fbpx
video ബഹ്റൈൻ യാത്ര

ബഹ്റൈൻ എയർപോർട്ടിൽ മലയാളി കണ്ട കൊറോണ പ്രതിരോധം; വൈറലായി വീഡിയോ

മനാമ: കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ ബഹ്‌റൈന്‍ വിമാനത്താവളത്തിൽ പരിശോധിക്കുന്ന മലയാളിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈജിപ്ത് യാത്ര കഴിഞ്ഞ് മങ്ങിയെത്തിയ ബഹ്റൈൻ പ്രവാസിയും മാധ്യമ പ്രവർത്തകനും കൂടിയായ കെ ടി നൗഷാദ് ‘ട്രാവൽ ഉലകം’ എന്ന തൻ്റെ വ്ലോഗിൽ ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. മറ്റു രാജ്യങ്ങൾക്ക് ഉൾപ്പടെ മാതൃകയാക്കാവുന്ന പ്രവർത്തനമാണ് ബഹ്റൈൻ കൊറോണക്കെതിരെ നടത്തുന്ന പ്രതിരോധ മുൻകരുതലുകളെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

വീഡിയോ കാണാം:

നേരത്തെ ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരുന്നു. മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്ന പ്രവര്‍ത്തനമാണ് ബഹ്‌റൈന്റെതെന്ന് ലോകാരോഗ്യ സംഘടനയും പറഞ്ഞിരുന്നു.

വിമാനത്താവളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കെ ടി നൗഷാദ് പറയുന്നതിങ്ങനെ:

വൈറസ്ബാധയുള്ള രാജ്യങ്ങളെന്ന നിലയിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള 12 രാജ്യങ്ങളിലൊന്നായ ഈജിപ്തിൽനിന്ന് വന്നിറങ്ങിയതുകൊണ്ടാണ് പ്രതിരോധ നടപടികൾ നേരിട്ട് അറിയാൻ കഴിഞ്ഞത്. എയർപോർട്ടിനകത്ത് ബഹ്റൈൻ പ്രത്യേകമായി ഒരുക്കിയിട്ടുള്ള ക്വാറന്റീൻ സെന്ററുകൾ എടുത്തു പറയേണ്ടതാണ്.

ബഹ്റൈന്റെ പ്രതിരോധ നടപടികൾ തുടങ്ങുന്നത് ഒരു ഫോമിൽ നിന്നാണ്. കെയ്റോയിൽ നന്ന് ചെക്ക് ഇൻ ചെയ്യുമ്പോൾതന്നെ ആരോഗ്യമന്ത്രാലയത്തിന്റെ ഈ ഫോം കിട്ടും. യാത്രയ്ക്കിടെ വിമാനത്തിലും ഇത് വിതരണം ചെയ്യുന്നുണ്ട്. കൊറോണ വൈറസ് ബാധിതമായ 12 രാജ്യങ്ങളിൽ രണ്ടാഴ്ചയ്ക്കകം പോയിട്ടുണ്ടോ എന്നതാണ് ഇതിലെ പ്രധാന ചോദ്യം.

വിമാനം ലാൻഡ് ചെയ്ത ഉടൻ ഒരു അനൗൺസ്മെന്റ് വന്നു. മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രക്കാർ മാത്രം വിമാനത്തിനു പുറത്തിറങ്ങാനും ബാക്കിയുള്ളവർ സീറ്റിൽതന്നെ ഇരിക്കാനുമായിരുന്നു അത്. ബഹ്റൈനിൽ ഇറങ്ങേണ്ട 36 യാത്രക്കാരാണ് പിന്നെ വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ അറൈവൽ ഏരിയയിൽ പ്രവേശിപ്പിക്കാതെ ബസിൽ കയറ്റി മറ്റൊരിടത്തേക്കു കൊണ്ടുപോയി.

മെയിൻ ബ്ലോക്കിൽനിന്ന് വളരെ അകലെ പ്രത്യേകം ഒരുക്കിയ കുറേ ടെന്റുകളിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.

കൊറോണ വൈറസ് ബാധയ്ക്കെതിരെ ബഹ്റൈൻ എത്രമാത്രം ശ്രദ്ധ ചെലുത്തുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ നടപടികൾ. വൈറസ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇവിടെ വന്നിറങ്ങുമ്പോൾ അവരെ വിമാനത്താവളത്തിൽ കയറ്റാതെ നേരേ ഈ ക്വാറന്റീൻ ടെന്റിലേക്കാണ് കൊണ്ടുവരുന്നത്.

