കേരളം

കേരളത്തിൽ മഴക്കെടുതിയിൽ മരണം 45 ആയി

കേരളത്തിൽ മഴക്കെടുതിയിൽ മരണം 45 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ടാണ് ഇത്രയും പേർ മരിച്ചത്. ഉരുൾപൊട്ടലുണ്ടായ നിലമ്പൂർ കളവപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഫലപ്രദമായി പുനാരംഭിച്ചിട്ടില്ല. ഹെലികോപ്റ്ററിൽ പോലും സൈന്യത്തിന് പ്രദേശത്തേക്ക് എത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

അതേസമയം, ബാണാസുരസാഗർ ഡാം ഇന്ന് തുറക്കും. വൈകീട്ട് മൂന്ന് മണിയോടെയാണ് ഡാം തുറക്കുക. മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക. ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.

ഇന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 204 മില്ലിമീറ്റർ വരെ വരുന്ന അതിതീവ്രമഴയ്ക്ക് സാധ്യതയുളളതായി പ്രവചിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാമെന്നതിനാൽ ഇന്നു നാളയും മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകൾ 3.2 മുതൽ 3.7 മീറ്റർവരെ ഉയരാം.

മുൻവർഷവും സമാനമായ കനത്ത മഴപെയ്തിരുന്നുവെങ്കിലും ഇപ്രാവശ്യം മേഖലകൾ മാറി. ഇടുക്കി, പത്തനംതിട്ട, തൃശൂർ, എറണാകുളം ജില്ലയിലാണ് കഴിഞ്ഞവർഷം മഴ കൂടുതലായി പെയ്തത്. ഇത്തവണ വയനാട്, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിലാണ് കൂടുതൽ മഴപെയ്തത്. 2018 ഓഗസ്റ്റ് എട്ടിനും ഇവിടങ്ങളിൽ മഴപെയ്തിരുന്നു. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ മേഖലകളിൽ ഇപ്പോൾ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്.

error: Content is protected !!