ദുബായ്

17 റൂട്ടുകളിലേക്ക് 94 പുതിയ ബസുകളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി

ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) 17 റൂട്ടുകളിലേക്ക് പുതിയ 94 ബസുകൾ പുറത്തിറക്കി. ഒപ്റ്റെയർ ബ്രാൻഡിന്റെ യൂറോ 5 വിഭാഗം ബസുകളാണ് നിരത്തിലിറക്കിയത്. ഇത്തരം ബസുകൾ യു എ ഇയിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്.ബസുകൾ വലുപ്പത്തിൽ താരതമ്യേന ചെറുതാണ്. 32 പേർക്ക് ഇരുന്നും ഒൻപത് പേർക്ക് നിന്നും യാത്രചെയ്യാം. എട്ട് സീറ്റുകൾ രൂപമാറ്റം വരുത്താവുന്ന സീറ്റ് ബെൽറ്റോട് കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്.ദുബായ് ആർ.ടി.എ. ഡയറക്ടർ ജനറലും ചെയർമാനുമായ മത്തർ അൽ തായിർ ആണ് ബസുകൾ നിരത്തിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോക നിലവാരത്തിലുള്ളതാണ് ആർ.ടി.എ അവതരിപ്പിക്കുന്ന പുതിയ ബസുകൾ.കാർബൺ പുറന്തള്ളൽ കുറവാണ്. ബസിനകത്ത് വൈ ഫൈ, മൊബൈൽ ഫോൺ ചാർജിങ് സൗകര്യങ്ങൾ എന്നിവയുണ്ട്. 2030 ആകുമ്പോഴേക്കും പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം 26 ശതമാനമാക്കി ഉയർത്താനാണ് ദുബായ് ആർ.ടി.എ.ലക്ഷ്യമിടുന്നത്. ഇതിനായി ഘട്ടംഘട്ടമായി കൂടുതൽ ബസുകൾ നിരത്തിലിറക്കും. ചടങ്ങിൽ പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി.ഇ.ഓ. അഹമ്മദ് ഹാഷിം ബഹ്‌റോസ്യാൻ, അൽ നബൂദാ എന്റർ പ്രൈസസ് എം.ഡി. സുവൈദാൻ സയീദ് അൽ നബൂദ തുടങ്ങിയവർ പങ്കെടുത്തു.