ദുബായ്

കേന്ദ്ര ബജറ്റ് നിക്ഷേപങ്ങൾക്ക് പ്രോത്സാഹനപരം

പ്രമോദ് മാങ്ങാട്ട് (ഗ്രൂപ്പ് സി.ഇ.ഒ – ഫിനാബ്ലർ)
വിദേശ തദ്ദേശ നിക്ഷേപങ്ങളോടുള്ള ഉദാരസമീപനവും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള സ്വകാര്യനിക്ഷേപ ക്ഷണവും വഴി രാജ്യത്തിൻറെ സാമ്പത്തിക വളർച്ചക്ക് പുതിയ കുതിപ്പ് നല്കാനാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഊന്നൽ നൽകുന്നതെന്ന് ഒറ്റനോട്ടത്തിൽ വിലയിരുത്താമെന്ന് ഫിനാബ്ലർ സി.ഇ.ഒ.യും യൂനിമണി – യു.എ.ഇ. എക്സ്ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. സ്വകാര്യ -പൊതുമേഖലാ സഹകരണം ശക്തിപ്പെടുത്തുന്നതോടൊപ്പം ഡിജിറ്റൽ ഇന്ത്യ സംരംഭങ്ങൾക്ക് നല്കിയ പ്രാധാന്യവും ക്യാഷ്‌ലെസ്സ് ഡിജിറ്റൽ പേയ്മെൻറ്സ് സുഗമമാക്കുന്നതും വളരെ സ്വാഗതാർഹമാണ്. ഒരു കോടി രൂപയ്ക്കു മേൽ പണം പിൻവലിക്കുമ്പോൾ 2 ശതമാനം ലെവി ഏർപ്പെടുത്താനുള്ള തീരുമാനം കറൻസി നോട്ടിടപാടുകൾ കുറക്കാനും അതുവഴി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിഹിപ്പിക്കാനും ഇടയാക്കും. ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും ബാധ്യതകൾ വരാത്ത വിധം പെയ്മെന്റ് ഇൻഫ്രാ സ്ട്രക്ച്ചർ നവീകരിക്കാനും ഇത് സഹായിക്കും.
ഭാരത് നെറ്റ് പോലുള്ള പദ്ധതികളിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങൾ അടക്കം എല്ലായിടത്തും ഇന്റർനെറ്റ് സാർവത്രികമാക്കാനുള്ള നീക്കവും നല്ല ഫലങ്ങളുണ്ടാക്കും. രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭക മേഖലക്ക് ആക്കം കൂട്ടുന്ന വിധത്തിൽ എയ്ഞ്ചൽ ടാക്സ് ഉപാധികൾ മാറ്റം വരുത്തുമെന്ന പ്രഖ്യാപനവും പ്രതീക്ഷക്കു വകനല്കുന്നുണ്ട്.