അബൂദാബി

സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം ഫീസ് പകുതിയാക്കി അബുദാബി

അബുദാബി: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം, ഹോസ്പിറ്റാലിറ്റി ഫീസ് പകുതിയാക്കി കുറച്ച് അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വിഭാഗം (ഡിസിടി). ഇതിനു പുറമേ 50 കോടി ദിർഹത്തിന്റെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം ഫീസ് ആറിൽനിന്ന് 3.5 ശതമാനമായും മുനിസിപ്പാലാറ്റി ഫീസ് 4ൽനിന്ന് 2 ശതമാനമായുമാണ് കുറച്ചത്. മൂന്നു വർഷത്തിനകം 100 കോടി ദിർഹത്തിന്റെ ഫീസിളവാണ് ഇതുവഴി ലഭ്യമാകുകയെന്ന് ഡിസിടി അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. അബുദാബിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണയിതര മേഖലയുടെ വികസനം ലഭ്യമിട്ടാണ് ടൂറിസം രംഗത്ത് 50 കോടി ദിർഹം നിക്ഷേപിക്കുന്നത്. അബുദാബി എമിറേറ്റിന്റെ വികസനത്തിനായി കിരീടാവകാശിയും സായുധസേനാ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തേ പ്രഖ്യാപിച്ച 5000 കോടി ദിർഹത്തിന്റെ ഗദാൻ 21 പദ്ധതിയുടെ ഭാഗമാണിത്. സാമ്പത്തിക, വൈജ്ഞാനിക, സാമൂഹിക, ജീവിത മേഖലകളിലാണ് തുക വിനിയോഗിക്കുക. ഇതിന്റെ ഗുണം സ്വദേശികൾക്കു മാത്രമല്ല, താമസക്കാർക്കും ബിസിനസ് ഉടമകൾക്കും നിക്ഷേപകർക്കും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഫീസിളവ്: നേട്ടങ്ങൾ ഇങ്ങനെ

∙ ഹോട്ടൽമുറിക്ക് ദിവസേന നൽകേണ്ട മുനിസിപ്പാലിറ്റി ഫീസ് 15ൽനിന്ന് 10 ദിർഹമാക്കി കുറച്ചു.

∙ സഞ്ചാരികളെ ആകർഷിക്കാനായി ഹോട്ടലുകൾ നടത്തുന്ന പ്രത്യേക പരിപാടികൾക്കുള്ള ടൂറിസം, മുനിസിപ്പാലിറ്റി ഫീസുകൾ ഒഴിവാക്കി.

∙ 30 ദിവസമോ അതിലധികമോ ഉള്ള ദീർഘകാല ഹോട്ടൽ താമസത്തിനുള്ള മുനിസിപ്പാലിറ്റി ഫീസും ഒഴിവാക്കിയിട്ടുണ്ട്

∙ ഹോട്ടലിൽനിന്ന് മാസാന്തം ശേഖരിച്ചിരുന്ന ഫീസ് ആറു മാസത്തിലൊരിക്കലാക്കിയതും ഉടമകൾക്ക് അനുഗ്രഹമാകും.

ഫോർമുല വൺ, ഗ്രാൻഡ് പ്രീ, ലൂവ്റ് അബുദാബി, വാർണർ ബ്രോസ് വേൾഡ് തുടങ്ങി ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളും പരിപാടികളുമാണ് അബുദാബിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്. ഷെയ്ഖ് സായിദ് നാഷനൽ മ്യൂസിയവും ഗഗ്ഗനിം മ്യൂസിയവും എത്തുന്നതോടെ ഈ ഒഴുക്കുവർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 2018ൽ സഞ്ചാരികളുടെ എണ്ണം 3.94% വർധിച്ച് ഒരു കോടിയിലേറെയായതായും അധികൃതർ പറഞ്ഞു.