fbpx
ചുറ്റുവട്ടം

വീക്ഷണ സൗന്ദര്യം പ്രകടം; പ്രായോഗികത വെല്ലുവിളിയും – പ്രശാന്ത് മങ്ങാട്ട് (സി.ഇ.ഒ & എക്സിക്യൂട്ടീവ് ഡയറക്ടർ, എൻ.എം.സി.ഹെൽത്ത്)

സർവ്വതല സ്പർശിയും സ്വപ്നസമാനവുമായ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കേരള ബജറ്റിൽ സർക്കാരിന്റെ വീക്ഷണഗുണം പ്രകടമാണെങ്കിലും ഇന്നത്തെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ പ്രായോഗികത വെല്ലുവിളിയാണെന്ന് എൻ.എം.സി. ഹെൽത്ത് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രശാന്ത് മങ്ങാട്ട് പറഞ്ഞു. ഒരു ഉപഭോഗ സംസ്ഥാനമായി പാടെ മാറിപ്പോയ കേരളത്തെ ഉത്‌പാദന സംസ്കാരത്തിലേക്കും പ്രത്യുത്പന്ന ബോധത്തിലേക്കും തിരിച്ചു കൊണ്ടുവരുന്ന പല പദ്ധതികളും പാക്കേജുകളും ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റിൽ പറയുന്നുണ്ട്. നഗരകേന്ദ്രീകൃതമായ വലിയ വികസന കാര്യങ്ങൾക്കൊപ്പം ഗ്രാമീണ കേരളത്തിന്റെ പ്രകൃതിയും കാർഷിക സമ്പത്തും സ്ത്രീശക്തിയും പ്രയോജനപ്പെടുത്തുന്ന സംതുലിത സമീപനം ശ്രദ്ധേയമാണ്. അവശരും അർഹരുമായ ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുമ്പോൾ തന്നെ യുവതയുടെ സ്റ്റാർട്ട് അപ്പ് സംരംഭങ്ങളും മറ്റും പ്രോത്സാഹിപ്പിക്കുന്നു. പൊതുജനാരോഗ്യരംഗത്ത് എന്നും മാതൃകയായ കേരളം മാരക പകർച്ചവ്യാധികളെ പോലും ചെറുക്കുന്നതിൽ പുലർത്തുന്ന ജാഗ്രതയും മികവും പാഠമായി സ്വീകരിച്ചുകൊണ്ട് ഈ ബജറ്റ് ആരോഗ്യരക്ഷാ മേഖലയിലും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മറുനാടൻ മലയാളികളുടെ ക്ഷേമത്തോടൊപ്പം നിക്ഷേപങ്ങളെയും ബജറ്റ് ലക്‌ഷ്യം വെക്കുന്നുവെന്നതും നല്ലത്. ഭൂമി, കെട്ടിടം, വാഹനങ്ങൾ എന്നിവയിൽ ഫീസും നികുതിയും ആനുപാതികമായി വർദ്ധിപ്പിച്ചും നികുതി സമാഹരണം ത്വരിതപ്പെടുത്തിയും കാര്യക്ഷമമാക്കിയും സർക്കാർ ഖജനാവ് ശക്തമാക്കാനും ബജറ്റിൽ ശുപാര്ശകളുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിലും വിവിധ പാക്കേജുകൾ വഴി വികസനം എത്തിക്കാനുള്ള ശ്രമവും ബജറ്റിൽ കാണുന്നതായി പ്രശാന്ത് മങ്ങാട്ട് സൂചിപ്പിച്ചു.

error: Content is protected !!