ദുബായ്

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റു പ്രവാസികൾ മലയാളികളെ കണ്ടുപഠിക്കേണ്ടതുണ്ടെന്ന് ദുബായ് പോലീസ് ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള ; അർഹതയുള്ളവർക്ക് ക്യാംപുകളിൽ ഇഫ്‌താർ വിതരണം ചെയ്യുന്നതിൽ അതീവ സന്തുഷ്ടിയെന്നും മേജർ ജനറൽ

 

ദുബായ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ മലയാളികളുമായി ചേർന്ന് നടത്തുന്ന ജീവ കാരുണ്യ ഇഫ്‌താർ വിതരണ പരിപാടികൾ സർവ മേഖലകളിലും ശ്രദ്ധിക്കുന്ന വിധത്തിലായി മാറുകയാണ് . വിവിധ സംരംഭകരിൽ നിന്ന് സമാഹരിക്കുന്ന വിഭവ സമൃദ്ധമായ ആഹാര പദാർഥങ്ങൾ അർഹതയുള്ള പാവപ്പെട്ട തൊഴിലാളികൾ പാർക്കുന്ന ലേബർ ക്യാമ്പുകൾ തെരെഞ്ഞുപിടിച്ചു എത്തിക്കുന്ന പദ്ധതിയാണ് ദുബായ് പോലീസ് ചെയ്തുവരുന്നത്.

ദുബായിലെ പ്രമുഖ മലയാളി സാമൂഹിക പ്രവർത്തകൻ കോഴിക്കോട് ജില്ലക്കാരനായ നാസർ നന്തി യാണ് ദുബായ് പോലീസിനുവേണ്ടി ഭക്ഷണ പദാർഥങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമാഹരിക്കാൻ ഓടി നടക്കുന്നത്. റമദാൻ 1 മുതൽ ദുബായ് പോലീസിന്റെ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി & എമർജൻസി ഡിപ്പാർട്മെൻറ് ആണ് ഈ ഇഫ്‌താർ വിതരണം നടത്തുന്നത്. ആദ്യ ദിവസം 300 തൊഴിലാളികൾക്ക് മികച്ച വിഭവങ്ങൾ കൊണ്ട് നോമ്പ് തുറ നടത്തി . അതിനടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ ഭക്ഷണം നൽകി സഹകരിക്കാൻ മുന്നോട്ടുവരികയാണ് . ഇതിൽ കൂടുതലും മലയാളി സ്ഥാപനങ്ങളും വ്യക്തികളും ആണ് . മലയാളി മാധ്യമ സംരംഭങ്ങളും ഇതിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നു .

തിരക്ക് പിടിച്ച പല ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്കിടയിലും ഡിപ്പാർട്മെന്റിന്റെ ഡയറക്ടർ മേജർ ജനറൽ അബ്ദുള്ള അലി അബ്ദുള്ള അൽ ഗെയ്‌തി ആണ് വൈകുന്നേരം തൊഴിലാളി ക്യാമ്പുകളിലെ സമൂഹ ഇഫ്താറിന് ചുക്കാൻ പിടിക്കുന്നത് . ഓരോ ദിവസത്തെയും ഭക്ഷണം സമാഹരിക്കുക , അത് പോലീസ് വാഹനങ്ങളിലാക്കി നിർദിഷ്ട ക്യാമ്പുകളിൽ എത്തിക്കുക , വിതരണം ചെയ്യുക തുടങ്ങി അടുത്ത ദിവസത്തെ സന്മനസ്സുകാരുടെ ലിസ്റ്റ് തയ്യാറാക്കി അത് സമാഹരിക്കാനുള്ള ഏർപ്പാട് ഉണ്ടാക്കുന്നത് വരെയുള്ള ജോലികൾ നാസർ നന്തിയും ചെയ്യുകയാണ് ചിട്ടയോടെ .

കഴിഞ്ഞദിവസം ദുബായ് അൽഖൂസിൽ ഒരു ലേബർ ക്യാമ്പിൽ ഇഫ്താർ വിതരണ ചടങ്ങിൽ പങ്കെടുക്കവെ മേജർ ജനറൽ അബ്ദുള്ള സാധാരണക്കാരായ തൊഴിലാളികളുമായി ദീർഘനേരം ഒറ്റക്കൊറ്റയ്‌ക്ക് സംസാരിച്ചതും അവരുടെ എന്തെങ്കിലും പൊതു പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പറയാൻ അഭ്യർഥിച്ചതും ഏവർക്കും കൗതുകവും ബഹുമാനവും സൃഷ്ടിക്കുന്ന വിധത്തിലായെന്ന് ചടങ്ങിൽ ഒപ്പമുണ്ടായിരുന്ന നാസർ നന്തി പറയുന്നു. തൊഴിലാളികൾക്ക് കൃത്യം വേതനം കിട്ടുന്നുണ്ടോ , കാശ് കുടുംബങ്ങൾക്ക് അയക്കുന്നുണ്ടോ , സൗകര്യങ്ങളും യാത്രയും തൊഴിലും മികച്ച രീതിയിൽ തന്നെയാണോ തുടങ്ങി സൗഹൃദമായി എല്ലാ കാര്യങ്ങളും മനസ്സിലാക്കുകയും കുടുംബ വിശേഷങ്ങൾ തിരക്കുകയും ചെയ്തു. പോലീസ് എന്നത് ഭയപ്പെടേണ്ടതല്ലെന്നും സൗഹൃദമാണ് മുഖമുദ്രയെന്നും എല്ലാവർക്കും മനസ്സിലാക്കാൻ ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ കാരണമായെന്ന് അബ്ദുള്ള വിലയിരുത്തി.

ദുബായിൽ മലയാളി മാധ്യമങ്ങൾ പ്രവർത്തിക്കുന്ന രീതിയും മികച്ചതാണെന്ന് മേജർ ജനറൽ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ സ്പന്ദനങ്ങൾ ലോകത്തെ അറിയിക്കുന്നതിലും ദുബൈയുടെ പുരോഗതിയും വളർച്ചയും ലോകമെങ്ങും കൂടുതൽ സ്വീകാര്യതയോടെ അവതരിപ്പിക്കുന്നതിലും ഇന്ത്യൻ മാധ്യമങ്ങൾ വിശിഷ്യാ മലയാള മാധ്യമങ്ങൾ മാതൃകാപരമായി പെരുമാറുന്നുണ്ടെന്ന് അബ്ദുള്ള പറഞ്ഞു . വരും ദിവസങ്ങളിൽ കൂടുതൽ മലയാളി സംരംഭകർ ഭക്ഷണം എത്തിക്കാൻ തയ്യാറായി വരുന്നതായി മേജർ ജനറൽ പറഞ്ഞു.
പോലീസിന്റെ ഭാഗത്തു നിന്ന് പ്രതിദിന കാര്യങ്ങൾ ഈ വിഷയത്തിൽ നോക്കുന്നത് അതേ ഡിപ്പാർട്മെന്റിലെ ഇവെന്റ്സ് മാനേജർ ഹദീൽ യഹ്‌യ അൽ ഉബൈസി യാണ്