അബൂദാബി

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 മുതൽ; ഇന്ത്യ അതിഥി രാജ്യം

അബുദാബി : അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 മുതൽ 30 വരെ അബുദാബി പ്രദർശന നഗരിയിൽ നടക്കും. യു.എ.ഇ സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി നിരവധി പ്രത്യേകതകളോടെയാണ് പുസ്തകോത്സവം നടക്കുക. പുസ്തോകോത്സവത്തിന്റെ ഭാരവാഹികൾ അബുദാബി മനാറത്തൽ സാദിയത്തിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 50 രാജ്യങ്ങളിൽ നിന്നുള്ള 1000 ൽ പരം പ്രസാധകരാണ് മേളയിൽ പങ്കെടുക്കുക. സാഹിത്യം, കല, സംസ്കാരം, സംഗീതം, നൃത്തം, സിനിമ എന്നിവയെല്ലാം സമ്മേളിക്കുന്ന വേദിയായിരിക്കും പുസ്തകോത്സവം. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണിത്. ഇ സോൺ, കോമിക് കോർണർ, വിനോദ സോൺ എന്നിങ്ങനെ മൂന്ന് പുതിയ ഇൻററാക്ടീവ് സോണുകൾ ഈ വർഷത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനും നവീന ആശയങ്ങൾ പരിചയപ്പെടുന്നതിനും വിനോദത്തിനും ഉപകരിക്കുന്നതാണ് പ്രസ്തുത സോണുകൾ. ഇത്തവണത്തെ പുസ്തകോത്സവത്തിൽ ഇന്ത്യയാണ് അതിഥി രാജ്യം.