റമദാൻ സ്പെഷ്യൽ

റൂഹേ റമദാൻ ഭാഗം 2; കരുണയുടെ പ്രവാചകൻ (സ)

കാരുണ്യത്തിന്റെ നൂറു കഥകൾ പുണ്യ പ്രവാചകരിലുണ്ട്. ഒരിക്കൽ പ്രവാചക സവിധത്തിൽ ഒരാൾ വന്നു. അയാൾക്ക് എന്തെങ്കിലും കിട്ടണം. തിരു നബി അയാളെ അവിടെ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു : ” വിഷമിക്കണ്ട, അല്ലാഹു ഉദാരനാണ്”. അൽപ സമയം കഴിഞ്ഞ് മറ്റൊരാൾ കൂടി തിരു സന്നിധിയിലെത്തി. അയാളും ആവശ്യക്കാരനാണ്. നബി (സ) ആശ്വസിപ്പിച്ചിരുത്തി. ഉടനെ മൂന്നാമതൊരാളും കൂടി സാന്ത്വനം തേടിയെത്തി. മൂന്നു അവശരുടെയും വിഷയങ്ങൾ പരിഹരിക്കാനുള്ള ശ്രദ്ധയിൽ അവിടുന്ന് വല്ലാതെ അസ്വസ്ഥനായി. അവർക്ക് സാന്ത്വനത്തിന്റെ കുളിരേകാൻ കഴിയാത്തതിലുള്ള വിഷമം. അപ്പോഴതാ നാലാമതൊരാൽ കടന്നു വരുന്നു. അയാൾ ആവശ്യക്കാരനല്ല. നാല് ഊഖിയ വെള്ളി അടങ്ങുന്ന സമ്മാനവുമായി തിരു നബിയെ കാണാൻ വന്നതാണ്‌. മുത്ത് നബി അത് വേഗം സ്വീകരിച്ചു മൂന്നു പേർക്കും ഓരോന്ന് വീതം സമ്മാനിച്ചു . പക്ഷെ അസ്വസ്ഥത വിട്ടു മാറിയില്ല. രാത്രി സമയം ആയി. മനസ്സിൽ വല്ലാത്ത വേദന. നാലാമത്തെ വെള്ളി കൊടുക്കാൻ ആളെ കിട്ടണം. കുറെ സമയം കാത്തിരുന്നു. പിന്നെ നിസ്കാരത്തിലേക്ക് നീങ്ങി. ശേഷം അൽപ സമയം ഉറങ്ങാൻ കിടന്നു. രണ്ടു തവണ ശ്രമിച്ചു. ഉറക്കം വരുന്നില്ല. നിദ്രാ ശ്രമങ്ങളെ വലിച്ചെറിഞ്ഞു വീണ്ടും ആരാധന യിലേക്ക് നീങ്ങി. ഈ അസ്വസ്ഥത കണ്ട് പ്രിയ തമ ആയിഷ ബീവി യുടെ ചോദ്യം. ” എന്താ ഇത് ? അഖിലാധിപനിൽ നിന്ന് ഭാരിച്ച വല്ല കൽപനകളും വന്നോ ? ” ഉടനെ കാരുണ്യവാന്റെ പ്രത്യുത്തരം. ” അതല്ല ആഇഷാ.. ഈ നാലാമത്തെ വെള്ളി കൊടുക്കാൻ ഒരാളെ കിട്ടുവാൻ ഞാൻ പകൽ മുഴുവൻ കാത്തു . പക്ഷെ കിട്ടിയില്ല. രാത്രി വൈകിയും സ്വീകരിക്കാൻ ഒരാളും വന്നില്ല. ഇതും കയ്യിൽ വെച്ച് ഞാൻ അല്ലാഹു വിനെ കണ്ട് മുട്ടേണ്ടി വന്നാലോ ? അതെനിക്ക് സങ്കല്പ്പിക്കാൻ പോലും പറ്റുന്നില്ല”.
വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുന്നിടത്താണ് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുകയെന്നാണ് നബി (സ) പഠിപ്പിച്ചത്.

ലേഖകൻ : യഹ്‌യ സഖാഫി ആലപ്പുഴ (ഡയറക്ടർ – മർകസ് സഹ്‌റത്തുൽ ഖുർആൻ – ദുബൈ)

error: Content is protected !!