ചുറ്റുവട്ടം

മുത്താഴ കഞ്ഞി മുതൽ മിഠായി തെരുവിലെ ഹലുവ വരെ, ഈ മലബാർ ഫെസ്റ്റിൽ

ഷാർജ : മലബാർ രുചി നിറഞ്ഞ വൈകുന്നേരങ്ങളെ കുറിച്ചുള്ള സങ്കടം നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ടമിടമായി മാറിയ ഷാർജ മുവൈലയിലെ സഫാരിമാളിൽ ആരംഭിച്ച മലബാർ ഫുഡ് ഫെസ്റ്റിവലിൽ പോയാൽ മതി.
മലബാർ രുചിയുടെ മഹോത്സവം സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. പ്രവാസ ഭൂമിയിലെ തിരക്കിനിടയിൽ വീണ് കിട്ടുന്ന ഒഴിവുവേളകളിൽ, നാടിൻെറ രുചി തേടുന്നവരെ സംതൃപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കാച്ചി തുണിയും പെങ്കുപ്പായവും അണിഞ്ഞ താത്തമാരും കൈയ്യുള്ള ബനിയനും മൗലാന ലുങ്കിയും പച്ച അരപ്പട്ടയും കെട്ടിയ കാക്കമാരും സന്ദർശകരെ മലബാർ തക്കാരം കൊണ്ട് മൂടുകയാണ്. സുപ്പുകൾ കൊണ്ടുള്ള തക്കാരത്തിൽ തുടങ്ങി, കോഴിൻെറ ദുനിയാവ്, മീനുകൾ പെടപെടക്കണ അറബി കടലിൻെറ ഖുദ്റത്ത്, പാത്തുമ്മാടെ ആട്, ഇറച്ചി കടയിൽ നിന്ന് കൊണ്ട് വന്ന പോത്തിറച്ച് കൊണ്ട് അപ്പപ്പോൾ തീർക്കുന്ന അതൃപ്പങ്ങൾ, ദമ്മിട്ട ബിരിയാണി, അമ്മായിയുടെ പലഹാര പെരുമ, റമദാനിന് കാത്തുനിൽക്കാതെ വന്ന മുത്താഴ കഞ്ഞി, മരുമോളുടെ കൈപ്പുണ്യം, കിഴികളിൽ തീർത്ത രുചി കൂട്ടുകൾ, സഫാരിയുടെ സ്വന്തം കുലുക്കി സർബ്ബത്ത്, അവിൽ മിൽക്ക് തുടങ്ങിയ മധുരങ്ങൾ യഥേഷ്ടം, ഉപ്പിലിട്ടവയുടെ രുചി അറിഞ്ഞാൽ വായിൽ കപ്പലോടും. മിഠായി തെരുവിലെ ഹലുവയുടെ മധുരം മൊത്തം നിരത്തിയിട്ടുണ്ട്, സമാവറിൽ തയ്യാറാക്കുന്ന തനി നാടൻ ചായയും ചൊടിച്ചായയും ആവോളം. പോയവാരം സമാപിച്ച നാടൻ തട്ടുകടക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ തട്ടുകട വൈറലായിരുന്നു.
താഴത്തെ നിലയിലും രണ്ടാം നിലയിലും ആയി നടക്കുന്ന മലബാർ ഫുഡ്ഫെസ്റ്റ് ഇന്ത്യക്കാരെയും ഇതര രാജ്യക്കാരെയും ആകർഷിക്കുന്നു. ഉത്സവത്തിൽ ഭക്ഷണം വിളമ്പുന്നവരുടെ വസ്ത്രത്തിലെ വൈവിധ്യം കണ്ട് ഫോട്ടോ എടുക്കുന്നവർക്ക് രുചിയിലെ പുതുമയെ കുറിച്ചും പറയുമ്പോൾ ആയിരം നാവ്. രാവിലെ 11 മുതൽ രാത്രി 12 വരെ നീളുന്ന ഫെസ്റ്റിനോടനുബന്ധിച്ച് പ്രത്യേക പരിപാടികളും നടക്കുന്നുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ഗായകൻ ആസിഫ് കാപ്പാടിൻെറ നേതൃത്വത്തിൽ നടന്ന മലബാർ സംഗീതോത്സവം ആസ്വദിക്കാൻ നൂറ് കണക്കിന് പേരാണ് എത്തിയത്.

error: Content is protected !!