ദുബായ്

രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും താങ്ങായ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി

ദുബായ്: റമദാനിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ദുബായ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിരാലംബലരായി ആശുപതികളിൽ കഴിയുന്ന കാൻസർ രോഗികൾക്കും ഡയാലിസിസ് വേണ്ടിവരുന്ന രോഗികൾക്കും അടിയന്തിര സഹായം ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഇതിന് വരുന്ന ചെലവ് അംഗങ്ങൾ തന്നെ തങ്ങളുടെ കൈവശമുള്ള തുക എല്ലാ മാസവും സംഭാവനയായി നൽകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. നൂറുകണക്കിന് രോഗികൾക്ക് ഇതൊരു ആശ്വാസമായി മാറുകയാണ്.

തീരപ്രദേശങ്ങളിൽ പട്ടിണിയിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി അവർക്കു അത്യാവശ്യം ആഹാര സാധനങ്ങൾ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ കമ്മിറ്റി നടത്തുന്നത്‌. ഇതിനായി 300 ചാക്ക് അരി തിരുവനന്തപുരത്ത് എത്തിച്ച് വിതരണം ചെയ്യും . അർഹരായവർക്ക് തൽക്കാലം 3 കിലോ അരി വീതം ഒന്നാം ഘട്ടത്തിൽ നൽകും. തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കമ്മിറ്റിക് കീഴിൽ നടന്നു കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 7 വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം കെഎംസിസി വളരെ സജീവമാണെന്നും അത് തുടർന്ന് പോരുമെന്നും ഇത്തരം ജീവ കാരുണ്യ കാര്യങ്ങൾക്ക് ആക്കം കൂട്ടാനും വിപുലമായ നടപടികളെ കുറിച്ച് ആലോചിക്കാനും നാളെ (മെയ് 18 ന്) ദുബായിൽ വച്ച് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ഇഫ്‌താർ ഒരുക്കിയിട്ടുണ്ടെന്നും ദുബായ് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷഫീഖ് സലാഹുദ്ദീൻ ആറ്റിങ്ങൽ, ജനറൽ സെക്രട്ടറി സജീബ് സൈനുദ്ധീൻ പുതുക്കുറിശ്ശി, ട്രഷറർ നസീർ ചാന്നാങ്കര,മീഡിയ കോ ഓർഡിനേറ്റർ എസ് എം സാദിഖ് നെടുമങ്ങാട്, എന്നവർ ദുബായ് വാർത്താ ഡോട്ട് കോമിനെ അറിയിച്ചു .