ദുബായ്

മാറഞ്ചേരി തണ്ണീർ പന്തൽ മുഖ്യ രക്ഷാധികാരി ശ്രീ എൻ. കെ. ഇബ്രാഹിമിന് യാത്രയയപ്പ് നൽകി

നാൽപതു വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന മലപ്പുറം ജില്ലയിലെ മാറഞ്ചേരി തണ്ണീർ പന്തൽ മുഖ്യ രക്ഷാധികാരി എൻ.കെ ഇബ്രാഹിമിന് ഉചിതമായ യാത്രയയപ്പു നൽകി. മാറഞ്ചേരി തണ്ണീർ പന്തലിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ പുതു തലമുറയ്ക്ക് എന്നും പ്രചോദനമായി നിലകൊണ്ട ഒരു വ്യക്തിയായിരുന്നു എൻ. കെ. ഇബ്രാഹിം. ദുബായിയിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ ബഷീർ സിൽസില എൻ. കെ. ഇബ്രാഹിമിനെ പൊന്നാട അണിയിക്കുകയും ലത്തീഫ് കൊട്ടിലുങ്ങൽ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

1979 സൗദി അറേബ്യായിൽ ആരംഭിച്ച എൻ. കെ. ഇബ്രാഹിമിന്റെ പ്രവാസ ജീവിതമാണ് നാൽപത് വർഷങ്ങൾക്ക് ശേഷം യു എ ഇ യിൽ അവസാനിക്കുന്നത് . പതിനെട്ടു വർഷം സൗദിയിലെ അഹമദ് ഹമ്മദ് അൽ ഗുസൈബി ഗ്രൂപ്പിന്റെ സൗദി യുണൈറ്റഡ്‌ ഇൻഷുറൻസ് കമ്പനിയിൽ ജോലിചെയ്ത ഇബ്രാഹിം അവരുടെതന്നെ യു എ ഇ ഡിവിഷനായ നോർത്തേൺ ഇൻഷുറൻസ് കമ്പനിയിലേക്ക് മാറിയതോടെയാണ് യു എ ഇ ൽ എത്തുന്നത്. ഇരുപത്തിരണ്ടു വർഷം യു എ ഇ ൽ കഴിഞ്ഞ എൻ. കെ. ഇബ്രാഹിം ഇപ്പോൾ റോയൽ അലയൻസ് (ആർ .എസ്. എ.) ഇൻഷുറൻസ് കമ്പനിയിൽ നിന്നാണ് വിരമിക്കുന്നത്.

യാത്രയയപ്പു ചടങ്ങിൽ സുധീർ മന്നിങ്ങയിൽ, നിയാസ് എൻ .കെ, അലി മന്നിങ്ങയിൽ , കമറുദ്ധീൻ താമലശ്ശേരി , ഷുക്കൂർ മന്നിങ്ങയിൽ , ഷമീം മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തന്റെ നാൽപതു വർഷത്തെ പ്രവാസ ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള എൻ. കെ. ഇബ്രാഹിമിന്റെ മറുപടി പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. പ്രവാസ ജീവിതത്തോട് വിടപറഞ്ഞെങ്കിലും സ്വന്തം നാട്ടിൽ തണ്ണീർ പന്തലിന്റെ എല്ലാ പ്രവർത്തനങ്ങളിലും എന്നും മുന്നിൽ തന്നെയുണ്ടാകുമെന്നു അദ്ദേഹം ഉറപ്പു നൽകി.