fbpx
ദുബായ്

സ്വപ്‌ന സാഫല്യം : നമ്മുടെ മാമുക്കോയ ദുബായിൽ സാധാരണക്കാർക്കായി ബഡ്‌ജറ്റ്‌ വിരുന്നൊരുക്കുന്നു !

മാമുക്കോയയുടെ ദീർഘ കാലത്തെ ആഗ്രഹം മാർച്ച് 8 ഞായറാഴ്ച പൂവണിയുന്നു. സാധാരണക്കാരായ പ്രവാസികൾക്കായി ബഡ്‌ജറ്റ്‌ റെസ്റ്ററന്റ് ഒരുക്കി, ഏറ്റവും മാന്യമായി സൽക്കരിക്കുക എന്ന തന്റെ ദീർഘകാല സ്വപ്നമാണ് ഇപ്പോൾ ചില ചെറുപ്പക്കാരുടെ സഹായത്തോടെ സഫലമാകുന്നതെന്ന് മാമുക്കോയ പറയുന്നു.

ദുബായിലെ കരാമയിൽ വെസ്റ്റ് സോൺ സൂപ്പർമാർക്കറ്റിന് അടുത്തുള്ള ‘മാമുക്കാസ് റെസ്റ്ററന്റ് ‘ ഞായർ വൈകുന്നേരം 5 മണിക്ക് മാമുക്കോയ തന്നെ ഉൽഘാടനം ചെയ്യുകയാണ്. നല്ല ഒന്നാന്തരം നെയ്‌ച്ചോർ ആണ് തന്റെ ബ്രാൻഡിന്റെ വലിപ്പം ഉണ്ടാക്കുന്നത് . ഒപ്പം ചിക്കനും ബീഫും ഒക്കെച്ചേരുന്ന കോംബോ ഏതൊരു പ്രവാസിക്കും ആദായവിലയിൽ ആസ്വദിച്ചുകഴിക്കാവുന്ന വിധത്തിലാണ് സജ്ജീകരണം. അതിന് പറ്റിയ വില നിലവാരമാണ് മാമുക്കോയ നൽകിയിരിക്കുന്നത്. അമിത ലാഭം ഒരിക്കലും പാടില്ലെന്ന് വിശ്വസിക്കുന്ന മാമുക്കോയ കൂടുതൽ പേർക്ക് നല്ല ആഹാരം വിളന്പി കുറഞ്ഞ ലാഭം എടുത്ത് ഐശ്വര്യം സ്വന്തമാക്കണമെന്ന അഭിപ്രായക്കാരനാണ്. വിശപ്പിന് പരിഹാരം ലക്ഷ്വറി അല്ല . ശുദ്ധമായ ആഹാരം രുചികരമായും നാടൻ രീതികൾക്ക് അനുസരിച്ചും വിളന്പുക എന്നതാണ് നയം.
ദുബായിൽ കറാമ മാത്രമല്ല , ഖിസൈസിലും ദെയ്‌റയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഇത്തരം ഇക്കണോമിക് റെസ്റ്ററന്റ് ഔട്‍ലെറ്റുകൾ ആരംഭിക്കാനാണ് പരിപാടിയെന്ന് മാമുക്കോയ ദുബായ് വാർത്തയോട് പറഞ്ഞു. തലശ്ശേരി ഫ്ലേവർ ബിരിയാണിയും ചട്ടിച്ചോറും 10 ദിർഹത്തിൽ താഴെ വിൽക്കുന്ന രീതിയാണ് മാമുക്കാസ് റെസ്റ്ററന്റ് അവലംബിച്ചിരിക്കുന്നത്. പ്രാതലും ഉച്ച ഭക്ഷണവും അത്താഴവും ഒക്കെയുണ്ട് ഈ വില നിലയിൽ. തനി നാടൻ പലഹാരങ്ങളും നാടൻ കൂൾ ഡ്രിങ്ക്‌സും സർബത്തും ലഭ്യം. പാർസലും റെഡി.
ഏതായാലും മാമുക്കോയയോട് കുശലം പറയാൻ ഞായറാഴ്ച പ്രവാസികൾക്ക് അടുത്ത അവസരം നൽകുകയാണ് പാർട്ണർമാരായ കെ വി അബ്ദുൽ റഷീദ് ആലൂർ , ഹാരിസ് തലശ്ശേരി , സുഹൈർ സെയ്‌ദ് മുഹമ്മദ് കൂറ്റനാട് എന്നിവർ . ഹൈദ്രു വരവൂർ (തൃശൂർ) ആണ് പ്രധാന ഷെഫ് . അഷ്‌റഫ് പുല്ലൂക്കര തലശ്ശേരി ആണ് റെസ്റ്ററന്റ് മാനേജർ. കരാമയിൽ ഭക്ഷണ വിഷയത്തിൽ ഒരു വലിയ മാറ്റമാണ് മാമുക്കാസ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്.

error: Content is protected !!