fbpx
ദുബായ് ബിസിനസ്സ്

വഞ്ചനാ സ്വഭാവമുള്ള ജീവനക്കാരെ തിരിച്ചറിയാനുള്ള കഴിവ് ബിസിനസ്സിൽ വിജയത്തിന് അനിവാര്യമാണെന്ന് ECH മേധാവി ഇഖ്‌ബാൽ മാർക്കോണി

സമർപ്പണ ബുദ്ധി , കഠിനാധ്വാനം , ഏകാഗ്രത എന്നിങ്ങനെ ഇൻസ്പിറേഷൻ ക്ലാസ്സുകളിൽ പറയുന്ന കാര്യങ്ങളേക്കാൾ പ്രധാനം സ്വന്തം സ്ഥാപനത്തിലെ വഞ്ചനാ സ്വഭാവമുള്ള ജീവനക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഒരു ബിസിനെസ്സിൽ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നതെന്ന് UAE യിലെ ഏറ്റവും വലിയ ഡോക്യുമെന്റ് സർവീസ് ദാതാക്കളായ ECH ന്റെ ചെയർമാൻ ഇഖ്‌ബാൽ മാർക്കോണി അഭിപ്രായപ്പെട്ടു.

ഒരു വിജയിച്ച സ്ഥാപനം എന്ന രീതിയിൽ കെട്ടി ഉയർത്തിയതെല്ലാം ഉടമ കണ്ണടച്ച് തുറക്കുന്നതിനുമുന്പ് തന്നെ ചില സീനിയർ മാനേജർമാർ മറുകണ്ടം ചാടുകയും വഞ്ചനാപരമായ രീതിയിൽ രേഖകളും കോൺടാക്ട് നന്പറുകളും ഡാറ്റയും കടത്തി തത്തുല്യമായ ബിസിനസ് സമാന്തരമായി ആരംഭിക്കുന്ന രീതിക്കെതിരെ കരുതിയിരിക്കണമെന്ന് ഇഖ്‌ബാൽ മാർക്കോണി ഷാർജ എക്‌സ്‌പോയിൽ ഗൾഫ് മാധ്യമത്തിന്റെ കമോൺ കേരള പ്രോഗ്രാമിൽ ‘അൺബോക്‌സിംഗ് കോർപ്പറേറ്റ് ഡ്രീംസ്’ എന്ന സെഷനിൽ മറ്റ് ബിസിനെസ്സുകാരെ ഓർമിപ്പിച്ചു.

ബിസിനെസ്സിൽ ആരെയും വിശ്വസിച്ചുകൂടെന്ന പാഠമാണ് തന്റെ ജീവിതത്തിലും ഉണ്ടായ കയ്‌പേറിയ അനുഭവങ്ങൾ സൂചിപ്പിക്കുന്നതെന്നും അതിനെ മറികടക്കാൻ വിട്ടുവീഴ്ചയില്ലാത്ത മത്സരം കാഴ്ച വയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു മത്സരത്തിന് വളരെ കർശനമായ ജീവിത പോളിസികൾ അനിവാര്യമാണ്. ആളുകളെ വിശ്വസിക്കുന്നത് വ്യക്തിപരമായി ആകാവുന്നതാണെങ്കിലും ബിസിനെസ്സിൽ നയപരവും നിയമപരവുമായ കാര്യങ്ങൾക്കാണ് സ്‌ഥാനം നൽകേണ്ടതെന്നും ഇഖ്ബാൽ മാർക്കോണി വ്യക്തമാക്കി.

ഒരു രാത്രി കൊണ്ട് എല്ലാം തകർക്കപ്പെട്ട അനുഭവത്തിൽ നിന്ന് ഫിനിക്സ് പക്ഷിയാകാൻ കഴിഞ്ഞത് ശത്രുവിനെ പെട്ടെന്ന് കീഴടക്കാൻ കഴിഞ്ഞതിന്റെ വിജയം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രോഡക്റ്റ് നോളഡ്ജ് ഇല്ലാത്ത വിഷയത്തിൽ , എത്ര ലാഭം വാഗ്ദാനം ചെയ്യപ്പെട്ടാലും പണം മുടക്കരുതെന്നും അദ്ദേഹം യുവ സംരംഭകരെ ഓർമിപ്പിച്ചു.
എക്സ്പോ വേദിയിൽ പ്രോഗ്രാമിനിടെ ഒരു അവസരം വന്നപ്പോൾ സ്റ്റേജിൽ കയറി ഒരു പുരസ്‌കാരം സമർപ്പിക്കാൻ തന്റെ ഓഫീസിലെ ഒരു ലോവർ ഗ്രേഡ് ജീവനക്കാരനെ താൻ നിയോഗിച്ചത് മറ്റുള്ള മുതിർന്ന ജീവനക്കാർക്ക് പോലും അഭിമാനം ഉയർത്തുന്ന കാര്യമായി മാറിയെന്നും ഇത്തരം കാര്യങ്ങളിൽ ചിന്താശേഷിയുള്ളവർക്ക് മികവ് കണ്ടെത്താൻ കഴിയുമെന്നും ഇഖ്ബാൽ പറഞ്ഞു.

ദുബായ് ഗവൺമെന്റിന്റെ സേവനങ്ങൾ തികച്ചും പ്രൊഫെഷണൽ ആയി ഗ്യാരന്റിയോടെയും കൃത്യ നിഷ്ഠയോടെയും ഇടപാടുകാർക്ക് ഏറ്റവും കൂടുതൽ ചെയ്തുകൊടുത്തുകൊണ്ട് അംഗീകാരങ്ങൾ നേടിയ സ്ഥാപനമാണ് ഖിസൈസ് അൽത്വാർ സെന്ററിൽ പ്രവർത്തിക്കുന്ന ECH എന്ന എമിറേറ്റ്സ് കന്പനിസ് ഹൌസ്.

error: Content is protected !!