കേരളം

കേരളത്തിൽ മഴയുടെ ശക്തി ഭാഗികമായി കുറയുന്നു, വടക്കൻ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു, മരിച്ചവരുടെ എണ്ണം 63 ആയി,

സംസ്ഥാനത്ത് പ്രളയക്കെടുതി തുടരുന്നു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. സംസ്ഥാനത്ത് 63 പേരാണ് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചത്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,400 കുടുംബങ്ങളിലെ 1,65,519 പേരാണ് കഴിയുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിൽ കഴിയുന്നത്. ശക്തമായ മഴയിലും കാറ്റിലും മലവെള്ളപ്പാച്ചിലിലും വെള്ളക്കെട്ടിലുംപെട്ട് സംസ്ഥാനത്താകെ 198 വീടുകള്‍ പൂര്‍ണമായും 2303 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി അധികൃതർ വ്യക്തമാക്കുന്നു.കവളപ്പാറയിലും വയനാട് പുത്തുമലയിലും അൽപസമയിത്തിനകം മണ്ണിനടിയിൽപെട്ടവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കും. കവളപ്പാറയിൽ തെരച്ചിലിനായി സൈന്യമെത്തും.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കന്‍ ജില്ലകളില്‍ കനത്ത മഴക്ക് സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ ഇതു മൂലം മഴ ശക്തമാകില്ലെന്നാണ് വിലയിരുത്തലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.