അബൂദാബി

വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ് ; അബുദാബിയിൽ നിന്നും ബുധനാഴ്ച പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുന്നു.

രോഗികളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള ഇരുനൂറോളം യാത്രക്കാർ അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ (ബുധൻ) രാത്രി 9.10ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ എക്സ് 538വിമാനമാണ് സാങ്കേതിക തകരാറ് മൂലം മുടങ്ങിയത്.

ഇന്നലെ രാത്രി ഏറെ വൈകിയിട്ടും വിമാനം പുറപ്പെടാതെയായപ്പോൾ യാത്രക്കാർ ബഹളം വച്ചതിനെത്തുടന്ന് പുലർച്ചെ 2.30ന് ഹോട്ടലിൽ താമസ സൗകര്യമൊരുക്കുകയും ഭക്ഷണം നൽകുകയും ചെയ്തു.കുറച്ചു യാത്രക്കാർ തങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് മടങ്ങി.തുടർന്ന് ഇന്ന് വിമാനം വൈകിട്ട് 3.30ന് പുറപ്പെടുമെന്നും തുടർന്ന് 5.30നാണ് പുറപ്പെടുകയെന്നും യാത്രക്കാരെ അറിയിച്ചു. എന്നാൽ ഇതുവരെയും വിമാനം പുറപ്പെട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.വിമാനം എപ്പോൾ പുറപ്പെടുമെന്ന് കൃത്യമായ ഉത്തരം നൽകാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് ഇന്നു രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരും എയർ ഇന്ത്യാ അധികൃതരും തമ്മിൽ വാക്കേറ്റമുണ്ടായി.

20 മണിക്കൂറിലേറെ കഴിഞ്ഞിട്ടും വിമാനം പുറപ്പെടുന്ന കാര്യത്തിൽ തീരുമാനമാകാത്തത് യാത്രക്കാരോട് ചെയ്യുന്ന അനീതിയാണെന്നും പലരും പരാതിപ്പെട്ടു.