കായികം

പാക് പടയെ ഓസീസ് 41 റൺസിന് തോൽപ്പിച്ചു

ലോകകപ്പിൽ പാകിസ്താനെതെതിരെ ഓസ്ട്രേലിയക്ക് 41 റൺസ് വിജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പാകിസ്താൻ 26 പന്തുകൾ ശേഷിക്കെ 266 റൺസിന് എല്ലാവരും പുറത്തായി. 75 പന്തിൽ 53 റൺസ് എടുത്ത ഓപ്പണർ ഇമാൻ ഉൾ ഹക്കാണ് പാക് നിരയിൽ ടോപ് സ്കോറർ. മുഹമ്മദ് ഹഫീസ് 46 റൺസും വഹാബ് റിയാസ് 45 റൺസും സർഫറാസ് അഹമ്മദ് 40 റൺസും ഹസൻ അലി 32 റൺസും എടുത്തു.

ഓസ്ട്രേലിയക്കായി കമിൻസ് 10 ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ എടുത്തു. മിച്ചൽ സ്റ്റാർക്, റിച്ചാഡ്സൺ എന്നിവർ രണ്ട് വീതവും കോൾട്ടർ നീൽ, ആരോൺ ഫിഞ്ച് എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു. സെഞ്ചുറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായ വാർണറാണ് മാൻ ഓഫ് ദി മാച്ച്.

നേരത്തെ സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെയും അർധ സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചിന്റെയും പിൻബലത്തിലാണ് ഓസ്ട്രേലിയ 307 റൺസ് നേടിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരക്കും വാലറ്റത്തിനും കഴിയാതെ പോയതോടെയാണ് ഓസ്ട്രേലിയൻ സ്കോർ 307ൽ ഒതുങ്ങിയത്.

അവസാന ഓവറുകളിൽ പാക് ബോളിങ്ങിന് മുന്നിൽ കളിമറന്ന ഓസ്ട്രേലിയക്കായി ഒന്നാം വിക്കറ്റിൽ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന് 146 റൺസാണ് ഓസ്ട്രേലിയക്കായി കുറിച്ചത്. വാർണർ 111 പന്തിൽ 107 റൺസും ഫിഞ്ച് 84 പന്തിൽ 82 റൺസും എടുത്തു. മാക്സ്വെൽ (30), ഷോൺ മാർഷ് ( 23), ഉസ്മാൻ ഖവാജ ( 18), അലക്സ് കാരി (20) എന്നിവർക്ക് കാര്യമായ സംഭാവന നൽകാനായില്ല.
പാകിസ്താനായി മുഹമ്മദ് ആമിർ 10 ഓവറിൽ 30 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇതോടെ ഈ ലോകകപ്പിൽ വിറ്റക്ക് വേട്ടക്കാരുടെ പട്ടികയിൽ ആമിർ മുന്നിലെത്തി. ഷഹീൻ അഫ്രീദി രണ്ടും ഹസൻ അലി, വഹാബ് റിയാസ്, മിഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്റ്റ് വീതവും വീഴ്ത്തി.