അന്തർദേശീയം ഇന്ത്യ കേരളം

ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനം ; യമുനയിലെ ദുർഗന്ധം അകറ്റാൻ വെള്ളം തുറന്നുവിട്ടു, ചേരി നിവാസികളെ ഒഴിപ്പിക്കാനും നീക്കം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി ഉത്തർപ്രദേശ് ജലസേചന വകുപ്പ് യമുന നദിയിലേക്ക് 500 ക്യുസെക് വെള്ളം തുറന്നുവിട്ടു. നദിയുടെ പാരിസ്ഥിതിക അവസ്ഥമെച്ചപ്പെടുത്തുന്നതിനാണു ബുലന്ദ്ഷഹറിലെ ഗംഗനഹറിൽനിന്ന് യമുന നദിയിൽ വെള്ളം നിറച്ചതെന്ന് അധികൃതർ അറിയിച്ചു.

ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കാൻ നീക്കമുണ്ട് . ഏഴു ദിവസത്തിനകം വീട് ഒഴിയണമെന്ന് ചേരി നിവാസികളോട് അഹമ്മദാബാദ് കോർപറേഷൻ അധികൃതർ ആവശ്യപ്പെട്ടു.

മുൻപ് ചേരി മറയ്ക്കുന്നതിനായി മതിൽ കെട്ടുന്നത് വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. അഹമ്മദാബാദിലെ അഞ്ച് കോളനികളിലെ 4000ത്തോളം പേരോടാണ് വീട് ഒഴിയാൻ ആവശ്യപ്പെട്ട് കോർപറേഷൻ നോട്ടീസ് നൽകിയത്. ചേരി നിവാസികൾ കൈയ്യേറി താമസിക്കുന്നത് മുൻസിപ്പൽ കോർപറേഷന്റെ ഭൂമിയാണെന്നും ടൗൺ പ്ലാനിംഗിന്റെ ഭാഗമായാണ് നടപടിയെന്നും കോർപറേഷൻ പറയുന്നു. ട്രംപും മോദിയും പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് കോർപറേഷന്റെ വിശദീകരണം.

നേരത്തെ ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ കടന്നു പോകാൻ സാധ്യതയുള്ള ചേരി പ്രദേശങ്ങൾ മറയ്ക്കുന്നതിനായി മതില് കെട്ടാൻ ആരംഭിച്ചിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് ട്രംപിന്റെ സന്ദർശന വേളയിൽ അഹമ്മദാബാദിലെ ചേരികൾ കാണാതിരിക്കാനല്ല, മറിച്ച് സുരക്ഷ ഉറപ്പാക്കാനാണ് മതിൽ പണിയുന്നതെന്നായിരുന്നു ഗുജറാത്ത് സർക്കാറിന്റെ വിശദീകരണം. അതിനിടെ മതിലിന്റെ നിർമാണം താൽകാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു മണിക്കൂർ മാത്രം ഗുജറാത്തിൽ ചെലവഴിക്കുന്ന ട്രംപ് കടന്നു പോകുന്ന വഴികളിൽ കോടികൾ മുടക്കിയുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

ട്രംപ് കടന്നു പോകുന്ന വഴികളിലെ പാൻ മസാല കടകൾ സീൽ ചെയ്തതായും വഴിയിലെ തെരുവു നായ്കളെ പൂട്ടിയിടാൻ തീരുമാനിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു. ഫെബ്രുവരി 24,25 തീയതികളിലായിട്ടാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം. ട്രംപ് ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്.

error: Content is protected !!