ഇന്ത്യ കേരളം

ലോക്സഭ തിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തിൽ ആദ്യഘട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലകളിൽ സ്‌ക്വാഡ‍് രൂപീകരിച്ചു. ഉദ്യോഗസ്ഥർക്കുള്ള പ്രാഥമിക പരിശീലനം പൂർത്തിയായി. നോഡൽ ഓഫിസർമാർക്കു കീഴിൽ പ്രത്യേക ടീം രൂപവൽക്കരിച്ചാണ് പ്രവർത്തനങ്ങൾ.

ഉദ്യോഗസ്ഥർക്കു തിരഞ്ഞെടുപ്പ് ചുമതല നൽകുന്ന പ്രവർത്തനം പുരോഗമിക്കുന്നു. പൊലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിക്കാനുള്ള നടപടികളും തുടങ്ങി. വോട്ടർപട്ടികയിൽ ഓൺലൈൻ ആയി പേരു ചേർക്കാൻ ഇനിയും അവസരമുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്കു 10 ദിവസം മുൻപു വരെ പേരു ചേർക്കാം. പേരുകൾ വോട്ടർപട്ടികയിൽ ഉണ്ടോ എന്നറിയാൻ www.nvsp.in എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. വോട്ടർ ഹെ‍ൽപ്‌ലൈൻ നമ്പർ 1950.