ദുബായ്

സൗജന്യ ബസ് ടൂർ ; എക്സ്‌പോ 2020 വേദി കാണാൻ യു.എ.ഇ.യിലെ പൊതുജനങ്ങൾക്കും അവസരമൊരുക്കി എക്സ്‌പോ അധികൃതർ

ലോക എക്സ്‌പോ 2020-യുടെ നിർമാണത്തിലിരിക്കുന്ന പ്രധാന വേദി സന്ദർശിക്കാൻ യു.എ.ഇ.യിലെ പൊതുജനങ്ങൾക്കും അവസരം. ‘ ദ വേൾഡ്‌സ് ഗ്രേറ്റസ്റ്റ് ഷോ ‘എന്ന്പേരിട്ടിരിക്കുന്ന സൗജന്യ ബസ് ടൂർ ആണ് ഈ വേനൽക്കാലത്ത് എക്സ്‌പോ അധികൃതർ പൊതുജനങ്ങൾക്കായി  ഏർപ്പെടുത്തിയിരിക്കുന്നത്. ജൂലായ് 20-നും ഓഗസ്റ്റ് 31-നുമിടയിലാണ് സൗജന്യ ബസ് ടൂർ സംഘടിപ്പിക്കുന്നത്. എക്സ്‌പോ കോച്ചുകൾ ദുബായ് മാൾ, അബുദാബി മാൾ, ഷാർജ, വടക്കൻ എമിറേറ്റുകൾ തുടങ്ങി യു.എ.ഇ.യിലുടനീളമുള്ള സ്ഥലങ്ങളിൽനിന്ന് സന്ദർശകരെ എടുക്കും.തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞും ശനിയാഴ്ച മുഴുവൻ സമയവും ആയിരിക്കും സൗജന്യ ബസ് ടൂർ ഉണ്ടാവുക.ഉത്സവപ്രതീതിയുണർത്തുന്ന ബസിൽ വിവിധ വിനോദപരിപാടികളും ഉണ്ടായിരിക്കും.വേൾഡ് എക്സ്‌പോയുടെ ചരിത്രത്തിലൂടെ രസകരമായ യാത്രാനുഭവമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, ഭക്ഷണശാലകൾ, വിനോദകേന്ദ്രങ്ങൾ, എന്നിവയും സന്ദർശിക്കാം. യു.എ.ഇ. നിവാസികൾക്ക് എക്സ്‌പോ 2020-യുടെ രൂപഘടനയെക്കുറിച്ച് മുൻകൂട്ടിയറിയാനും ആസ്വദിക്കാനും അഭുതപൂർവമായ അവസരമാണ് കൈവന്നിരിക്കുന്നതെന്ന് എക്സ്‌പോ 2020 ചീഫ് കമ്യൂണിറ്റി എൻഗേജ്‌മെന്‌റ് ഓഫീസർ മനൽ അൽബയാത്ത് പറഞ്ഞു.സമയം, പിക്കപ്പ് ലൊക്കേഷൻ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്ക് ചെയ്യുന്നതിനും എക്സ്‌പോ 2020-യുടെ വെബ്‌സൈറ്റ് സന്ദർശിക്കാം.മതിയായ തിരിച്ചറിയൽ രേഖയുള്ള യു.എ.ഇ. നിവാസികൾക്ക് ഇതിന്റെ ഭാഗമാകാം.