അബൂദാബി

ഐ.എസ്.സി ഖുർആൻ പാരായണ മത്സര ഉദ്‌ഘാടനം ഇന്ന് 

അബുദാബി: ഇന്ത്യാ സോഷ്യൽ സെന്റർ ഔഖാഫ് മന്ത്രാലയവുമായി ചേർന്ന് നടത്തുന്ന ഖുർ ആൻ പാരായണ മത്സരത്തിന്റെ ഉദ്‌ഘാടനം വ്യാഴാഴ്ച്ച നടക്കും. വൈകിട്ട് ആറ്‌ മണിക്ക് ഇന്ത്യാ സോഷ്യൽ സെന്ററിൽ ഇഫ്താർ വിരുന്നിനോട് ചേർന്നാണ് ചടങ്ങുകൾ നടക്കുക. മെയ് 17, 20, 23 ദിവസങ്ങളിലാണ് പാരായണ മത്സരം നടക്കുക. യു.എ.ഇയിലെ എല്ലാ രാജ്യക്കാർക്കുമായി നടക്കുന്ന മത്സരത്തിന്റെ വിധിനിർണ്ണയിക്കുന്നത് ഔഖാഫ് പ്രതിനിധികളാണ്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളാക്കി തരം തിരിച്ചാണ് മത്സരങ്ങൾ നടക്കുക. 30 വയസിൽ താഴെയുള്ളവർക്ക് ഖുർ ആൻ പാരായണം മുഴുവൻ, 25 വയസിൽ താഴെ പ്രായമുള്ളവർക്ക് 15 ഭാഗങ്ങൾ, 20 വയസിൽ താഴെയുള്ളവർക്ക് 10 ഭാഗങ്ങൾ, 15 വയസിൽ താഴെ പ്രായമുള്ളവർക്ക് 5 ഭാഗങ്ങൾ, സ്ത്രീകളടക്കം മുഴുവനാളുകൾക്കുമായി ഖുർആൻ തജ്‌വീദ് പാരായണം എന്നിവയാണ് നടക്കുക. രാത്രി തറാവീഹ് പ്രാർത്ഥനക്ക് ശേഷം പത്ത് മണിയോടെയാണ് മത്സരങ്ങൾ നടക്കുക. ഇതോടനുബന്ധിച്ച് ശൈഖ് സായിദിന്റെ അപൂർവ്വ ചിത്രങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം, നാല് അംഗങ്ങളായി കുടുംബങ്ങൾക്ക് പ്രത്യേക ഖുർആൻ ക്വിസ് മത്സരം, രക്തദാന ക്യാമ്പ് എന്നിവയും നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. എമിറേറ്റ്സ് ഐ.ഡിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയുമായി മത്സരത്തിൽ രജിസ്റ്റർ ചെയ്യാം. ഇതിന് പ്രത്യേക ഫീസ് ഇല്ല. മത്സരത്തിന്റെ സമ്മാനദാനം മെയ് 24 ന് നടക്കും. ഐ.എസ്.സി പ്രസിഡന്റ് ഡി.നടരാജൻ, ജനറൽ സെക്രട്ടറി സത്യബാബു, ട്രഷറർ ലിംസൺ.കെ.ജേക്കബ്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എം.നിസാർ, ഖുർആൻ പാരായണ മത്സരത്തിന്റെ കോഡിനേറ്റർ റഫീഖ് കയനയിൽ, ഹമീദ് പരപ്പ എന്നിവർ പങ്കെടുത്തു.