fbpx
ഇന്ത്യ കേരളം ദുബായ്

ഡോ: ടി.പി. അഹമ്മദലി വിടവാങ്ങി

അഹമ്മദലി ഫൌണ്ടേഷൻ ചെയർമാനും ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക ഉപദേഷ്ടാവും , ചരിത്രാന്വേഷിയുമായിരുന്ന ഡോക്ടർ അഹമ്മദലി യുടെ ആകസ്മിക വിയോഗം ഏറെ ദുഃഖത്തോടെയാണ് ഇന്ന് പുലർച്ചെ ശ്രവിച്ചത്. ഇന്നലെ രാത്രിയായിരുന്നു അന്ത്യം. എഴുപത് കാലഘട്ടങ്ങളിലെ കാസറഗോഡ് പ്രദേശക്കാരായ ഒട്ടേറെ പേരുടെ ഗൾഫ് സ്വപ്നങ്ങൾ പൂവണിഞ്ഞത് ഡോ. അഹമ്മദലിയെന്ന മന്യുഷ്യ സ്നേഹിയിലൂടെ ആയിരുന്നു.ജനീവ ആസ്ഥാനമായി ഗലദാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫിനാൻഷ്യൽ ഡയറക്ടറായി രണ്ട് പതിറ്റാണ്ട് കാലത്തെ സേവനം. ന്യൂ ഡെൽഹി യുണൈറ്റഡ് ഡാറ്റാ ഇന്ത്യാ ലിമിറ്റഡ്, ടെലി ഡയറക്ട് ഇൻഫോർമാറ്റിക് ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ തുടങ്ങി നിരവധി കമ്പനികളുടെ ചെയർമാൻ സ്ഥാനം അലങ്കരിച്ചിരുന്നു.

ദുബായിൽ ഇദം പ്രഥമയായി 1978 ൽ ആരംഭിച്ച ഖലീജ് ടൈംസ് ഇംഗ്ലീഷ് ദിന പത്രത്തിന് ബീജം നൽകിയതും പ്രാവർത്തികമാക്കിയതും അദ്ദേഹത്തിലൂടെയായിരുന്നു. പുസ്തക വായനയും , ചരിത്രാന്വേഷണങ്ങും ജീവിതം മുഴുവൻ ഒപ്പം കൊണ്ടു നടന്നു. അതിന്റെ ഭാഗമായാണ്
കാസറഗോഡ് മുനിസിപ്പൽ ലൈബ്രറിയുമായി ചേർന്ന്
മുനിസിപ്പാലിറ്റിയുടെ ആദ്യ ലൈബ്രേറിയനും, പുസ്തക പ്രേമിയുമായിരുന്ന അദ്ദേഹത്തിന്റ വന്ദ്യ പിതാവിന്റെ പേരിൽ
ആധുനിക രീതിയില്‍ മുപ്പത്തഞ്ച് ലക്ഷം രൂപ സ്വന്തം ചെലവിൽ സജ്ജീകരിച്ച തെക്കില്‍ പുതിയ മാളിക മുഹമ്മദ് കുഞ്ഞി റഫറന്‍സ് ആന്റ് റിസര്‍ച്ച് സെന്റർ നിർമ്മിച്ച് നൽകിയത്. കഴിഞ്ഞ മാസം 26 ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭനാണ് ഇത് ഉൽഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്.

ഈ ലൈബ്രറിയിലേക്ക് അദ്ദേഹം സംഭാവന ചെയ്ത നിരവധി പുസ്തകങ്ങൾക്കിടയിൽ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് 1588 ൽ തയ്യാറാക്കിയ
പേർഷ്യൻ ഭാഷയിലുള്ള കയ്യെഴുത്ത് ഭഗവദ്ഗീത . പതിനാറാം നൂറ്റാണ്ടിൽ, മുഗൾ സുൽത്താൻ അക്ബറിന്റെ കൊട്ടാരം പണ്ഡിത സദസ്സിലെ അംഗം ഷെയ്ക്ക് അബു അൽ ഫൈസിയാണ് ആദ്യമായി ഭഗവദ്ഗീത പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റിയത്. 40 വർഷങ്ങൾക്ക് മുമ്പ് ലണ്ടനിൽ വെച്ചാണ് ഡോക്ടർ അഹമ്മദലി ഇത് സ്വന്തമാക്കിയത്. സംസ്കൃതത്തിൽ നിന്ന് നേരിട്ട് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ഈ 840 പേജുള്ള പുസ്തകം മുഴുവനും കൈകൊണ്ട് എഴുതിയതാണ്. ഇതിലെ ചിത്രങ്ങളെല്ലാം കൈകൊണ്ട് വരച്ചു ചേർത്തതാണ്.

