fbpx
അബൂദാബി ആരോഗ്യം ദുബായ്

നാട്ടിലെത്താൻ നിർബന്ധിതരായവർക്കു എംബസ്സി സൗകര്യമൊരുക്കണം ; മലബാർ പ്രവാസി സൗഹൃദ വേദി

ദുബായ് : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്താൻ നിർബന്ധിതരായവർക്കു ഇന്ത്യൻ

എംബസ്സിയും, കോൺസുലേറ്റുകളും മുൻഗണന ലിസ്റ്റ് തയാറാക്കി സൗകര്യമൊരുക്കണമെന്നു
മലബാർ പ്രവാസി സൗഹൃദ വേദി നേതാക്കളായ അഷ്‌റഫ് താമരശ്ശേരി,  മോഹൻ എസ് വെങ്കിട്ട് ,
ഫൈസൽ മലബാർ, ജെയിംസ് മാത്യു, രാജൻ കൊളാവിപാലം, ജമീൽ ലത്തീഫ് , അഡ്വ.മുഹമ്മദ് സാജിദ് ,
ഡോ. ബാബു റഫീഖ് , മലയിൽ മുഹമ്മദ് അലി എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.
യാത്രാസൗകര്യമില്ലാത്തത്  മൂലം, രോഗികളും അല്ലാത്തവരുമായ ആയിരക്കണക്കിന് പ്രവാസികൾ
കഷ്ടപ്പെടുകയാണ്. ഇതിലേറെയും സന്ദർശക വിസയിൽ ബന്ധുക്കളുടെ അടുത്തെത്തിയവരാണ്.
ഇവരിൽ വൃദ്ധന്മാരും, ഗര്ഭിണികളും, പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്.
ഹൃസ്വ കാല വിസയിൽ തൊഴിൽ തേടിയെത്തിയ ആയിരങ്ങളും നാട്ടിലേക്കു തിരിച്ചു പോകാനുള്ള
അവസരവും കാത്തു കഴിയുന്നു. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, തൊഴിൽ നഷ്ടപ്പെട്ടവരും,
ദീര്ഘവധി നിര്ദേശിക്കപ്പെട്ടു ജോലിക്കു പോകാനാവാതെ, ശമ്പളമില്ലാതെ കഴിയുന്നവരും, അധ്യയനം
മുടങ്ങിയ പ്രവാസി വിദ്യാർത്ഥികളും ധാരാളമുണ്ട്.  ജോലി നഷ്ടപ്പെട്ടേക്കാമെന്ന ഭീഷണിയിൽ വേതനവും,
താമസ സൗകര്യവുമില്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്നവരുമുണ്ട് . ഇത്തരക്കാർക്ക് വിമാനയാത്ര
സൗകര്യമില്ലാത്തതു മൂലം നാട്ടിൽ എത്തിപെടാൻ പോലും സാഹചര്യം ഇല്ലാതായിത്തീർന്നിരിക്കുന്നു.
സാധാരണ മരണം സംഭവിച്ച മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
തങ്ങളുടെ നാട്ടുകാർക്ക് ഈ പ്രതിസന്ധി ഘട്ടത്തിൽ അവരവരുടെ നാട്ടിലെത്താനും, കുടുംബക്കാരെ
കാണാനും ഉള്ള അവസരം ഒരുക്കേണ്ടത്, ഭരണകൂടങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. യൂറോപ്,
അമേരിക്ക, ജപ്പാൻ തുടങ്ങി, മിക്ക ഗൾഫു രാഷ്ട്രങ്ങളും ഈ കാര്യത്തിൽ അവരുടെ സ്വദേശികൾക്കു
അനുകൂലമായ നിലപാടെടുത്തു അവരവരുടെ നാട്ടിലേക്കെത്തിക്കാൻ വഴിയൊരുക്കിയിരിക്കുകയാണ്.
നിബന്ധനകളോടെ, സാമൂഹ്യ സുരക്ഷയുടെ മാനദണ്ഡങ്ങൾ പാലിച്ചു  കൊണ്ട് തന്നെ, ജനാധിപത്യ രാജ്യമായ,
ഇന്ത്യയിലെ ഭരണകൂടവും,പ്രവാസ ജീവിതം നയിക്കുന്ന തങ്ങളുടെപൗരന്മാരുടെ കാര്യത്തിലും അനുകൂലമായ നിലപാടെടുക്കേണ്ടതുണ്ട്. രോഗികളല്ലാത്തവരെ, ആധികാരികമായ ആ സാക്ഷ്യ പത്രത്തോട് കൂടി, അവരവരുടെ നാട്ടിലെത്തിക്കാനും, രോഗ ലക്ഷണമുള്ളവരെയും, രോഗ ബാധിതരെയും, അതനുസരിച്ചും, വേണ്ട
മുന്കരുതലുകളോടെ കൊണ്ട്  പോകാനുമുള്ള വിമാന സൗകര്യം ഏർപ്പെടുത്തണം. ഇതിനായി രോഗികൾക്കും, അല്ലാത്തവർക്കുമായി സമയം ക്രമീകരിച്ചു വെവ്വേറെ വിമാനങ്ങൾ ഏർപെടുത്താവുന്നതുമാണ്.
വിമാനത്താവളങ്ങളിലും,യാത്ര ചെയ്തെത്തുന്നവർക്കായി പരിശോധനയും, രോഗികളെയും, മറ്റുള്ളവരെയും
വേർതിരിച്ചു വെവ്വേറെ സൗകര്യങ്ങളും ഒരുക്കി ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയുമാവാം. ഇത്തരം
എല്ലാ തരത്തിലുമുള്ള സാഹചര്യങ്ങളുമൊരുക്കാൻ, സംസ്ഥാന സർക്കാരും, സംഘടനകളും, സ്ഥാപനങ്ങളും
സന്നദ്ധത അറിയിച്ചരിക്കുന്നു എന്നതും അനുകൂല ഘടകമാണ്.
മുഴുവൻ പ്രവാസികളും യാത്രക്കൊരുങ്ങിയിട്ടില്ല. തീർത്തും പ്രതിസന്ധിയിലായ, ജീവിതം വഴിമുട്ടിയ
ചുരുക്കം ആൾക്കാരുടെ കാര്യത്തിലാണ് ആശങ്ക. ഇവിടെ ജോലി ഭീഷണിയില്ലാത്തവരും, കച്ചവടക്കാരും,
വ്യവസായികളും, ബന്ധുക്കളുമെല്ലാം സുരക്ഷിതരായി കഴിയുകയാണ്. അവർക്കെല്ലാം, പ്രത്യേകിച്ച്
രോഗലക്ഷണമിയുള്ളവർക്കും, സ്ഥിരീകരിച്ചവർക്കുമെല്ലാം ലോകോത്തര നിലവാരത്തിലുള്ള
അഭിനന്ദനീയമായ സജ്ജീകരണങ്ങളാണ് യു എ ഇ ഗവണ്മെന്റ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ
പ്രതിസന്ധിയില്ലാത്ത ആരും തന്നെ ഇപ്പോൾ മടങ്ങാൻ തയ്യാറുമല്ല.

