അബൂദാബി

പ്രവാസികൾക്ക് പെൻഷൻ പദ്ധതിയുമായി യു.എ.ഇ

പ്രവാസികളെ ഇങ്ങനെ പരിഗണിക്കുന്നൊരു രാജ്യം ലോക ഭൂപടത്തിൽ തന്നെ കാണാൻ കഴിയില്ല എന്നത് സത്യം. യു.എ.ഇ യെ മറ്റു രാജ്യങ്ങളിൽ നിന്നും വിത്യസ്തമാക്കുന്നതും ഇതു തന്നെ.

എല്ലാകാലത്തും വ്യത്യസ്തമായ തീരുമാനങ്ങൾ കൊണ്ട് പ്രവാസികളെയും സ്വദേശികളെയും ഒരുപോലെ പരിഗണിക്കുകയാണ് യുഎഇ.

ഇപ്പോഴിതാ വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് യുഎഇ ഭരണകൂടം ആലോചിക്കുകയാണ്.

നിലവിലുള്ള ഗ്രാറ്റുവിറ്റിക്ക് പകരം പങ്കാളിത്ത രീതിയിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാവാന്‍ പ്രവാസി തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്ന പദ്ധതിയാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസിന്റെ പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ ജോലി ചെയ്ത വര്‍ഷം കണക്കാക്കി ലഭിക്കുന്ന ഗ്രാറ്റുവിറ്റിയാണ് പ്രവാസികള്‍ക്ക് ലഭിക്കുക. ഇതിന് പകരം പെന്‍ഷന്‍ പദ്ധതി കൂടെ കൊണ്ടുവരാനാണ് ധാരണ.

എന്നാല്‍ ഇതിൽ താല്‍പര്യമുള്ളവര്‍ മാത്രം അംഗമായാല്‍ മതിയാവും അംഗമാവാത്തവര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തും.

ഇത് നടപ്പിലായാല്‍ ആദ്യമായിട്ടായിരിക്കും ഒരു ഗള്‍ഫ് രാജ്യത്ത് പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി തുടങ്ങുന്നത്.

വിവിധ സ്ഥാപനങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായുമൊക്കെ ഇതിനായുള്ള ചര്‍ച്ചകള്‍ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് നടത്തിക്കഴിഞ്ഞു.