Uncategorized അന്തർദേശീയം അബൂദാബി ഇന്ത്യ കേരളം

ദുരിത മഴ ; കൊച്ചി എയർപോർട്ട് താൽകാലികമായി അടച്ചതോടെ നാട്ടിൽ പെരുന്നാൾ കൂടാൻ ടിക്കറ്റ് എടുത്ത ഗൾഫ് പ്രവാസികൾ ആശങ്കയിൽ

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളം അടച്ചതോടെ നിരവധി പ്രവാസികള്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗള്‍ഫിലെ പെരുന്നാള്‍ അവധികൂടി കണക്കിലെടുത്ത് മുന്‍കൂട്ടി ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാനിരുന്നവരെയാണ് ഓര്‍ക്കാപ്പുറത്തുണ്ടായ പ്രകൃതിക്ഷോഭം പെരുവഴിയിലാക്കിയത്. കൊച്ചിയില്‍ എത്തേണ്ടിയിരുന്ന നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ ഓഗസ്റ്റ് 14 മുതല്‍ 19 വരെ കൊച്ചി വിമാനത്താവളം അടച്ചിടേണ്ടിവന്നിരുന്നു. ഇതിനുശേഷം കോടിക്കണക്കിന് രൂപ ചിലവഴിച്ച് അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഇന്നലെ രാത്രിയോടെ വിമാനത്താവളത്തില്‍ വീണ്ടും വെള്ളം കയറി. ആദ്യം ഇന്നലെ രാത്രി 12 മണി വരെയും പിന്നീട് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി വരെയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഒന്‍പത് മണിക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനാവുമെന്നായിരുന്നു പ്രതീക്ഷ. ഇതനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്ന നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തു.