ദുബായ്

ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ്

ദുബായ്: ദുബായിൽ വ്യാപകമാകുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തി. കാൽനടയാത്രക്കാർക്കു ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്താണ് നടവഴികളിലും മറ്റും ഉപയോഗിക്കുന്ന ഇവ നിരോധിച്ചത്. നിലവിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രത്യേക പാതകളില്ലാത്തതാണ് അപകടസാധ്യത വർധിപ്പിക്കുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്തി ഭാവി നടപടികൾക്കു രൂപം നൽകും. താമസ കേന്ദ്രങ്ങളിലും മറ്റും ഇവയ്ക്കു നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറുവാഹനമാണ് ഇലക്ട്രിക് സ്കൂട്ടർ. രണ്ടോ മൂന്നോ ചെറുചക്രങ്ങളുള്ള വാഹനമാണിത്. ഉയരമുള്ള ഹാൻഡിലോടു കൂടിയ ഇതിൽ കയറിനിന്നാൽ നടവഴികളിലൂടെയും മറ്റും വേഗത്തിൽ സഞ്ചരിക്കാം. മണിക്കൂറിൽ 15 മൈലാണ് പരമാവധി വേഗം. ഏകദേശം 1,600 ദിർഹമാണ് വില.