ദുബായ്

കൂടുതൽ സ്മാർട്ട് സേവനങ്ങളുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: നൂതന സാങ്കേതിക വിദ്യയിലൂന്നി കൂടുതൽ സ്മാർട്ട് സേവനങ്ങളുമായി ദുബായ് മുൻസിപ്പാലിറ്റി. മുൻസിപ്പാലിറ്റി സേവന കേന്ദ്രങ്ങൾ പൂർണമായും സ്മാർട്ടാക്കും. നിലവിൽ 80% ജോലികളും പേപ്പർലെസ്സ് ആക്കി മാറ്റിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി അറിയിച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലൂടെ നൂറു ശതമാനം കടലാസു രഹിതം എന്ന ലക്ഷ്യത്തിലേക്ക് ഉടൻ മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങൾ എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശകർ മുൻസിപ്പാലിറ്റി സേവന കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനു പകരം അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന സാങ്കേതിക വിദ്യകളാവും നടപ്പിൽ വരുത്തുക. 2021ഓടെ എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ വൽക്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽ ത്വാർ, അൽ മനാര, അൽ കിഫാഫ് എന്നിവിടങ്ങളിലെ കൗണ്ടർ സേവനങ്ങളും വിവിധ കേന്ദ്രങ്ങൾ വഴി നൽകിയിരുന്ന 23 സേവനങ്ങളും ഓൺലൈനിലൂടെയും ആപ്പുകൾ വഴിയും ലഭ്യമാക്കും. മുനിസിപ്പാലിറ്റിക്കുള്ള ചെക്കുകൾ ബാങ്കുകൾ വഴിയാക്കി. എന്നിവ പ്രധാന മാറ്റങ്ങളിൽ പെടുന്നു.