fbpx
ആരോഗ്യം ഇന്ത്യ കേരളം ദേശീയം

കേരളത്തിൽ മാര്‍ച്ച് 8 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ കോവിഡ് രോഗം ഇത് വരെ മാറിയില്ല ; കൊവിഡ് രോഗ വ്യാപനം പ്രവചനാതീതമെന്ന് പിണറായി വിജയന്‍.

തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനം പ്രവചനാതീതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചിത്രമായ അനുഭവങ്ങളാണ് രോഗ വ്യാപനത്തില്‍ ഉണ്ടാവുന്നത്. പത്തനംതിട്ടയില്‍ മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ രോഗം മാറിയിട്ടില്ല. 36 ദിവസമായി രോഗി കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പോസിറ്റീവായി തുടരുകയാണ്. പ്രതിരോധത്തില്‍ ഒരു തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, മറ്റ് നമസ്‌കാരങ്ങള്‍, കഞ്ഞി വിതരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത പണ്ഡിതന്മാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 16 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതെ സമയം കണ്ണൂർ ജില്ലയിൽ കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . നിലവിൽ 104 പേർക്കാണ് ജില്ലയിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ലോക് ഡൗൺ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന ഏർപ്പെടുത്തിക്കൊണ്ട് റോഡുകളിലിറങ്ങുന്ന മുഴുവൻ വാഹനങ്ങളും പരിശോധനകൾക്ക് വിധേയമാക്കും. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങൾ പൂർണ്ണമായും സീൽ ചെയ്യും. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടാകുകയുള്ളു. അവശ്യ വസ്തുക്കൾ ഹോം ഡെലിവറിയായി എത്തിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോൾ സെൻ്ററുകൾ നിലവിൽ വരുത്തുമെന്നും  മറ്റ് ജില്ലകളിൽ അനുവദിച്ചിരിക്കുന്ന താൽക്കാലിക ഇളവുകൾ കണ്ണൂരിന് ബാധകമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

error: Content is protected !!