fbpx
ദുബായ്

പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ 30000 പേർ, 5 ശതമാനം ഗർഭിണികൾ, യു.എ.ഇ വിമാന സർവീസ് ഉടൻ പുനരാരംഭിക്കണം: കെ.എം.സി.സി

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ ലിസ്റ്റിൽ നാലു ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത് മുപ്പതിനായിരത്തിലേറെ പേർ. നിലവിലെ സാഹചര്യത്തിൽ ഏതുവിധേനയും മടക്കയാത്രക്കു സന്നദ്ധരായി നിൽക്കുന്നവരാണിവർ. രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണ്.

മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ യാത്ര വേഗത്തിലും സുഗമവുമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിൽ അധികൃതരെ സഹായിക്കുന്നതിനു വേണ്ടിയാണ് യു എ ഇ കെ.എം.സി.സി പ്രവാസികളുടെ വിവരശേഖരണം നടത്തിയത്. പദ്ധതി പ്രവാസികളിൽ വമ്പിച്ച പ്രതികരണവും പ്രതീക്ഷയുമാണ് ഉളവാക്കിയത്. കോവിഡ് രോഗമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയവര്‍ക്ക് അടിയന്തര വിമാനസര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് കേന്ദ്ര – സംസ്ഥാന – നയതന്ത്ര കാര്യാലയങ്ങളോട് ആവശ്യപ്പെട്ട കെ.എം.സി‌.സി കൃത്യമായ പദ്ധതിരൂപം അധികൃതർക്കു മുമ്പാകെ സമർപ്പിക്കുന്നതിനാണു പ്രയോറിറ്റി ട്രാവൽ ലിസ്റ്റ് തയ്യാറാക്കിയത്.

ഇതിനകം രജിസ്റ്റർ ചെയ്തവരിൽ അഞ്ചു ശതമാനം ഗർഭിണികളാണുള്ളത്. ഇവരിൽ ഏറെയും ഇൻഷുറൻസ് സൗകര്യം ഇല്ലാത്തവരും സന്ദർശക വിസയിൽ എത്തിയവരുമാണ്. സന്ദർശക വിസയിൽ ഉള്ളവർക്കു വിസ പുതുക്കാതെ ഡിസംബർ വരെ രാജ്യത്തു തങ്ങാനുള്ള ഇളവുകൾ യു.എ.ഇ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരാൻ കാത്തിരിക്കുന്നവരാണ് ഗർഭിണികൾ. പ്രസവചെലവുകൾ താങ്ങാനാവില്ലെന്നതാണു അവരെ ആശങ്കയിലാക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യത്തിലുള്ള പ്രവാസികളുടെ വിവരങ്ങൾക്കു പുറമേ യാത്രാ നിർബന്ധം ഉള്ളവർ, റെസിഡെൻഷ്യൽ സ്റ്റാറ്റസ്, കേരളത്തിലെ വിവിധ ജില്ലകളിൽ ഉൾക്കൊള്ളാനാവുന്ന ആളുകളുടെ എണ്ണം, വന്നിറങ്ങുന്ന എയർപോർട്ട് തുടങ്ങി സർക്കാരുകൾക്കും, പ്രാദേശിക ഭരണക്കൂടത്തിനും ആവശ്യമായ തയ്യാറടുപ്പുകൾക്ക് വേണ്ട അറിയിപ്പുകൾ മുൻകൂട്ടി നല്കുന്നതിനും പ്രയോറിറ്റി ട്രാവൽ ലിസ്റ്റിലെ വിവരങ്ങൾ സഹായകമാകും.

വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ , ഗർഭിണികൾ, മുതിർന്ന പൗരൻമാർ , അവരുടെ കുടുംബങ്ങൾ, തുടർ പഠനം കേരളത്തിൽ നടത്തേണ്ട വിദ്യാർത്ഥികൾ, ചികിത്സകൾക്ക് വേണ്ടി കേരളത്തിലെത്തേണ്ടവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങളും ലിസ്റ്റിലുണ്ട്.

വിവിധ ജില്ലകളിൽ എത്തുന്നവരെ കുറിച്ച് ലഭ്യമാക്കിയ വിവരങ്ങൾ വഴി
കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രാദേശിക ഭരണകൂടത്തിനും, ആരോഗ്യ വകുപ്പിനും കാലേകൂട്ടി സംരക്ഷണ തയ്യാറെടുപ്പുകൾ നടത്താൻ ലിസ്റ്റ് സഹായകമാകും. വിമാന സർവീസ് അനുമതി ലഭിച്ചാൽ, അർഹതപ്പെട്ടവർക്ക് കാലതാമസമില്ലാതെ യാത്ര സാധ്യമാക്കാൻ കാറ്റഗറി ലിസ്റ്റായും ഇതു പ്രയോജനപ്പെടും. കെ.എം.സി‌.സി പ്രവർത്തകരിൽ പ്രവാസി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ ഉള്ളതിനാലാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഇത്തരമൊരു വൻ ജനകീയ അഭിപ്രായ വിവരം സമാഹരിക്കാൻ കഴിഞ്ഞത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പ്രവാസികളുടെ യാത്രാ വിഷയത്തിൽ പുലർത്തുന്ന കുറ്റകരമായ കാലതാമസം കാരണം പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയാനും കെ.എം.സി.സി തയ്യാറാക്കിയ ലിസ്റ്റ് സഹായകമാകും. ഈ വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തി കൂടുതൽ സമ്മർദ്ദം ചെലുത്താനും അടിയന്തര യാത്രാ നടപടികൾ നേടിയെടുക്കാൻ പ്രവാസിസമൂഹത്തെ പിന്തുണക്കുന്നവർക്കു കൃത്യമായ വിവരങ്ങൾ നൽകാനുമാണ് ഈ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിലൂടെ കെ.എം.സി.സി ലക്ഷ്യമിടുന്നത്.

യു എ ഇ കെഎംസിസി നാഷണൽ കമ്മിറ്റി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു

error: Content is protected !!