അബൂദാബി

പ്രത്യാശകൾ നിറഞ്ഞ ബജറ്റ് – പ്രശാന്ത് മങ്ങാട്ട് (എക്സിക്യൂട്ടീവ് ഡയറക്ടർ & സി.ഇ.ഒ – എൻ.എം.സി. ഹെൽത്ത്)

 

ഏതു സങ്കീർണ്ണ സാമ്പത്തിക സാഹചര്യത്തിലും മികച്ച സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന ഇന്ത്യൻ പ്രതീക്ഷകളുടെ സമാഹാരമാണ് രണ്ടാമത് മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ്. അഞ്ച് വർഷങ്ങൾക്കുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ എന്ന സ്വപ്നസംഖ്യ ലക്‌ഷ്യം വെക്കുമ്പോൾ, വൻ സമ്പന്നരിൽ നിന്ന് സൂപ്പർ റിച്ച് ടാക്സ് തുടങ്ങി സാധാരണക്കാരിൽ നിന്ന് ഇന്ധന സെസ് വരെ ഏർപ്പെടുത്തിക്കൊണ്ട് എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര നേട്ടങ്ങളെ ലോകകമ്പോളത്തിൽ ഉപയോഗപ്പെടുത്താനും സാങ്കേതിക മാനേജ്‌മന്റ് വൈദഗ്ധ്യമുള്ള യുവസംരംഭകരെ സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ വഴി പ്രോത്സാഹിപ്പിക്കാനും നിർദ്ദേശിക്കുന്ന ബജറ്റ്, കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടത്ര ഊന്നൽ നല്കിയില്ലെങ്കിലും ഗ്രാമീണരടക്കം മുഴുവൻ പേർക്കും വീട്, ജലം, വൈദുതി എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ത്രിതല പഞ്ചായത്ത് കാര്യാലയങ്ങളത്രയും ഇന്റർനെറ്റ് കണക്‌ഷൻ എത്തിക്കുകയെന്നതും നല്ല സാധ്യതയാണ്. ആയുഷ്‌മാൻ ഭാരത് ഉൾപ്പെടെ ആരോഗ്യരംഗത്തെ ഊന്നലും സ്ത്രീകൾക്ക് നൽകിയ പ്രത്യേക പരിഗണനകളും ആശാവഹം. വിലക്കയറ്റം തടയാനും സാധാരണക്കാരുടെ ജീവിതച്ചിലവുകൾ അനായാസമാക്കാനും സാധിക്കുന്നോ എന്നതും സുപ്രധാനമാണ്. പൊതുവെ ഓഹരിവിപണിയിലും മറ്റും ഗുണപരമായ ഉണർവുണ്ടാക്കുന്ന ബജറ്റാണിതെന്നും പ്രശാന്ത് മങ്ങാട്ട് അഭിപ്രായപ്പെട്ടു.