ഷാർജ

വഴിയോര ഫോൺ റീച്ചാർജ്ജ്‌ സംഘങ്ങളെ പിടി കൂടി ഷാർജ പോലീസ്

മൊബൈൽ ഫോൺ വഴിയുള്ള തട്ടിപ്പുകൾ തടയുന്നതിന് ഊർജിതമായ ശ്രമങ്ങളാണ് പോലീസ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് പിടിയിലായിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് വഴിയരികിലും റോഡിന് വശങ്ങളിലുമെല്ലാംനിന്ന് മൊബൈൽ ഫോൺ പ്രീപെയ്ഡ് റീചാർജ് ചെയ്യുന്ന സംഘങ്ങളെ പോലീസ് പിടികൂടിയത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏഷ്യൻവംശജരായ 37 ആളുകളാണ് ഇത്തരത്തിൽ പോലീസ് പിടിയിലായത്. അഞ്ചും പത്തും ദിർഹത്തിനാണ് സംഘം പൊതുവെ റീചാർജ് ചെയ്യാറുള്ളത്. 25, 30 ദിർഹത്തിന്റെ റീചാർജ് കാർഡുകളാണ് ടെലികോം സേവനദാതാക്കൾ സാധാരണയായി പുറത്തിറക്കാറുള്ളത്. അതുകൊണ്ട് തന്നെ ചെറിയ തുകയുടെ റീചാർജ് ചെയ്യാൻ നിരവധിപ്പേരെ ലഭിക്കുമെന്നതും ഇത്തരത്തിലുള്ള ഇടപാടുകൾ ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കാൻ കാരണമായി.

പോലീസ് പിടിയിലായവരിൽ അധികവും അനധികൃത താമസക്കാരാണെന്ന് ഷാർജ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻവിഭാഗം ഡയറക്ടർ കേണൽ ഇബ്രാഹിം അൽ അജിൽ പറഞ്ഞു.മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നവർ നടന്നുപോകുന്നവരോടും ഇടറോഡുകളിൽ വാഹനത്തിൽ പോകുന്നവരോടും റീചാർജ് ചെയ്യാൻ ആവശ്യപ്പെടാറുണ്ടെന്ന് നിരവധിപ്പേർ വ്യക്തമാക്കിയിരുന്നു.രാത്രി വൈകിയും താമസകേന്ദ്രങ്ങൾക്ക് സമീപം ഇത്തരത്തിലുള്ളവരെ കാണാൻ കഴിയാറുണ്ട്. സ്വദേശിവനിതയുടെ മൊബൈൽ ഫോണിൽനിന്നും 3800 ദിർഹം മൊബൈൽ ബാലൻസ് മറ്റൊരു ഫോണിലേക്ക് മാറ്റിയ സംഭവം ഈയിടെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.ലക്ഷങ്ങൾ സമ്മാനമായി ലഭിച്ചതായും അതിന്റെ നടപടിക്രമങ്ങൾക്കായുള്ള തുകയെന്നോണമാണ് 3800 ദിർഹം മൊബൈൽ ബാലൻസ് എന്ന തരത്തിൽ ആവശ്യപ്പെട്ടാണ് സംഘം പണം അപഹരിച്ചത്. ഇത്തരത്തിൽ കബളിപ്പിച്ച് നേടുന്ന പണമാണ് പലർക്കും മൊബൈൽ ഫോൺ ബാലൻസായി അഞ്ചും പത്തും ദിർഹത്തിന് ലഭ്യമാക്കുന്നതെന്ന് ഷാർജ കോടതി അറിയിച്ചു.അഞ്ഞൂറ് ദിർഹം മുതൽ 30,000 ദിർഹത്തിന്റെവരെ മൊബൈൽ ബാലൻസ് ഇത്തരത്തിൽ നഷ്ടമായവരുണ്ട്.