fbpx
അന്തർദേശീയം ഇന്ത്യ ദുബായ്

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം: സന്ദർശന അജണ്ട വ്യക്തമാക്കി ട്രംപ്

ഇന്ത്യാ സന്ദർശനത്തിലെ പ്രധാന അജണ്ട വാണിജ്യ- വ്യാപാര വിഷയങ്ങളിൽ അമേരിക്കയ്ക്ക് അനുകൂലമായ നയമാറ്റത്തിന് ഇന്ത്യയെ നിർബന്ധിതമാക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകത്തെ ഏറ്റവും ഉയർന്ന തീരുവ ചുമത്തി വർഷങ്ങളായി അമേരിക്കയ്ക്കുമേൽ ഇന്ത്യ സൃഷ്ടിക്കുന്ന ആഘാതം ഇല്ലാതായാൽ അത് പുതിയ ഊർജമാകും നൽകുകയെന്ന് ട്രംപ് പറഞ്ഞു.

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്.

സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു മതസ്വാതന്ത്ര്യത്തെക്കുറിച്ച് തീര്‍ച്ചയായും ചര്‍ച്ചയുണ്ടാകുമെന്ന് ഉദ്യേഗസ്ഥന്‍ അറിയിച്ചത്.

അതേസമയം, ഇന്ത്യാ സന്ദർശനത്തിൽ ട്രംപിനെ അനുഗമിക്കുന്ന ഉന്നതതല സംഘത്തിൽ ഭാര്യ മെലാനിയക്ക് പുറമെ മകൾ ഇവാൻകയും ഭർത്താവ് ജറേഡ് കുഷ്‌നറും ഉണ്ടാകും എന്ന് അമേരിക്കൻ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഈ മാസം 24ന് ട്രംപ് ഇന്ത്യാ സന്ദർശനത്തിനായി എത്തും. ട്രംപിന്റെ വരവ് പ്രമാണിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ അഹമ്മദാബാദിൽ നടത്തുന്നത്. പ്രദേശത്തെ ചേരികൾ മറയ്ക്കാൻ മതിൽ പണിയുന്ന കാര്യം നേരത്തെ തന്നെ വിവാദമായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളം മുതൽ പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയം വരെയാണ് മതിൽ നിർമിക്കുക. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി ഉയരുന്നത്.

 

error: Content is protected !!