അബൂദാബി

ഇ കെ ഹസ്സൻ മുസ്‌ലിയാർ അവാർഡ് മുസ്തഫ ദാരിമിക്ക്

അബുദാബി: മുസഫ്ഫയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലബാർ കൾച്ചറൽ സെന്റർ എം സി സി നൽകുന്ന മർഹും ഇ കെ ഹസ്സൻ മുസ്‌ലിയാർ അവാർഡ് ഐ സി എഫ് ദേശീയ പ്രസിഡണ്ട് മുസ്തഫ ദാരിമി കാടങ്കോടിന്‌ സമ്മാനിക്കും. കാൽ നൂറ്റാണ്ട് കാലം യു എ ഇ യിൽ മത സാമൂഹിക സാംസ്‌കാരിക കാരുണ്യ പ്രവർത്തന രംഗത്ത് നൽകിയ സംഭാവന പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. കേരളത്തിലും കർണാടകയിലും ഒരു പുരുഷായുസ് കാലം മതരംഗത്ത് നേതൃത്വം നൽകിയ പണ്ഡിത സഹോദരന്മാരായ മർഹും ഇ കെ ഹസ്സൻ മുസ്ലിയാരുടെയും, ഇ കെ അബൂബക്കർ മുസ്ലിയാരുടെയും പ്രധാനപ്പെട്ട ശിഷ്യനാണ് മുസ്തഫ ദാരിമി. സമസ്ത കേരള ജംഇത്തുൽ ഉലമയുടെ പ്രസിഡണ്ടുമാരായിരുന്ന മർഹും താജുൽ ഉലമ സയ്യിദ് അബ്ദുൽ റഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി, നൂറുൽ ഉലമ എം എ ഉസ്താദ്, ത്വാഹിറുൽ അഹ്ദൽ തങ്ങൾ തുടങ്ങിയ പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുസ്തഫ ദാരിമിയെ ഖാദിമുൽ ഉലമ എന്ന സ്ഥാനപ്പേര് നൽകി കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ആദരിച്ചിരുന്നു. ഏപ്രിൽ 12 ന് വെള്ളിയാഴ്ച വൈകുന്നേരം മുസഫ്ഫ അഹല്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന്റെ പതിമൂന്നാം വാർഷികത്തിൽ വെച്ച് കേരള മുസ്ലിം ജമാത്ത് ജനറൽ സെക്രട്ടറി ബദറു സാദത്ത് സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ മുസ്തഫ ദാരിമിയെ അവാർഡ് നൽകി ആദരിക്കും.ചടങ്ങിൽ അബുദാബിയിലെ വ്യാപാര പ്രമുഖർ,സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാക്കൾ സംബന്ധിക്കും.