അബൂദാബി

ശ്രീലങ്കൻ പ്രസിഡന്റിന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ കത്ത് കൈമാറി

 

അബുദാബി: ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിലെ ഇരകൾക്കു അനുശോചനം അറിയിച്ചും രാജ്യത്തിനേറ്റ ആഘാതത്തിൽ നടുക്കം രേഖപ്പെടുത്തിയും പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എഴുതിയ കത്ത് യു.എ.ഇയിലെ ശ്രീലങ്കൻ എംബസിയിൽ വെച്ച് അംസിഡർ അഹ്‌മദ്‌ എൽ.എസ് ഖാന് കൈമാറി. ജനങ്ങളുടെ സമാധാനപരവും ശാന്തവുമായ ജീവിതാന്തരീക്ഷം താറുമാറാക്കാക്കുക എന്ന ലക്ഷ്യത്തോടെ ഭീകരർ നടത്തിയ ആക്രമണം അറിഞ്ഞത് മുതൽ ഏറ്റവും അടുത്ത അയൽ രാജ്യത്തെ പൗരർ എന്ന നിലയിൽ വളരെ വേദനിക്കുകയും, സാംസ്കാരിക മതകീയ വേദികളിൽ ഭീകര വിരുദ്ധ സമ്മേളനങ്ങളും ഇരകൾക്കായി പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്‌തുവെന്ന്‌ ഗ്രാൻഡ് മുഫ്‌തി കത്തിൽ അറിയിച്ചു. ഭീകരർ ലോകത്തിന് ഭീഷണിയാണ്. അവർ ഒരു ദയയും അർഹിക്കുന്നില്ല. ശ്രീലങ്കയിലെ ക്രിസ്തുമത വിശ്വാസികളെയും ടൂറിസ്റ്റുകയും ലക്‌ഷ്യം വെച്ചു നടന്ന ഈ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. സംഭവത്തിൽ പങ്കാളികളായ മുഴുവൻ ആളുകൾക്കും ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണം: അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടർന്ന് ചിലയിടങ്ങളിൽ മുസ്‌ലിംകളുടെ വീടും ആരാധനാലയങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു സങ്കുചിത തല്പരരുടെ നേതൃത്വത്തിൽ ആൾക്കൂട്ട ആക്രമണം നടക്കുന്നുവെന്ന ഈയിടെയായി വരുന്ന വാർത്തകൾ ഭീത്തിപ്പിടുത്തുവെന്നും, രാജ്യത്ത് സംഘർഷം വിതക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സർക്കാർ നടപടികൾ ശക്തമാവണമെന്നും നിരപരാധികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ഗ്രാൻഡ് മുഫ്‌തി കത്തിൽ ആവശ്യപ്പെട്ടു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുടെ സന്ദർശനവും സന്ദേശവും വളരെ ആഹ്ലാദം നൽകുന്നുവെന്നും, കാര്യക്ഷമമായ ഇടപെടലുകളാണ് ശ്രീലങ്കൻ സർക്കാർ എടുക്കുന്നതെന്നും അംബാസിഡർ അഹ്‌മദ്‌ എൽ.എസ് ഖാന് പറഞ്ഞു. കത്ത് പ്രസിഡന്റിന് അടുത്ത ദിവസം കൈമാറും. ഭീകരവാദികളുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികളെയും കണ്ടെത്തി രാജ്യത്തിന്റെ സുരക്ഷ ശക്തമാക്കുന്ന നടപടികളിൽ ആണ് ഇപ്പോൾ ശ്രീലങ്കൻ സർക്കാർ. അതിനിടയിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന തൽപര കക്ഷികളെ പ്രതിരോധിക്കാനും ഗവണ്മെന്റ് മുന്നിലുണ്ട്. മുസ്‌ലിംകൾ അടക്കമുള്ള എല്ലാവർക്കും സുരക്ഷയൊരുക്കും. ഇന്ത്യൻ മുസ്‌ലിംകളുമായി വലിയ ഹൃദയബന്ധമാണ് ശ്രീലങ്കക്ക്. ജാമിഅ മർകസിന്റെയും ഗ്രാൻഡ് മുഫ്‌തിയുടെ ഫത്‌വ ബോർഡിന്റെയും പ്രവർത്തനങ്ങൾ ശ്രീലങ്കയിൽ വ്യാപിക്കാൻ ആവശ്യമായ സഹകരണങ്ങൾ ചെയ്യുമെന്നും അംബാസിഡർ അറിയിച്ചു. മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, മർകസ് യു.എ.ഇ മീഡിയ കൺവീനർ മുനീർ മുഹിയുദ്ധീൻ, മർകസ് പി.ആർ.ഒ അബ്ദുസ്സലാം സഖാഫി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.