കായികം

ഇന്ത്യയുടെ യുവി ക്രിക്കറ്റിൽ നിന്നും വിടവാങ്ങി

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് യുവി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.

2000 മുതൽ 2017 വരെ നീണ്ട 17 വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്.

വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കാൻ യുവ്രാജ് സിങ് ബി.സി.സി.ഐയെ സമീപിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു.

ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിർണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പിൽ 362 റൺസും 15 വിക്കറ്റും നേടിയ യുവ്രാജായിരുന്നു ടൂർണമെന്റിലെ താരം. പ്രഥമ ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവർട്ട് ബ്രോഡിന്റെ ഓരോവറിലെ ആറു പന്തും സിക്സറിന് പറത്തിയ യുവിയുടെ ബാറ്റിങ് വിസ്ഫോടനം ഇന്നും ആരാധകർ മറന്നിട്ടില്ല.

ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റൺസ് നേടി. 58 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1177 റൺസാണ് സമ്പാദ്യം

ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരങ്ങൾ മത്സര ശേഷം വിരമിക്കുകയാണ് പതിവ്‌ അതിനോരവസരം നൽകാതെയാണ് യുവിയുടെ വിടവാങ്ങൽ മുൻപും വീരേന്ദ്ര സേവാഗിനും ഗൗതം ഗംഭീറിനും ഇത്തരം വിടവാങ്ങലുകൾക്കാണ് വഴിയൊരുങ്ങിയിട്ടുള്ളത്

error: Content is protected !!