അന്തർദേശീയം

ഇറാന‌് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം

ഇറാന‌് ഭീഷണിയുമായി അറേബ്യൻ ഉൾക്കടലിൽ അമേരിക്കൻ സൈനിക നീക്കം ശക്തമാക്കി. അറേബ്യൻ ഉൾക്കടലിനുമുകളിൽ അമേരിക്ക ബി52 ബോംബർ വിമാനങ്ങൾ പറത്തി. മധ്യ പൂർവ ദേശത്ത‌് ഇറാന്റെ ഭീഷണി തടയുന്നതിന‌് നിരീക്ഷണ പറക്കൽ നടത്തിയതായി അമേരിക്കൻ വ്യോമസേനയുടെ സെൻട്രൽ കമാൻഡ‌് വെളിപ്പെടുത്തി. യുഎഇയിലെ ഫുജൈറ തീരത്ത‌് രണ്ട‌് സൗദി എണ്ണക്കപ്പൽ ആക്രമിച്ചുവെന്ന വാർത്തക്കുപിന്നാലെയാണ‌് അമേരിക്കയുടെ സൈനിക നീക്കം.

ഇറാനുമായുള്ള സൈനിക നയം പുനപരിശോധിക്കാൻ അമേരിക്ക തീരുമാനിച്ചതായി ന്യൂയോർക്ക‌് ടൈംസ‌് റിപ്പോർട്ട‌് ചെയ‌്തു. യുഎസ‌് പ്രതിരോധവിഭാഗം പുതിയ സൈനികപദ്ധതി പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന‌് സമർപ്പിച്ചു. ഇറാൻ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്നാണ‌് പ്രതിരോധ സെക്രട്ടറി പാട്രിക‌് ഷാനഹാൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത‌്.ആയുധനിയന്ത്രണത്തിന‌് ഇറാനുമേൽ സമ്മർദ്ദമുയർത്തുകയാണ‌് അമേരിക്കയുടെ ലക്ഷ്യം. എന്നാൽ, വിഷയത്തിൽ പെന്റഗണും വൈറ്റ‌് ഹൗസും പ്രതികരിച്ചില്ല