കേരളം

തെച്ചിക്കോട്ട് രാമചന്ദ്രന്‍റെ വിലക്ക്; പൂരങ്ങൾക്ക് ഒറ്റ ആനകളെയും വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് വിലക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഒരു പരിപാടികൾക്കും ആനകളെ പങ്കെടുപ്പിക്കില്ലെന്ന് ആനയുടമകൾ.

ഈ മാസം 11 മുതലാണ് ഈ തീരുമാനം നിലവിൽ വരിക. ഉത്സവങ്ങൾ തകർക്കാനുള്ള ശ്രമമാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും ആനയുടമ സംഘം ഭാരവാഹികൾ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഇതോടെ തൃശൂർ പൂരം ഉൾപ്പടെയുള്ള സംസ്ഥാനത്തെ ഉത്സവങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.

ഉത്സവം നാടിന്‍റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്കരണം തുടരുമെന്നും സംഘടന പറഞ്ഞു.

വനംവകുപ്പ് ഉദ്യോസ്ഥർ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സർക്കാർ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണ്. എല്ലാ ആന ഉടമകളും തീരുമാനത്തിൽ ഒന്നിച്ചു നിൽക്കുമെന്നും ആന ഉടമകളുടെ സംഘടന പറഞ്ഞു.