fbpx
അബൂദാബി ആരോഗ്യം

കൊറോണ വൈറസ് ; യു എ ഇയിലെ ബാച്ചിലർ റൂമിൽ താമസിക്കുന്നവരുടെ ശ്രദ്ധക്ക്

അനുദിനം കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെ ജീവിതത്തെ ക്രമപ്പെടുത്തേണ്ടതുണ്ട്. ഗൾഫിൽ കൂടുതൽ പേരും താമസിക്കുന്നത് ബാച്ചിലർ റൂമുകളിലാണ്. ഒരു റൂമിൽ തന്നെ എട്ടും പത്തും അതിൽ കൂടുതലും താമസിക്കുന്നവർ ഉണ്ട്. ഒരാളുടെ അശ്രദ്ധ ഒരുപാടുപേരെ ദുരിതത്തിലാക്കാൻ കാരണമാക്കും. സ്വന്തത്തിലും ചുറ്റുമുള്ളവരിലും പ്രത്യേക ശ്രദ്ധയുണ്ടാവുകയും ജാഗ്രത പാലിക്കുകയും വേണം.

ഓരോ അംഗങ്ങളും വ്യത്യസ്ത സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവരാണ്. വ്യത്യസ്ത ആളുകളുമായി ഇടപഴകുന്നവരാണ്. അതുകൊണ്ടുതന്നെ റൂമിലേക്ക് കയറുന്നതിനു മുമ്പുതന്നെ കൈ സാനിറ്റെയിസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ അണുവിമുക്തമാക്കുക. 20 സെക്കന്റ് എങ്കിലും എടുത്ത് കൈയുടെ എല്ലാ ഭാഗവും എത്തുന്ന രൂപത്തിൽ വേണം ഇങ്ങനെ ചെയ്യാൻ. കൈ എങ്ങനെയാണ് അണുവിമുക്തമാക്കേണ്ടതെന്ന വീഡിയോ നാം കണ്ടതാണ്. അതുപോലെതന്നെ കൃത്യമായി ചെയ്യുക.

റൂമിന്റെ വാതിൽക്കൽ തന്നെ ഒരു ഹാൻഡ് സാനിറ്റെയിസർ വാങ്ങി വെച്ചാൽ നന്നായി. അല്ലെങ്കിൽ അണുവുള്ള കൈകൊണ്ട് വാതിൽ തുറന്ന് അകത്ത് തൊടുന്നിടത്തെല്ലാം പരക്കാൻ സാധ്യതയുണ്ട്. പുറത്തേക്കു ധരിച്ചു പോകുന്ന ഡ്രസ് റൂമിലെത്തിയാൽ ഊരുക. റൂമിൽ ധരിക്കാനായി മാത്രമുള്ളവ ഉപയോഗിക്കുക. വന്നയുടനെ ഒന്നു കുളിച്ചാൽ ഭംഗിയായി. നമ്മുടെ ബെഡും റൂമും ചുറ്റുമാടും വൃത്തിയായി ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും രോഗലക്ഷണവുള്ളവർ ഉടൻ തന്നെ ആശുപത്രിയിൽ പോകുക.

അത്യാവശ്യത്തിനല്ലാതെ ഒരാളും പുറത്തേക്ക് പോകരുത്. പുറത്തുനിന്നുള്ള ഭക്ഷണം, സന്ദർശനങ്ങൾ എന്നിവ ഒഴിവാക്കുക. ഇനി അത്യാവശ്യത്തിനു പുറത്തുപോയി വന്നാൽ മേൽപ്രകാരം വൃത്തിയാവുക. അങ്ങനെ വൃത്തിയാവാൻ മറ്റു അംഗങ്ങളോട് കർക്കശമായിത്തന്നെ പറയുക. അവിടെ വലുപ്പ ചെറുപ്പമൊന്നും നോക്കേണ്ടതില്ല. ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും ജീവിച്ചാൽ നമുക്ക് ഈ വിപത്തിനെ അതിജയിക്കാം. അതല്ല അലംഭാവത്തോടെ ജീവിച്ചാൽ നമുക്കും ലോകത്തിനും അപകടകരമാണ്. നമ്മുടെ അശ്രദ്ധ മൂലം ഒരാൾക്കും ഇതുവരില്ല എന്ന് പ്രതിജ്ഞയെടുക്കുക.

നാട്ടിലേക്കു പോയ സുഹൃത്തുക്കളുണ്ടെങ്കിൽ അവർ ഐസൊലേഷനിൽ കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കുക. അവരെ ഭവിഷ്യത്ത് ബോധ്യപെടുത്തുക. പ്രാർഥനയും മറ്റു ആരാധനാകർമങ്ങളും പതിവാക്കുക. നാട്ടിലെ കുടുംബത്തെ കൃത്യമായി ബോധവത്കരിക്കുക. ഈ മഹാമാരിയെ തുരത്തുന്നതുവരെ നമുക്കൊന്നു സഹിക്കാം സഹകരിക്കാം ജാഗ്രതയോടെ ഉണർന്നിരിക്കാം.

ഉള്ളടക്കം കടപ്പാട് ;  (ഫേസ്ബുക്  / വാട്ട്സ് ആപ്പ് )

 

error: Content is protected !!