ഈ ടെന്റിൽ നിന്ന് 10 പേരെ വീതം മറ്റൊരു ടെന്റിലേക്ക് ബസിൽ കൊണ്ടുപോയി. പരിശോധനയ്ക്കു പുറമേ കൊറോണ വൈറസ് ടെസ്റ്റിനായി മൂക്കിൽനിന്ന് സ്വാബ് എടുക്കുന്നതും ഈ ടെന്റിൽ വച്ചാണ്. ഇൻഫ്രാറെഡ് തെർമോമീറ്റർ നെറ്റിയിലേക്ക് ചൂണ്ടി പനിയുണ്ടോ എന്ന് പരിശോധിക്കലാണ് ആദ്യഘട്ടം. അതിനുശേഷം യാത്രക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. മൂക്കിൽ നിന്ന് ദ്രവം പരിശോധനയ്ക്കായി എടുത്തു. ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും അടുത്ത 14 ദിവസം ജോലിക്ക് പോകരുതെന്ന് നിർദ്ദേശിച്ച് രോഗാവധിക്കുള്ള സർട്ടിഫിക്കറ്റ് അവിടെവച്ചുതന്നെ ഡോക്ടർ കൈമാറി. ശേഷം ആദ്യത്തെ ടെന്റിലേക്കു തിരിച്ചു കൊണ്ടുപോയി.

പിസിആർ ടെസ്റ്റ് പൂർത്തിയായി ഫലം അറിയാൻ ആറു മണിക്കൂർ വേണം. ആ സമയം വരെ ഇവിടെ ഇരിക്കണം. ഫലം നെഗറ്റീവാണെങ്കിലേ വീട്ടിലേക്കു പോകാൻ അനുവദിക്കൂ. പോസിറ്റീവ് ആണെങ്കിൽ യാത്രക്കാരെ ക്വാറന്റീൻ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവ് ആണെങ്കിലും ചില രാജ്യങ്ങളിൽനിന്നു വരുന്നവരെ 14 ദിവസത്തേക്ക് മാറ്റി താമസിപ്പിച്ച ശേഷമാണ് വീട്ടിലേക്കു പോകാൻ അനുവദിക്കുന്നത്.

വൈകിട്ട് 5 ന് വിമാനം ഇറങ്ങിയെങ്കിലും ടെസ്റ്റിനായി എന്റെ സ്വാബ് എടുത്തത് 8 മണിക്കാണ്. സ്ത്രീകളെയും കുട്ടികളെയുമാണ് ആദ്യ ബാച്ചിൽ പരിശോധിക്കുക. ഫലം ലഭിക്കാൻ പുലർച്ചെ 2 വരെ കാത്തിരിക്കണം. സമയം ചെലവിടാനായി അത്യാവശ്യം സൗകര്യങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കിടക്കാനുള്ള സൗകര്യവും വെള്ളവും ഭക്ഷണവും ലഭിക്കും. മൂന്ന് മണിയോടെ ഈ വിമാനത്തിലെ എല്ലാവരുടെയും ഫലം നെഗറ്റീവാണ് എന്ന അറിയിപ്പു വന്നു. പിന്നെ ജീവനക്കാർ ലിസ്റ്റുമായി എത്തി പേരുവിളിച്ച് ഓരോരുത്തരെയായി ബസിൽ കയറ്റി.

വൈറസ് ബാധയുള്ള രാജ്യങ്ങളിൽനിന്നു വരുന്നവർക്കു മാത്രമായി ഒരുക്കിയ ഇമിഗ്രേഷൻ ആൻഡ് പാസ്പോർട്ട് കൺട്രോൾ പ്രവർത്തിക്കുന്ന ടെന്റിലേക്കാണ് കൊണ്ടുപോയത്. ശേഷം വീണ്ടും ബസിൽ കയറ്റി എയർപോർട്ടിലെ പ്രത്യേക എക്സിറ്റിൽ എത്തിച്ചു. അപ്പോഴേക്കും യാത്രക്കാരുടെ ലഗേജുകൾ അവിടെ എത്തിച്ചിരുന്നു. പുറത്തെത്തുമ്പോൾ പുലർച്ചെ 5 മണി ആയിരുന്നെങ്കിലും വിഷമമൊന്നും തോന്നിയില്ല. വൈറസിനെ നിയന്ത്രിക്കാൻ ഒരു ഭരണകൂടം പരമാവധി ശ്രമിക്കുമ്പോൾ നമുക്കുണ്ടാകുന്ന വ്യക്തിപരമായ അസൗകര്യങ്ങൾ പരിഗണിക്കാതെ അതിനോട് സഹകരിക്കുകയാണല്ലോ വേണ്ടത്. എന്റെ കൂടെ ഈജിപ്തിലുണ്ടായിരുന്ന അമേരിക്ക, ഗ്രീസ്, റഷ്യ എന്നീ രാജ്യങ്ങളിലെ സഹപ്രവർത്തകർ അവരുടെ രാജ്യങ്ങളിൽ വിമാനം ഇറങ്ങിയപ്പോൾ ഇങ്ങനെ ഒരു പരിശോധന ഉണ്ടായില്ലെന്ന് അറിയിച്ചു. അതുകൂടി മനസ്സിലാക്കുമ്പോൾ കൊച്ചു രാജ്യമായ ബഹ്റൈൻ നടത്തുന്ന പ്രതിരോധ പ്രവർത്തനത്തെ അഭിനന്ദിക്കാതിരിക്കാനാകില്ല.

error: Content is protected !!