷണത്തിനുവേണ്ടിയുള്ള മാർഗം കണ്ടെത്താൻ വേണ്ടി തന്നെയാണ്.
ഖോർഫക്കാൻ തീരത്തെ മലയാളിയുടെ കടയിൽ ഭക്ഷണം സൗജന്യം  ജോലിയന്വേഷിച്ച് വന്നെത്തുന്ന ആർക്കും ജോലി കിട്ടുവോളം കഴിക്കാം . ഏതോ നല്ല സന്മാർഗശീലരായ അറബികൾ അവിടുത്തെ മലയാളിയെ പറഞ്ഞു ഏർപ്പാടാക്കി തരുന്നതാണ് ആ സൗജന്യ സൗകര്യം. ഇന്നും വെള്ളിയാഴ്ച്ച അതെ കടയിൽ അറബികളുടെ വക ഭക്ഷണം സൗജന്യമാണ്. ചരിത്രം തുടരുക തന്നെയാണ് , ഹുസൈൻ അറക്കകത്ത് നിറ തൃപ്തിയുടെ വാത്സല്യ ചിരിയുമായി ഇന്നും , ഈ 2020 ന്റെ ജനുവരിയുടെ രണ്ടാം പകുതിയിലെ നിറഞ്ഞ തണുതണുപ്പിൽ , ഷാർജയിൽ നടന്ന കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്‌മയുടെ എക്സികുട്ടീവ് കമ്മിറ്റി വേദിയിൽ ഈ ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ്.
51 വർഷം ഇവിടെ പൂർത്തിയാക്കിയ ഹുസൈൻ ഒരു ചരിത്രമാണ്. ഇതിഹാസ ജീവിതത്തിന്റെ അവകാശിയാണ്. ഓർമകളുടെ ഖനിയാണ് . കണ്ണൂർ സിറ്റിക്കാരുടെ അഭിമാനമാണ്.
ഖോർഫക്കാനിൽ ഹുസൈൻ എന്ന 18 കാരൻ വന്നിറങ്ങിയതുകൊണ്ട് മാത്രം കഥ അവസാനിക്കുന്നില്ല. ദുബായ് പിടിക്കണം. ആദ്യം ബ്രിട്ടീഷ് പോലീസ് കാണാതെ തുറന്ന ലാൻഡ് റോവറിൽ ദിബ്ബയിൽ എത്തണം . മസാഫി വഴി അജ്മാനിൽ കാൽകുത്തണം . പിന്നെ മരുഭൂ പ്രദേശത്തുകൂടി നടന്ന് ഷാർജയുടെ ഒരു ഭാഗത്ത് എത്തിച്ചേരണം . അവിടെ നിന്ന് അന്നത്തെ ഒരു രൂപ ഷെയറിങ് ടാക്‌സിയിൽ ദുബായിൽ നാസർ സ്‌ക്വയറിൽ എത്തണം . എന്നാൽ കണ്ണൂരുകാരുടെ സങ്കേതത്തിൽ താമസിക്കാം , ഭക്ഷണം സൗജന്യമായി കഴിക്കാം , ജോലി അന്വേഷിക്കാം , പരിചയക്കാരെ കണ്ടെത്താം അങ്ങനെ എല്ലാം എല്ലാമായി  അതാണ് ഏജന്റ് പറഞ്ഞ ദുബായ് എന്ന വാഗ്‌ദത്ത നഗരം. ഇതിനിടയിൽ പോലീസ് പിടിച്ചാൽ വലിയ പ്രശ്‌നമൊന്നും ദുബായിൽ ഇല്ലായിരുന്നുവെന്ന് ഹുസൈൻ ഓർക്കുന്നു . ഷെയ്ഖ് റാഷിദിന്റെ കാരുണ്യം അലിഖിത നിയമമായി അന്ന് നിലവിൽ ഉണ്ടായിരുന്നു. പോലീസ് ക്യാംപിൽ കൊണ്ടുപോയി നല്ല ബിരിയാണി കൊടുത്ത് പോലീസ് തന്നെ നാസർ സ്‌ക്വയറിൽ കൊണ്ടുവന്നുവിടും . പോ . എവിടെയെങ്കിലും പോയി പെട്ടെന്ന് ജോലി സന്പാദിച്ച് വേഗം രേഖകൾ റെഡി ആക്കി വാ . പോ . പെട്ടെന്ന് പോ. രാജാവിന്റെ കാരുണ്യത്തിൽ പ്രവാസികൾ അല്ലാഹുവിനോട് കൂടുതൽ കാരുണ്യവും രക്ഷയും അവർക്കുവേണ്ടി ചൊരിയേണമേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ച ദിന രാത്രങ്ങൾ .
ഹുസൈൻ അറക്കകത്ത് ഇപ്പോൾ ദുബായിലും അബുദാബിയിലും ഷാർജയിലും ഒക്കെയായി തന്റെ ബിസിനസ്സിന്റെ സംതൃപ്‌തി വിലയിരുത്തുന്പോൾ ഇങ്ങനെ മനസ്സിൽ വരുന്നത് നിരവധിപേരുടെ കാരുണ്യത്തിന്റെ കടലിനെ കുറിച്ചാണ് . സ്നേഹത്തിന്റെ തിരമാലകളെകുറിച്ചാണ്. ഒരു വൈദേശിക മാനവും നോക്കാതെ സ്വന്തം സഹോദരങ്ങളെപ്പോലെ തങ്ങളെ ഏറ്റെടുത്ത ഇവിടുത്തെ ഭരണാധികാരികളുടെ ഔദാര്യം നിറഞ്ഞ പൗരത്വ – താമസ – കുടിയേറ്റ നിയമത്തെകുറിച്ചാണ്.. ആ ഊഷ്‌മള അനുഭവ കഥകൾ നിലക്കുന്നില്ല. ദുബായ് വാർത്ത യിൽ അത് തുടരും.
error: Content is protected !!