ഈ അമൂല്യ ഗ്രന്ഥം ഉൾപ്പെടെ ഒട്ടേറെ ചരിത്ര രേഖകളടങ്ങുന്ന പുസ്തക ശേഖരങ്ങൾ അദ്ദേഹം നാടിന് സമർപ്പിച്ചത് ഇന്നത്തെ ചരിത്ര വിദ്യാർത്ഥികൾക്ക് ഏറെ മുതൽക്കൂട്ടാവുന്നതാണ്.
അദ്ദേഹത്തിന്റെ ചരിത്ര ശേഖരങ്ങളിൽപെട്ട ഒന്നാണ് ബ്രിട്ടീഷ് ഇന്ത്യാ കാലഘട്ടങ്ങളിലെ ബാസിൽ മിഷൻ ഉത്തര മലബാറിൽ 1888 ൽ നടപ്പാക്കിയ വിദ്യാഭ്യാസ സ്ഥാപനമായ തെക്കിൽ സ്ക്കൂളിന്റെ വിജ്ഞാപന കുറിപ്പ്.

ചരിത്രവും , പഠനവും ജീവിത സപര്യയാക്കിയ ഡോക്ടറുടെ അന്വേഷണങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. മൂന്നര പതിറ്റാണ്ട് കാലം മുമ്പ് തുടങ്ങി വെച്ച സ്വത്വം തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര. കാലഹരണപ്പെട്ടു പോയ തറവാടിന്റെ ഇരുനൂറ്റി അമ്പത് വർഷങ്ങൾ പഴക്കമുള്ള ചരിത്ര ശേഷിപ്പുകൾ തപ്പിയെടുത്ത് അവ ചേർത്തു വെക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡിന്റെ വിവിധ പ്രദേശങ്ങളിൽ ചിതറിപ്പോയിരുന്ന അഷ്ടബന്ധങ്ങളെ കൂട്ടി യോജിപ്പിച്ച് ചെമ്മനാട് മാഹിങ്ക ഫൌണ്ടേഷൻ എന്ന പേരിൽ മാഹിങ്ക തറവാട് കൂട്ടായ്മക്ക്‌ രൂപം കൊടുക്കുകയും അതിനായി ഒരു വംശാവലി ഡയറക്ടറി തയ്യാറാക്കുകയും ചെയ്തു. ഈ ഒരു മഹത് കർമ്മത്തിലൂടെ കുടുംബ ബന്ധങ്ങൾ തിരിച്ചറിയുകയും നിരവധി നിർധന കുടുംബങ്ങൾക്ക് വിദ്യാഭ്യാസ സഹായം നൽകി വരുകയും ചെയ്യുന്നു. വിദ്യാഭ്യാസ വളർച്ചക്കായി ജന്മനാടായ കാസറഗോഡ് തെക്കിൽ സ്ക്കൂളിലും, കുടുംബത്തിലും അകമഴിഞ്ഞ് സഹായിച്ചു കൊണ്ടിരുന്നു.

മാഹിങ്ക തറവാട് വഴിയിൽ കൈവന്ന സ്നേഹ ബന്ധമാണ് എന്നെ അഹമ്മദലിച്ചയുമായി ഏറെ അടുപ്പിച്ചത്. കോട്ടപ്പുറം ഞങ്ങളുടെ കുടുംബ തറവാടുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ യു.എ.ഇ. സന്ദർശന വേളയിൽ അൽ ഐൻ മ്യൂസിയം സന്ദർശിച്ചപ്പോൾ ചരിത്ര കുതുകിയായ ഒരു വിദ്യാർത്ഥിയെ പോലെ ദിവസം മുഴുവനും അറേബ്യൻ സാംസ്ക്കാരിക പൈതൃകങ്ങളെ പഠനം ചെയ്യുകയും ഓരോ ചരിത്ര വസതുക്കളെയും ഒപ്പിയെടുക്കുകയും ചെയ്തത് മനസ്സിൽ ഓർമ്മയായി നിൽക്കുന്നു.

error: Content is protected !!