ഇന്ത്യ കേരളം

കേരളത്തിൽ മൂന്നാമത്തെയാൾക്കും കൊറോണ സ്ഥിരീകരിച്ചു

കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനിൽ നിന്നും തിരിച്ചെത്തിയ കാസർഗോഡ് ജില്ലാ സ്വദേശിയായ വിദ്യാർത്ഥിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു.

നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നും മന്ത്രി നിയമ സഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതുവരെ 104 സാമ്പിളുകൾ പരിശോധന നടത്തിയതിൽ തൃശൂർ, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാർത്ഥികളിൽ രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പരിശോധനയും സുരക്ഷയും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശങ്കയല്ല ജാഗ്രതയാണ് ഈ സമയം വേണ്ടതെന്നും വൈറസ് ബാധ സംബന്ധിച്ച സാമ്പിൾ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!