കായികം

ലോകകപ്പ് ക്രിക്കറ്റ്; ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ബംഗ്ലാദേശ്

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ 309 റൺസ് എടുക്കാനെ സാധിച്ചുള്ളു. 21 റൺസിനാണ് ബംഗ്ലാദേശിന്റെ വിജയം. ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം നേടുന്നത്. നേരത്തെ 2007 ലോകകപ്പിൽ അവർ ദക്ഷിണാഫ്രിക്കയെ 67 റൺസിന് പരാജയപ്പെടുത്തിയിരുന്നു.

അർധ സെഞ്ചുറിയ നേടിയ ഫാഫ് ഡുപ്ലെസിയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ടോപ്പ് സ്കോറർ. 53 പന്തിൽ ഡുപ്ലെസി 62 റൺസ് നേടി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിങ്സ്. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്ക് 23 റൺസും എയ്ഡൻ മാർക്രം 45 റൺസും നേടി. ഡേവിഡ് മില്ലർ 38 റൺസും റാസി വാൻ ഡർഡസൻ 41 റൺസും ജെ.പി ഡുമിനി 45 റൺസും നേടി.

10 ഓവറിൽ 67 റൺസ് വഴങ്ങി ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. എട്ട് ഓവറിൽ 57 റൺസ് വഴങ്ങി മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസ്സൻ, ഷാകിബ് അൽ ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഒന്നാം ഇന്നിങ്സിൽ ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ ബംഗ്ലാദേശ് വെച്ചത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിലും ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന സ്കോർ ആണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ പോലും പതറിയില്ല. ഇമ്രാൻ താഹിറും കാഗിസോ റബാദേയും ലുങ്കി എൻഗിഡിയും ഫെലുക്വായും അടങ്ങുന്ന ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയെ അവർ അനായാസം നേരിട്ടു. ഓപ്പണിങ് വിക്കറ്റിൽ തന്നെ പിറന്നത് 60 റൺസിന്റെ കൂട്ടുകെട്ട്. ഇത് അടിത്തറയായി. 16 റൺസെടുത്ത തമീം ഇഖ്ബാലിനെ പുറത്താക്കി ഫെലുക്വായോ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ സൗമ്യ സർക്കാറും ക്രീസ് വിട്ടു. അപ്പോഴേക്കും 30 പന്തിൽ സൗമ്യ 42 റൺസ് അടിച്ചിരുന്നു.

പിന്നീടാണ് ബംഗ്ലാദേശിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ ഷാക്കിബുൽ ഹസനും മുഷ്ഫിഖുർ റഹീമും ഒത്തുചേർന്നു. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 142 റൺസിന്റെ റെക്കോഡ് കൂട്ടുകെട്ട്. ലോകകപ്പിൽ ബംഗ്ലാദേശ് നേടുന്ന ഏറ്റവുയർന്ന പാർട്ണർഷിപ്പ് സ്കോർ ആണിത്. ഷക്കീബ് 84 പന്തിൽ 75 റൺസ് നേടിയപ്പോൾ 80 പന്തിൽ 78 റൺസായിരുന്നു മുഷ്ഫിഖുറിന്റെ സംഭാവന.

പിന്നീട് അവസാന ഓവറുകളിൽ മൊസദെക് ഹുസൈനും മഹ്മൂദുള്ളയും അടിച്ചുതർത്തു. മൊസദെക് 20 പന്തിൽ 26 റൺസ് നേടിയപ്പോൾ മഹ്മദൂള്ള ആയിരുന്നു കൂടുതൽ അപകടകാരി. 33 പന്തിൽ പുറത്താകാതെ മൂന്നു ഫോറും ഒരു സിക്സും സഹിതം 46 റൺസാണ് മഹ്മൂദുള്ള നേടിയത്.

റബാദ 10 ഓവറിൽ 57 റൺസ് വഴങ്ങിയപ്പോൾ ഫെലുക്വായൊ വഴങ്ങിയത് 52 റൺസ് ആണ്. ക്രിസ് മോറിസ് 73 റൺസ് വിട്ടുകൊടുത്തു. ഇമ്രാൻ താഹിർ 57 റൺസ് വഴങ്ങി. നാല് ഓവർ മാത്രം എറിഞ്ഞ എൻഗിഡി പരിക്കേറ്റ് ഗ്രൗണ്ട് വിട്ടതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി

error: Content is protected !!