അബൂദാബി

യുഎഇ സൈക്ലിങ് ടൂർ സംഘത്തിലെ ഇറ്റലിക്കാരായ 2 പേർക്കുകൂടി കൊറോണ ; പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തി

യുഎഇ സൈക്ലിങ് ടൂർ സംഘത്തിലെ ഇറ്റലിക്കാരായ 2 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്തു കൊറോണ ബാധിതരുടെ എണ്ണം 21 ആയി. ഇതിനോടകം 5 പേർ രോഗം മാറി ആശുപത്രി വിട്ടു. ശേഷിച്ച 16 പേരാണ് ചികിത്സയിലുള്ളത്.  നിരീക്ഷണത്തിലുണ്ടായിരുന്നു യുഎഇ സൈക്ലിങ് ടൂർ സംഘത്തിലെ 612 പേരിൽ 450 പേർക്കും രോഗബാധയില്ലെന്നു സ്രവപരിശോധനയിലൂടെ വ്യക്തമായി.  162 പേരുടെ ഫലം വരാനുണ്ട്. ഹോട്ടലുകളിലും വീടുകളിലുമായി നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരിൽ ഭൂരിഭാഗം പേർക്കും രോഗമില്ലെന്നു തെളിഞ്ഞെങ്കിലും 14 ദിവസത്തിനുശേഷമേ വിട്ടയയ്ക്കൂ എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

വിവിധ രാജ്യങ്ങളിൽ കോവിഡ്–19 വ്യാപിച്ചു വരുന്നതിനാൽ യുഎഇയുടെ പ്രവേശന കവാടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രി അബ്ദുറഹ്മാൻ അൽ ഒവൈസ് പറഞ്ഞു.

error: Content is protected !!