ഇനി നയതന്ത്രപരമായ നീക്കങ്ങൾക്കാണ് പ്രാധാന്യം. നിയമപരമായ നീക്കങ്ങളെക്കാളുപരി, കേന്ദ്ര സര്കാരി നിന്നും

അനുകൂലമായ തീരുമാനമാണുണ്ടാകേണ്ടത്. സംസ്ഥാന സർക്കാരുകൾക്കും, അനുബന്ധ വകുപ്പുകൾക്കും
ഇതിൽ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അതിലേറെ പ്രവാസികളുടെ  ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന്റെ
കീഴിൽ ആധികാരികമായി പ്രവർത്തിക്കുന്ന ഭരണഘടനാസ്ഥാപനം എന്ന നിലക്ക് , എംബസികളും, കോൺസുലേറ്റുകളും
ഉണർന്നു പ്രവർത്തിക്കേണ്ട  സമയമാണിത്. അംബാസിഡര്മാരും, കോണ്സുലര്മാരും, അതാതു രാജ്യത്തെ
സ്ഥിതിഗതികൾ വിലയിരുത്തി, നാട്ടിലേക്ക് യാത്രക്കായി കാത്തിരിക്കുന്ന രോഗികളുടെയും, അല്ലാത്തവരുടെയും,
തൊഴിൽ നഷ്ടപ്പെട്ടവരുടെയും, സന്ദർശക വിസയിലെത്തിയവരുടേയുമൊക്കെ  സമഗ്രമായ റിപ്പോർട്ടുകൾ തയാറാക്കി
കേന്ദ്ര സർക്കാരിന് സമർപ്പിച്ചു, വിദേശ കാര്യാ മന്ത്രാലയത്തെ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെടുത്തി,
നാട്ടിലേക്കു യാത്ര തിരിക്കാൻ നിര്ബന്ധിതരായവർക്കെങ്കിലും എത്രയും പെട്ടെന്ന് യാത്ര സാഹചര്യം  ഒരുക്കേണ്ടതുണ്ട്.
error: Content is protected !!